അസദിന് ശേഷമുള്ള സിറിയ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിൽ ചരിത്രപരവും നിർണായകവുമായ പങ്ക് തുടരുമെന്ന് പ്രതീൾിക്കുന്നതായും ഹമാസ് പറഞ്ഞു.
സിറിയയിലെ ഭരണമാറ്റത്തിൽ ആദ്യമായി പ്രതികരിച്ച് ഹമാസ്. സിറിയൻ ജനതക്കൊപ്പമാണ് ഹമാസ് നിലകൊള്ളുന്നതെന്നും അവരുടെ സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ തീരുമാനങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഹമാസ് പ്രസ്താവനയിൽ പറയുന്നു. ചരിത്രപരമായി പലസ്തീൻ ജനതക്കൊപ്പം നിലകൊണ്ട സിറിയ ഇനിയും അത് തുടരണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഹമാസിൻ്റെ ആദ്യ പരസ്യപ്രതികരണമാണിത്.
പ്രസിഡൻ്റ് ബാഷർ അൽ അസദിൻ്റെ ഭരണം അട്ടിമറിച്ച് "സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള സ്വപ്നങ്ങൾ സാധ്യമാക്കിതിന് സിറിയൻ ജനതയെ അഭിനന്ദിച്ചുകൊണ്ടാണ് പലസ്തീൻ സായുധ ഗ്രൂപ്പായ ഹമാസ് പ്രതികരിച്ചത്.13 വർഷത്തെ ആഭ്യന്തരയുദ്ധത്തിനും ആറ് പതിറ്റാണ്ട് നീണ്ട അസദ് കുടുംബത്തിൻ്റെ സ്വേച്ഛാധിപത്യ ഭരണത്തിനും ശേഷം അസദിനെ റഷ്യയിലേക്ക് പലായനം ചെയ്യിച്ച മുന്നേറ്റമാണ് വിമത സൈന്യം നടത്തിയത്. ഞായറാഴ്ച സിറിയൻ തലസ്ഥാനമായ ഡമാസ്‌കസ് അവർ നിയന്ത്രണത്തിലാക്കുകയായിരുന്നു.
അസദിന് ശേഷമുള്ള സിറിയ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിൽ ചരിത്രപരവും നിർണായകവുമായ പങ്ക് തുടരുമെന്ന് പ്രതീൾിക്കുന്നതായും ഹമാസ് പറഞ്ഞു. ഇറാൻ്റെ പിന്തുണയുള്ള ഗ്രൂപ്പും ഹമാസിൻ്റെ സഖ്യകക്ഷിയുമായ ഇസ്ലാമിക് ജിഹാദിൻ്റെ തലവൻ സിയാദ് അൽ-നഖലയാണ് ഇത്തരത്തിൽ പ്രത്യാശ പ്രകടിപ്പിക്കുന്ന പ്രതികരണം നടത്തിയത്.
Also Read; മുന്‍ സിറിയന്‍ പ്രസിഡന്‍റ് ബഷർ അൽ അസദിനും കുടുംബത്തിനും അഭയം നല്‍കി റഷ്യ
പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയൻ തലസ്ഥാനമായ ദമാസ്‌കസ് ഉൾപ്പെടെ വിമത സായുധ സംഘം പിടിച്ചെടുത്തത്. അബു മുഹമ്മദ് അൽ ഗോലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഭരണത്തിലേറുന്നത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരൻ ആയിരുന്നു ഗോലാനി. പ്രസിഡന്റും രാജ്യം വിട്ടോടിയതോടെ ജനം തെരുവിലിറങ്ങുകയായിരുന്നു.
പതിറ്റാണ്ടുകളായി രാജ്യത്ത് തല ഉയർത്തി നിന്ന ബഷാർ അൽ അസദിന്റെ പ്രതിമകൾ ജനം തകർത്തെറിഞ്ഞു. സിറിയൻ സൈന്യവും സുരക്ഷാ സേനയും ദമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. സുപ്രധാന ഭരണ കാര്യാലയങ്ങളിൽ നിന്ന് എല്ലാം സൈന്യം പിന്മാറി. പലയിടത്തും ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു.