fbwpx
"കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടവർ മാവോയിസ്റ്റുകളോ വനത്തിൽ അതിക്രമിച്ച് കയറിയവരോ അല്ല, വനമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരം"
logo

ന്യൂസ് ഡെസ്ക്

Posted : 12 Feb, 2025 12:18 PM

ജനങ്ങളെ സർക്കാർ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും നടപടിയെടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

KERALA


വയനാട് അട്ടമലയിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായതിന് പിന്നാലെ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ജനങ്ങളെ സർക്കാർ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും നടപടിയെടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കാടിനകത്താണ് ആക്രമണങ്ങൾ നടക്കുന്നതെന്ന വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ്റെ പ്രസ്താവന തെറ്റാണെന്നും വി.ഡി. സതീശൻ പറഞ്ഞു.


ആദിവാസികൾ അല്ലാത്തവർ എന്തിനാണ് വനത്തിനകത്ത് പ്രവേശിക്കുന്നതെന്ന എ.കെ. ശശീന്ദ്രൻ്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. കാടിനകത്ത് ഒന്നോ രണ്ടോ സംഭവങ്ങൾ മാത്രമാണുണ്ടായതെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ബാക്കി ആക്രമണങ്ങളെല്ലാം കാടിനു പുറത്താണ്. ആന ചവിട്ടിക്കൊന്നവർ മാവോയിസ്റ്റുകളോ, വനത്തിലേക്ക് അതിക്രമിച്ച് കയറിയവരോ അല്ല. അതിനാൽ ആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് നിയമവിരുദ്ധമാണെന്ന വനമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.


ALSO READ: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണം; വയനാട് അട്ടമലയില്‍ യുവാവ് കൊല്ലപ്പെട്ടു


ഉൾക്കാട്ടിൽ ആനകൾക്ക് ഭക്ഷണം ഒരുക്കകയും റെസ്പോണ്സ് ടീമിനെ അടിയന്തിരമായി നിയമിക്കുകയും വേണം. വന്യജീവി ആക്രമണങ്ങളിൽ യോഗം നടക്കുന്നതല്ലാതെ ഫലമുണ്ടാകുന്നില്ല. അപകടം നടന്ന ഇടങ്ങളിലെങ്കിലും റാപിഡ് റസ്പോൺസ് ടീമിനെ വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.


ആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു എ.കെ. ശശീന്ദ്രൻ്റെ പ്രസ്താവന. അവർ എന്തിനാണ് വനത്തിൽ എത്തുന്നതെന്ന് പരിശോധിക്കണമെന്നും വനമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞദിവസം നടന്ന വന്യജീവി ആക്രമണങ്ങൾ എവിടെയാണെന്ന് പരിശോധിക്കണം. എന്നാൽ മരണമുണ്ടായാൽ സാങ്കേതികത്വം നോക്കില്ലെന്നും വനം മന്ത്രി വ്യക്തമാക്കി.

വന്യജീവി ആക്രമണത്തിൽ സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ഉച്ചയ്ക്ക് ചേരുന്ന ഉന്നതതലയോഗം വിഷയത്തിൽ അടിയന്തര നടപടികൾ ആലോചിക്കുമെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു. വന്യജീവി ആക്രമണമുണ്ടായാൽ സർക്കാർ വേണ്ടതെല്ലാം ചെയ്യും ആക്രമണമുണ്ടായാൽ സാങ്കേതിക വിഷയങ്ങൾ നോക്കാതെ എല്ലാവർക്കും ആവശ്യമായ സഹായം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ALSO READ: വന്യജീവി ആക്രമണത്തിൽ സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്, ഉന്നതതല യോഗത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കും: എ.കെ. ശശീന്ദ്രൻ


അതേസമയം വയനാട്ടില്‍ കാട്ടാനയാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വെള്ളരിമല വില്ലേജിലെ അട്ടമല ഭാഗത്ത് എറാട്ട് കുണ്ട് ഉന്നതിയില്‍ കറുപ്പന്റെ മകന്‍ ബാലന്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

പ്ലാന്റേഷനില്‍ സാധാരണ പോകുന്ന വഴിയില്‍ നിന്ന് മാറി മറ്റൊരു വഴിയില്‍ കൂടി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കാട്ടാനയാക്രമണത്തില്‍ നാലാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


LIFE
ലോകത്തിലെ ഏറ്റവും റൊമാൻ്റിക് ഗ്രാമം; ലവേഴ്‌സിൽ നിന്നൊരു പ്രണയസമ്മാനം
Also Read
user
Share This

Popular

KERALA
KERALA
എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പി.സി. ചാക്കോ