യുഎസിന്റെ 1.45 ബില്ല്യൺ ഡോളർ ഫണ്ടിങ് അവസാനിച്ചാൽ ജോർദാന്‍റെ ഭാവി തന്നെ പ്രതിസന്ധിയിലാകും
അബ്ദുള്ള രണ്ടാമന്‍, ഡൊണാൾഡ് ട്രംപ്
പശ്ചിമേഷ്യയിൽ പ്രതിസന്ധികൾ തുടരുന്നതിന് പിന്നാലെ ഗാസ ഏറ്റെടുക്കുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡന്‍റ്. ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കാന്‍ ഉദ്ദേശിക്കുന്നവരെ ഏറ്റെടുത്തില്ലെങ്കിൽ ജോർദാനുള്ള ഫണ്ടിങ് നിർത്തിവെച്ചേക്കുമെന്ന് മുൻപ് ട്രംപ് പറഞ്ഞിരുന്നു. യുഎസിന്‍റെ 1.45 ബില്ല്യൺ ഡോളർ ഫണ്ടിങ് അവസാനിച്ചാൽ ജോർദാന്‍റെ ഭാവി തന്നെ പ്രതിസന്ധിയിലാകും. എന്നാൽ ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കരുതെന്ന നിലപാടാണ് ജോർദാൻ രാജാവ് സ്വീകരിച്ചത്. ആരോഗ്യസ്ഥിതി മോശമായ 2000 കുട്ടികളെ ഗാസയിൽ നിന്ന് ഏറ്റെടുക്കുമെന്നും അബ്ദുള്ള രണ്ടാമൻ വ്യക്തമാക്കി.
ഗാസ നിവാസികളെ കുടിയിറക്കരുതെന്നാണ് ജോർദാൻ്റെ ഉറച്ച നിലപാടെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചയിലും ജോർദാൻ രാജാവ് അറിയിച്ചു. അന്താരാഷ്ട്ര നിയമത്തിൻ്റെ അടിസ്ഥാന ലംഘനമാണിതെന്ന് അബ്ദുള്ള രണ്ടാമൻ പറഞ്ഞു. പലസ്തീനികളെ മാറ്റിപ്പാർപ്പിക്കാതെ ഗാസയെ പുനർനിർമിക്കുകയാണ് വേണ്ടത്. ഈജിപ്തും മറ്റ് അറബ് രാജ്യങ്ങളും മറ്റൊരു പദ്ധതി മുന്നോട്ടുവയ്ക്കുന്നുണ്ടെന്നും സൗദി കിരീടാവകാശിയാണ് ചർച്ചകൾ ആസൂത്രണം ചെയ്യുന്നതെന്നും ജോർദാൻ രാജാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ പലസ്തീനികളെ പൂർണമായി ഒഴിപ്പിച്ച് ഗാസയേറ്റെടുക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് അണുവിട വ്യതിചലിക്കാൻ ട്രംപ് തയ്യാറായില്ല. യുഎസിന്‍റെ ഗാസ പ്ലാന്‍ മാധ്യമങ്ങളോടും ജോർദാന്‍ രാജാവിനോടും ട്രംപ് ആവർത്തിച്ചു.
Also Read: "ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കിൽ..."; ഹമാസിന് ഭീഷണിയുമായി നെതന്യാഹു
"ഞങ്ങൾ അവിടം ഏറ്റെടുക്കും. ഞങ്ങൾ അവിടം കൈവശം വയ്ക്കാൻ പോകുന്നു. ഞങ്ങൾ അവിടം പരിപോഷിപ്പിക്കും," ട്രംപ് ഗാസയെക്കുറിച്ച് പറഞ്ഞു. അങ്ങനെ ഒഴിപ്പിക്കുന്നവരെ ഏറ്റെടുക്കണമെന്ന സമ്മർദമാണ് ഈജിപ്തും ജോർദാനും നേരിടുന്നത്. അതിനു തയ്യാറാകാത്ത പക്ഷം, ഇരുരാജ്യങ്ങൾക്കുമുള്ള യുഎസ് ഫണ്ടിങ് നിർത്തലാക്കിയേക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ജോർദാൻ രാജാവ് അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപായിരുന്നു ഈ ഭീഷണി.
യുഎസിന്റെ ഈ നീക്കത്തിന്‍റെ പ്രത്യാഘാതം വലുതാണ്. പ്രതിവർഷം 1.45 ബില്യൺ ഡോളറിൻ്റെ സൈനിക, സാമ്പത്തിക സഹായമാണ് ജോർദാൻ യുഎസിൽ നിന്ന് കെെപ്പറ്റിവരുന്നത്. രാജ്യത്തിൻ്റെ ജിഡിപിയുടെ ഏകദേശം ഒരു ശതമാനം വരുമിത്. ആഗോളസഹായമെല്ലാം മരവിപ്പിച്ച ട്രംപിന്‍റെ മുൻ ഉത്തരവോടെ തന്നെ ഫണ്ടിങ്ങിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഈ നിലയ്ക്ക് ട്രംപിനെ പിണക്കിയാൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കായിരിക്കും വീഴുക.
