പുതിയ മാർഗ നിർദേശങ്ങളിലൂടെ ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്നാണ് ആന പ്രേമികളുടെ വിമർശനം
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാർഗ നിർദേശങ്ങൾ പൂരങ്ങൾക്ക് തടസമാണെന്ന വാദത്തെ തള്ളി മൃഗസ്നേഹികളും സംഘടനകളും. രാഷ്ട്രീയ പാർട്ടികളെ കൂട്ട് പിടിച്ച് ഉത്സവ മാഫിയകൾ നിയമത്തെ നോക്ക് കുത്തിയാക്കാൻ ശ്രമിക്കുകയാണ് എന്നാണ് ആരോപണം. തൃശൂർ പൂരം അടക്കമുള്ള ഉത്സവങ്ങൾ നടത്താനാവില്ലെന്ന് പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കാൻ ആണെന്നും മൃഗ സംരക്ഷക സംഘടനകളും നേതാക്കളും പറയുന്നു.
ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാർഗ രേഖക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് മൃഗസ്നേഹികളും സംഘടനകളും പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന പലരും തങ്ങളെ മാഫിയകളായും പൂരം മുടക്കികളായും ചിത്രീകരിക്കുകയാണ്. പൂരം നടത്താൻ പാടില്ല എന്ന് പറയുന്നത് കൺകെട്ടലാണെന്നും പകരം സംവിധാനം ഒരുക്കി പൂരം നടത്തിപ്പ് മുന്നോട്ട് കൊണ്ട് പോകാനാകുമെന്നും ഇവർ പറയുന്നു.
പൂരം എന്നാൽ ആനയാണ് എന്ന് വിചാരിക്കുന്ന കാലം കഴിഞ്ഞെന്നും ആനയെക്കാൾ വില മനുഷ്യ ജീവനുണ്ടെന്നും വിവിധ സംഘടനാ നേതാക്കാൾ പറയുന്നു. മൃഗ സംരക്ഷണ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിൽ തങ്ങൾക്ക് അനധികൃത ഫണ്ട് ലഭിക്കുന്നുണ്ടെന്ന് പോലും തെറ്റായ പ്രചരണം നടക്കുന്നു. ദേവസ്വങ്ങൾക്കും പൂര പ്രേമികൾക്കും ഇക്കാര്യത്തിൽ സംശയങ്ങളുണ്ടെങ്കിൽ വിജിലൻസ് അന്വേഷണം നടത്തട്ടെയെന്നും ഇവർ ആവശ്യപ്പെടുന്നു.
പുതിയ മാർഗ നിർദേശങ്ങളിലൂടെ ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്നാണ് പൂരപ്രേമികളുടെയും ആന പ്രേമികളുടെയും വിമർശനങ്ങൾ . ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വനം മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണങ്ങളുമായി മൃഗ സ്നേഹികളും സംഘടനകളും രംഗത്ത് എത്തിയിരിക്കുന്നത്.
എഴുന്നള്ളിപ്പിന് എത്തുമ്പോൾ ആനയും ജനങ്ങളും തമ്മിൽ ആറ് മീറ്റർ ദൂരം പാലിക്കണം. ഒന്നിലേറെ ആനകൾ ഉണ്ടെങ്കിൽ പരസ്പരം മൂന്ന് മീറ്റർ അകലം വേണം . ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആനകൾക്ക് ചുരുങ്ങിയത് എട്ട് മണിക്കൂർ വിശ്രമം. ആനകളുമായുള്ള യാത്രകൾക്ക് രാത്രികാലങ്ങളിൽ കർശന നിയന്ത്രണം നടപ്പിലാക്കണം തുടങ്ങി ഒട്ടേറെ നിർദേശങ്ങളാണ് ഹൈക്കോടതി മുന്നോട്ട് വയ്ക്കുന്നത്.
Also Read: ആന എഴുന്നള്ളിപ്പിന് കർശന നിർദേശങ്ങള്‍; മാർഗരേഖ പുറത്തിറക്കി ഹൈക്കോടതി