fbwpx
ബാബ സിദ്ദിഖിയെ വെടിവച്ചതിന് ശേഷം ഉടനെ കടന്നു കളഞ്ഞില്ല; മുഖ്യപ്രതി എങ്ങനെയാണ് പൊലീസ് പിടിയിലായത്?
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Nov, 2024 05:45 PM

ഒക്ടോബർ 12ന് സീഷന്‍ സിദ്ദിഖിയുടെ ബാന്ദ്ര ഇസ്റ്റിലെ ഓഫീസിനു വെളിയില്‍ വെച്ചാണ് ബാബ സിദ്ദിഖിയെ ഇവർ കൊലപ്പെടുത്തിയത്

EXPLAINER


മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിനു ശേഷം എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് വെളിപ്പെടുത്തി മുഖ്യ പ്രതി ശിവ് കുമാർ ഗൗതം. ബാബയെ അല്ലെങ്കില്‍ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിയെ കൊല്ലാനാണ് ഷൂട്ടർമാർക്ക് നിർദേശം ലഭിച്ചിരുന്നതെന്ന് ശിവ് കുമാർ പൊലീസിനു മൊഴി നല്‍കി. ഞായറാഴ്ച ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ നിന്ന് നേപ്പാളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് 20കാരനായ ശിവ് കുമാറിനെയും നാല് സഹായികളെയും അറസ്റ്റ് ചെയ്ത്.

ബാബ സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയ മൂന്ന് ഷൂട്ടർമാരില്‍ ഒരാളാണ് ശിവ് കുമാർ. ഹരിയാന സ്വദേശി ഗുർനെയ്‌ല്‍ സിംഗ്, ഉത്തർപ്രദേശ് സ്വദേശി ധരംരാജ് കശ്യപ് എന്നിവരാണ് മറ്റ് രണ്ട് ഷൂട്ടർമാർ. ഒക്ടോബർ 12ന് സീഷന്‍ സിദ്ദിഖിയുടെ ബാന്ദ്ര ഈസ്റ്റിലെ ഓഫീസിനു വെളിയില്‍ വെച്ചാണ് ബാബ സിദ്ദിഖിയെ ഇവർ കൊലപ്പെടുത്തിയത്. സംഭവം നടന്നതിനു ശേഷം ഗുർനെയ്‌ലും കശ്യപും അറസ്റ്റിലായെങ്കിലും ശിവ് കുമാർ ഒളിവില്‍ പോകുകയായിരുന്നു.

ആദ്യം കണ്ണില്‍ പെടുന്ന ആളെ കൊലപ്പെടുത്താനായിരുന്നു ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി നല്‍കിയ നിർദേശമെന്ന് ശിവ് കുമാർ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിനു മുന്‍പ് അന്‍മോല്‍ ശിവ് കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. 'ദൈവത്തിനു സമൂഹത്തിനും വേണ്ടിയാണ്' ഈ കൊലപാതകം എന്നാണ് അന്‍മോല്‍ ശിവ് കുമാറിനോട് പറഞ്ഞത്. ബാബയെ കൊലപ്പെടുത്തിയ ഷൂട്ടർമാരില്‍ ഒരാളുടെ മൊബൈല്‍ ഫോണില്‍ സീഷന്‍ സിദ്ദിഖിയുടെ ചിത്രവും കണ്ടെത്തിയിരുന്നു.

കാനഡയില്‍ ഒളിവില്‍ താമസിക്കുന്നുവെന്ന് കരുതപ്പെടുന്ന അന്‍മോല്‍ ബിഷ്ണോയ് ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.


Also Read: ബാബാ സിദ്ദിഖിയുടെ കൊലപാതകം: കൊലപാതക സംഘത്തിലെ മൂന്നാമനും പിടിയില്‍


കൊലപാതകത്തിനു ശേഷം ആദ്യം വസ്ത്രം മാറി, പിന്നെ...

ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയതിനു ശേഷം ശിവ് കുമാർ ഗൗതം ആള്‍ക്കൂട്ടത്തിനിടയില്‍ അപ്രത്യക്ഷനായി.  കൂട്ടത്തില്‍ ഒരു കൊലപാതകിയുള്ളതായി ആരും തിരിച്ചറിഞ്ഞില്ല. പിന്നീട് ക്രൈം സീനിനു അടുത്തായി ആളൊഴിഞ്ഞ ഒരിടത്ത് ചെന്ന് വസ്ത്രങ്ങള്‍ മാറി.  മറ്റ് ഷൂട്ടർമാർക്കായി ശിവ് കുമാർ അവിടെ കുറച്ചു നേരം കാത്തിരുന്നു. എന്നാല്‍ കൂട്ടാളികളെ കാണാതായതോടെ അയാള്‍ കുർളയിലേക്ക് കടന്നു. അവിടെ നിന്നും ലോക്കല്‍ ട്രെയിനില്‍ താനെയിലേക്കും. എന്നാല്‍ അവിടെയും അയാള്‍ അധികം നേരം തങ്ങിയില്ല. താനെയില്‍ നിന്നും ട്രെയിനില്‍ പൂനെയിലെത്തിയ ശിവ്കുമാർ യാത്രാ മധ്യേ തന്‍റെ ഫോണ്‍ ഉപേക്ഷിച്ചു. ഇതോടെ പുറം ലോകവുമായുള്ള ബന്ധം അവസാനിച്ചു. 

ഏഴ് ദിവസമാണ് ശിവ് കുമാർ പൂനെയില്‍ തങ്ങിയത്.  അവിടെ നിന്നും അയാള്‍ ഉത്തർപ്രദേശിലെ ഝാന്‍സിയിലേക്ക് ട്രെയിന്‍ കയറി. അവിടെ അഞ്ച് ദിവസം ഒളിവില്‍ കഴിഞ്ഞ ശേഷം ലഖ്നൗവിലേക്ക് താമസം മാറ്റി. ലഖ്നൗവിൽ വെച്ച് പുതിയൊരു ഫോണ്‍ വാങ്ങിയ ശിവ് കുമാർ തന്‍റെ സഹായികളെ ബന്ധപ്പെട്ട് ഒരു സേഫ് ഹൗസ് ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ലഖ്നൗവില്‍ 11 ദിവസം ചെലവഴിച്ച ശേഷം, ശിവ് കുമാർ ജന്മനാടായ ബഹ്‌റൈച്ചിനും അടുത്തുള്ള ഒരു ഗ്രാമത്തിൽ സുഹൃത്തുകള്‍ ഒരുക്കിയ സേഫ് ഹൗസിലെക്ക് പോയി.

ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം ആദ്യം മധ്യപ്രദേശിലെ ഉജ്ജയിനിലേക്കും തുടർന്ന് ജമ്മുവിലെ വൈഷ്‌ണോ ദേവിയിലേക്കും പോകാനായിരുന്നു പദ്ധതിയിട്ടതെന്നും ശിവകുമാർ പറഞ്ഞു. എന്നാല്‍, ശിവ് കുമാർ ചെന്നു ചേർന്നത് സ്വന്തം ജന്മദേശത്താണ്. അവിടെ കാര്യങ്ങള്‍ അത്ര സുരക്ഷിതമായിരുന്നില്ല. 


Also Read: ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു കാരണം സല്‍മാന്‍ ഖാനോടുള്ള അടുപ്പം; എന്താണ് ബിഷ്ണോയ് സംഘത്തിന് നടനോടുള്ള പക?


ശിവ് കുമാറിനായി വല വിരിച്ച് പൊലീസ്

ശിവ് കുമാറിനെ കണ്ടെത്താനായി ബന്ധുക്കളും സുഹൃത്തുകളും അടക്കം 45 പേരുടെ നീക്കങ്ങളാണ് പോലീസ് നിരീക്ഷിച്ചു കൊണ്ടിരുന്നത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഇയാളുമായി നിരന്തര സമ്പർക്കം പുലർത്തുന്ന നാല് പേരെ പൊലീസ് തിരിച്ചറിഞ്ഞു. പിന്നീട് അവരുടെ ഒരോ നീക്കവും പിന്തുടരാന്‍ തുടങ്ങി.