ഈ ഭീഷണി നിലനിൽക്കെയാണ് ഗാസയിൽ നിന്ന് 2000 രോഗികളായ കുട്ടികളെ ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന് ജോർദാൻ രാജാവ് അബ്ദുള്ള അറിയിച്ചത്. ട്രംപുമായുള്ള കൂടിക്കാഴ്ച മുൻപുള്ള വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ജോർദാന്‍റെ നിർദേശത്തെ ട്രംപ് മാധ്യമങ്ങൾക്ക് മുൻപിൽ മനോഹരമെന്നും വിശേഷിപ്പിച്ചു. അതേസമയം, ട്രംപ് ലക്ഷ്യംവെയ്ക്കുന്നത് ഗാസയിലെ രണ്ട് ദശലക്ഷം വരുന്ന പലസ്തീനികളുടെ ഒഴിപ്പിക്കലാണ്. ഈ നീക്കത്തെ ഇതുവരെ നിരസിച്ച ജോർദാൻ സമ്മർദത്തിൽ അയയുന്നതായാണ് സൂചന. ഗാസയിലെ കുടിയൊഴിപ്പിക്കൽ പരാമർശിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ഇക്കാര്യത്തിൽ ഈജിപ്ത് ആദ്യം തീരുമാനമെടുക്കട്ടെ എന്നായിരുന്നു അബ്ദുള്ള രാജാവിൻറെ ഏറ്റവും പ്രതികരണം. വാർത്താ സമ്മേളനത്തിൽ ട്രംപ് ഗാസയെപ്പറ്റി വാചാലനായപ്പോൾ ഭൂരിപക്ഷം സമയവും ജോർദാൻ രാജാവ് നിശബ്ദനുമായിരുന്നു.
ഗാസയിൽ നിന്ന് പലസ്തീനികളെ നീക്കം ചെയ്യാനുള്ള ട്രംപിന്റെ ആശയം ഈജിപ്ത് പൂർണമായും നിരാകരിച്ചിരുന്നു. പലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ, ഗാസയുടെ പുനർനിർമാണത്തിനായുള്ള സമഗ്രമായ ഒരു കാഴ്ചപ്പാടോടെ ഒരു പദ്ധതി മുന്നോട്ട് വയ്ക്കാനാണ് രാജ്യം ഉദ്ദേശിക്കുന്നതെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ട്രംപ് ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ ഈജിപ്തിന് 'ആഗ്രഹം' ഉണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഏതെങ്കിലും തരത്തിലുള്ള വിദേശ ഇടപെടൽ മൂലം സമാധാനം ഇല്ലാതാക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും ഈജിപ്ത് ഊന്നിപ്പറഞ്ഞു.
അതേസമയം, ട്രംപിന്‍റെ സമ്മർദത്തിന് വഴങ്ങുന്നതിലും ജോർദാന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. ഇറാഖ്, സിറിയ, ഇസ്രയേൽ, അധിനിവേശ വെസ്റ്റ് ബാങ്ക് എന്നിങ്ങനെ സംഘർഷങ്ങളാൽ ചുറ്റപ്പെട്ട അതിർത്തികളാണ് ജോർദാനുള്ളത്. രാജ്യത്തെ 11 ദശലക്ഷം ജനസംഖ്യയിൽ 2.39 ദശലക്ഷം പലസ്തീനി അഭയാർഥികളും. 1948ല്‍ കുടിയൊഴിക്കപ്പെട്ട പലസ്തീനികളുടെ പിൻതലമുറക്കാർ ഇപ്പോഴും ജോർദാനിലെ വിവിധ ക്യാംപുകളിലാണ്. ഇതിനുപുറമെയാണ് ഇറാഖ്, സിറിയൻ അഭയാർഥികൾ. ജനസംഖ്യയുടെ നാലിലൊന്നും ദരിദ്രരും, ചെറുപ്പക്കാരിലെ തൊഴിലില്ലായ്മ ഉയർന്നും നിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ അഭയാർഥികളെ സ്വീകരിച്ചാൽ അത് ജനങ്ങൾക്കിടയിലെ അതൃപ്തി ഉയർത്തും. ഗാസയിലെ പലസ്തീൻ സമൂഹത്തോട് അടുത്ത ബന്ധം പുലർത്തുന്ന അഭയാർഥി സമൂഹം നീക്കത്തെ വഞ്ചനയായും കാണും. ട്രംപിന്‍റെ ആവശ്യം നിരസിക്കുന്നത് യുഎസിനെയും ഇസ്രയേലിനും പിണക്കുമെങ്കിൽ അംഗീകരിച്ചാൽ രാജ്യം ആഭ്യന്തര പ്രതിസന്ധിയിലേക്കുപോകുമെന്ന പ്രസിസന്ധിയാണ് നിലവിൽ ജോർദാൻ നേരിടുന്നത്.