അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും,മഞ്ഞുമ്മൽ ബോയ്സ് മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണം നടത്തുന്നതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു
സൗബിൻ ഷാഹിർ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. വരുമാനം കുറച്ചു കാണിച്ചു കൊണ്ട് 45 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ. ഇഡി കേസിൽ വിവരശേഖരണം നടത്തിയപ്പോഴാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. പിന്നാലെ ആദായ നികുതി വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനും, ആഡംബര വാഹന വില്പന സ്ഥാപനത്തിൻ്റെ ഉടമയ്ക്കും പറവ ഫിലിംസിൽ നിക്ഷേപമുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. ഇന്നലെ ഈ രണ്ട് കമ്പനികളിലും 14 മണിക്കൂറോളമാണ് പരിശോധന നടത്തിയത്. ഈ പരിശോധനയിൽ വൻ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു.
അന്വേഷണം അവസാനിച്ചിട്ടില്ലെന്നും, മഞ്ഞുമ്മൽ ബോയ്സ് മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണം നടത്തുന്നതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. 242 കോടിയുടെ കളക്ഷനാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയത്. സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, കമ്പനി 60 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് ദുരൂഹത തുടരുന്നുവെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇഡിയും രംഗത്തെത്തിയിരുന്നു.
കൊച്ചിയിലെ സിനിമ നിർമാണ വിതരണ കമ്പനികൾ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ആദായ വകുപ്പ് രംഗത്തെത്തിയിരുന്നു. സൗബിൻ ഷാഹിറിൻ്റെ പറവ ഫിലിംസ് നിർമിച്ച മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ കളക്ഷന് ആനുപാതികമായി നികുതി അടച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.