നാലുപേരും ശിവ് കുമാറിനെ കണ്ടുമുട്ടാന്‍ തീരുമാനിച്ച വിവരം അങ്ങനെയാണ് പൊലീസിനു ലഭിച്ചത്. കണ്ടുമുട്ടുന്ന സ്ഥലം സ്ഥിരീകരിച്ചതോടെ പൊലീസ് ശിവ് കുമാറിനായി കെണിയൊരുക്കി കാത്തിരുന്നു. 

ഒടുവില്‍, ബഹ്‌റൈച്ചില്‍ വെച്ച് ഉത്തർപ്രദേശ്-മുംബൈ പൊലീസിൻ്റെ സംയുക്ത ഓപ്പറേഷനില്‍ ശിവ് കുമാർ പിടിയിലായി. ശിവ് കുമാറിന് അഭയം നൽകി നേപ്പാളിലേക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയ അനുരാഗ് കശ്യപ്, ഗ്യാൻ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിംഗ് എന്നിവരും അറസ്റ്റിലായി. കേസിൽ ഇതുവരെ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നടൻ സൽമാൻ ഖാനുമായുള്ള അടുത്ത ബന്ധത്തിൻ്റെ പേരിലാണ് ബാബ സിദ്ദിഖിയെ ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ് കൊലപ്പെടുത്തിയത്. 1998ല്‍ 'ഹം സാത് സാത് ഹേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ജോധ്‌പൂരിനു സമീപമുള്ള മതാനിയയിലെ ബവാദില്‍ വെച്ച് സല്‍മാന്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാണ് ബിഷ്ണോയ് സംഘത്തിന്‍റെ ആരോപണം. ബിഷ്ണോയ് വിഭാഗം വിശുദ്ധമായി കരുതുന്ന മൃഗമാണ് കൃഷ്ണമൃഗം. സല്‍മാനെതിരെ ലോറന്‍സിന്‍റെ സംഘം പലകുറി ഭീഷണി മുഴക്കിയിട്ടുണ്ട്. 2024 ഏപ്രില്‍ 14ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം സല്‍മാന്‍ ഖാന്‍റെ വീടിനു നേരെ വെടിയുതിർത്തിരുന്നു. ഇതിനും പിന്നില്‍ ബിഷ്‌ണോയ് ഗ്യാങ്ങാണെന്ന് തെളിഞ്ഞിരുന്നു. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു ശേഷവും സല്‍മാനെതിരെ വധഭീഷണി ഉയർന്നിരുന്നു.

ബാന്ദ്ര ഈസ്റ്റ് എംഎല്‍എയും മകനുമായ സീഷന്‍റെ നിർമൽ നഗറിലുള്ള ഓഫീസിനു മുന്നില്‍ വെച്ചാണ് ഷൂട്ടർമാർ ബാബയെ കൊലപ്പെടുത്തിയത്. 9 എംഎം പിസ്റ്റല്‍ ഉപയോഗിച്ച് ആറു റൗണ്ടാണിവർ നിറയൊഴിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പ്രവീണ്‍ ലോന്‍കർ എന്ന വ്യക്തിയുടെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ബിഷ്ണോയ് ഗ്യാങ് ഏറ്റെടുക്കുകയായിരുന്നു. ബിഷ്ണോയ് ഗ്യാങ്ങിലെ ശുഭം ലോന്‍കറിന്‍റെ സഹോദരനാണ് പ്രവീണ്‍. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബാബയുടെ കൊലപാതകം വലിയ രാഷ്ട്രീയ കൊളിളക്കങ്ങള്‍ക്കാണ് കാരണമായത്. സംസ്ഥാനത്തെ ക്രമസമാധാന നിലയെ പ്രതിയുള്ള വിമർശനങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

ASSEMBLY POLLS 2024
ജാർഖണ്ഡിൽ കരുത്ത് കാട്ടി ജെഎംഎം; പല്ല് കൊഴിഞ്ഞ 'കോൽഹാൻ കടുവ'യുടെ രാഷ്ട്രീയ ഭാവി ഇനിയെന്ത്?
Also Read
user
Share This

Popular

KERALA BYPOLL
KERALA BYPOLL
ട്വിസ്റ്റോട് ട്വിസ്റ്റ്; തെരഞ്ഞെടുപ്പ് കാലത്ത് പാലക്കാട് അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങളിലേക്ക് തിരിഞ്ഞു നോട്ടം