മന്ത്രി വി. ശിവൻകുട്ടിക്ക് പദ്ധതിയെ കുറിച്ച് അറിവില്ലായിരുന്നുവെന്നും മന്ത്രിയെ പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും സാനു മൊഴി നൽകി
പകുതി വില തട്ടിപ്പ് കേസിൽ തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറി കെ. എൻ. സാനുവിൻ്റെ മൊഴി രേഖപ്പെടുത്തി. കൻ്റോൺമെൻ്റ് പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ. എൻ. സാനു പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടിയ്ക്ക് പദ്ധതിയെ കുറിച്ച് അറിവില്ലായിരുന്നുവെന്നും മന്ത്രിയെ പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും സാനു മൊഴി നൽകി.
കഴിഞ്ഞ ദിവസമാണ് പകുതി വില തട്ടിപ്പ് വിഷയത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ മുൻ സെക്രട്ടറി കെ.എൻ. സാനു മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി സമർപ്പിച്ചത്. തട്ടിപ്പുകാരനാണെന്ന് ബോധ്യപ്പെട്ടിട്ടും ഭരണ സമിതി പരാതി നൽകിയില്ലെന്ന് മൊഴിയിൽ കെ.എൻ. സാനു പറഞ്ഞു. തട്ടിപ്പ് തിരുവനന്തപുരം പ്രസ് ക്ലബ് ഒളിച്ചു വച്ചെന്നും മുൻ സെക്രട്ടറി പൊലീസിൽ മൊഴി നൽകി.
അനന്തു കൃഷ്ണന്റെ തട്ടിപ്പ് നേരത്തെ മനസ്സിലായിട്ടും പ്രസ് ക്ലബ് നടപടി സ്വീകരിച്ചില്ലെന്നും പരിതോഷികം നൽകിയെന്ന മൊഴിയെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മുൻ സെക്രട്ടറി കെ.എൻ. സാനു മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണൻ തിരുവനന്തപുരം പ്രസ് ക്ലബിന് 5 ലക്ഷം രൂപ പാരിതോഷികം നൽകിയതായി മൊഴി നൽകിയത്.
പദ്ധതിയുടെ ഉദ്ഘാടനം 2024 ജനുവരി 26 പ്രസ് ക്ലബ് കുടുംബമേളയിൽ നടന്നെങ്കിലും അനന്തുകൃഷ്ണനുമായി അന്നത്തെ പ്രസ് ക്ലബ് സെക്രട്ടറി കെ.എന്‍. സാനു കരാർ ഒപ്പിട്ടത് മാർച്ച് 20 നാണ്. അംഗങ്ങൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്നായിരുന്നു വാഗ്ദാനം. 150 അംഗങ്ങൾ വാഹനത്തിനായി രജിസ്റ്റർ ചെയ്തു. രണ്ടാംഘട്ടത്തിൽ കൂടുതൽ പേർക്ക് വാഹനം നൽകാമെന്നും വാഗ്ദാനം നൽകി. എന്നാൽ അനന്തുവിന്റെ മൊഴിപ്രകാരമുള്ള തുക പ്രസ് ക്ലബിന് തന്റെ ഭരണകാലയളവിൽ ലഭിച്ചിട്ടില്ലെന്ന് കെ.എൻ. സാനു പറഞ്ഞു.
അതേസമയം സംശയം ഉണ്ടായതിനെ തുടർന്ന് പ്രസ് ക്ലബ് ഈ പദ്ധതിയുമായി മുന്നോട്ട് പോയില്ലെന്നും ഒരു അംഗത്തിന്റെയും പണം നഷ്ടമായില്ലെന്നും നിലവിലെ പ്രസ് ക്ലബ് ഭാരവാഹികള്‍ വ്യക്തമാക്കി. ഇതിനിടെ തിരുവനന്തപുരത്ത് എൻജിഒ കോൺഫഡറേഷനെ മറയാക്കിയും പകുതിവില തട്ടിപ്പ് നടന്നതായി പരാതി ഉയർന്നു. തങ്ങളെ ഇടനിലയാക്കി ആറ് കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് എൻജിഒ കോൺഫഡറേഷൻറെ ആരോപണം. പദ്ധതിയെ കുറിച്ച് പറഞ്ഞ് വിശ്വസിപ്പിച്ചത് അനന്തു കൃഷ്ണൻ ആണെന്നും പണം തന്നില്ലെങ്കിൽ താൻ തരുമെന്നാണ് ചെയർമാൻ ആനന്ദകുമാർ പറഞ്ഞതെന്നും മിത്രം ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി ഷൈനി ജോസ് പറഞ്ഞു.