ഹരിവരാസനം ചൊല്ലിത്തീരും വരെ സോപാനത്തിന് മുന്നിൽ പൊലീസ് അകമ്പടിയോടെ ദിലീപിന് തൊഴുത് നിൽക്കാൻ ആരാണ് അവസരമൊരുക്കിയതെന്നും ദേവസ്വം ബെഞ്ച് ആരാഞ്ഞു
നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി പരിഗണനയിൽ ദർശനത്തിന് അവസരമൊരുക്കിയതിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. കുട്ടികളടക്കം നിരവധി തീർഥാടകർ കാത്തുനിൽക്കുമ്പോൾ സിനിമാ താരത്തിന് കൂടുതൽ സമയം ദർശനത്തിന് അനുമതി നൽകിയത് എന്തുകൊണ്ടാണെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്ന് നിർദേശിച്ച കോടതി സിസിടിവി ദൃശ്യങ്ങളടക്കം ഹാജരാക്കാനും നിർദേശിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് ദിലീപും സംഘവും ശബരിമലയിൽ പ്രത്യേക പരിഗണനയിൽ ദർശനം നടത്തിയത്. ശബരിമലയിൽ മണിക്കൂറുകൾ ക്യൂവിൽ നിന്ന ഭക്തർക്കാണ് ഇതുമൂലം കൃത്യമായി ദർശനം നടത്താനാകാതെ മടങ്ങിപ്പോകേണ്ടിവന്നതെന്ന് കോടതി വിമർശിച്ചു. ഹരിവരാസനം ചൊല്ലിത്തീരും വരെ സോപാനത്തിന് മുന്നിൽ പൊലീസ് അകമ്പടിയോടെ ദിലീപിന് തൊഴുത് നിൽക്കാൻ ആരാണ് അവസരമൊരുക്കിയതെന്നും ദേവസ്വം ബെഞ്ച് ആരാഞ്ഞു.
ദിലീപിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. മുൻ ഉത്തരവുകൾക്ക് വിരുദ്ധമായിട്ടാണ് വിഐപി ദർശനം നടത്തിയത്, ദേവസ്വം ബോർഡ് അടക്കം ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം കിട്ടിയശേഷം എന്തു വേണമെന്ന് ആലോചിക്കാം എന്നും കോടതി വ്യക്തമാക്കി. ശനിയാഴ്ച സിസിടിവി ദ്യശ്യങ്ങൾ ഹാജരാക്കണം. തിങ്കളാഴ്ച ദേവസ്വം കമ്മിഷണർ വിശദീകരണം നൽകണമെന്നുമാണ് കോടതി നിർദേശം. സുനിൽ കുമാർ എന്ന സുനിൽ സ്വാമിക്ക് ശബരിമലയിൽ പ്രത്യേക പരിഗണന നൽകിയതിനെയും കോടതി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ആർക്കും പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നാണ് കോടതി നിലപാട്.