ജോത്സ്യന് ശ്രീതുവിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍
ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജോത്സ്യനെ ചോദ്യംചെയ്യുന്നു. കരിക്കകം സ്വദേശിയായ ദേവീദാസനെയാണ് പൊലീസ് മൊഴിയെടുക്കുന്നതിനായി എത്തിച്ചത്. ജോത്സ്യന് ശ്രീതുവിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.
അതേസമയം ശ്രീതുവിനെതിരെ ഭര്‍ത്താവും ഭര്‍തൃപിതാവും രംഗത്തെത്തി. ശ്രീതു ഒരു കാര്യവും കേള്‍ക്കാറില്ലെന്നും കുട്ടിയുടെ കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ പുറത്തുകൊണ്ടു വരണം എന്നുമാണ് ഭര്‍ത്താവും ഭര്‍തൃപിതാവും ആരോപിക്കുന്നത്.
സംഭവത്തില്‍ കുറ്റം ഏറ്റെടുത്ത് ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ രംഗത്തെത്തിയിരുന്നു. ഹരികുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സഹോദരിയോടുള്ള വ്യക്തിവൈരാഗ്യമാണ് പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിലേക്ക് പ്രതിയെ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്സ്ആപ്പ് ചാറ്റുകളും കഴിഞ്ഞ ദിവസം പൊലീസ് പരിശോധിച്ചു.
ശ്രീതുവും ഭര്‍ത്താവും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളും വീടിന് സമീപം കണ്ടെത്തിയ കയര്‍ കൊണ്ടുള്ള കുരുക്കുകളും ആദ്യ ഘട്ടത്തിലേ സംശയം ജനിപ്പിച്ചിരുന്നു. കുഞ്ഞിന്റെത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. ഹരികുമാറിന്റെ മൊഴി ശരിവയ്ക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കേസില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം തന്നെ രേഖപ്പെടുത്തി. മൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം.