fbwpx
സ്പേസിൽ വീണ്ടും ഇന്ത്യൻ കയ്യൊപ്പ്; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കാനൊരുങ്ങി ഇന്ത്യക്കാരൻ, ആരാണ് ശുഭാൻഷു ശുക്ല?
logo

നിലീന ജോയ്

Last Updated : 19 Apr, 2025 01:30 PM

ശുഭാന്‍ഷു ഉൾപ്പെടെയുള്ള നാലംഗ സംഘം മെയ് മാസത്തില്‍ 'ആക്സിയം 4' എന്ന് പേരിട്ട ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

WORLD


ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ ഒരു വലിയ നാഴികക്കല്ലായി മാറാനൊരുങ്ങി 'ആക്സിയം 4' ദൗത്യം. ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാന്‍ഷു ശുക്ലയാണ് രാജ്യത്തിൻ്റെ അഭിമാനമായി മാറാനൊരുങ്ങുന്നത്. ശുഭാന്‍ഷു ഉൾപ്പെടെയുള്ള നാലംഗ സംഘം മെയ് മാസത്തില്‍ 'ആക്സിയം 4' എന്ന് പേരിട്ട ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.



രാകേഷ് ശര്‍മയ്ക്ക് ശേഷം നാല് പതിറ്റാണ്ടിനിടെ ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യത്തെ ബഹിരാകാശ യാത്രികനാണ് ശുഭാന്‍ഷു. ഇന്ത്യ ബഹിരാകാശ പര്യവേഷണത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് ധൈര്യത്തോടെ ചുവട് വെക്കുന്നു എന്നതിന്റെ സൂചനയാണിതെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണവും ഗഗന്‍യാന്‍ പോലുള്ള പദ്ധതികൾ, ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ആഗോള നേതാവാകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



ആക്സിയം 4 ദൗത്യത്തിന്റെ കമാന്‍ഡറായി ടീമിനെ നയിക്കുക മുന്‍ നാസ ബഹിരാകാശ യാത്രികയായ പെഗ്ഗി വിറ്റ്‌സണാണ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ബഹിരാകാശ യാത്രികനും മിഷന്‍ സ്‌പെഷ്യലിസ്റ്റുമായ പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവരാണ് ശുഭാന്‍ഷുവിനൊപ്പമുള്ള മറ്റ് അംഗങ്ങള്‍. ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാന്‍ഷു ശുക്ല തന്നെയായിരിക്കും ദൗത്യത്തിൻ്റെ പൈലറ്റ്.


ALSO READ: കാനഡയിൽ അജ്ഞാതരുടെ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു


കഴിഞ്ഞ എട്ട് മാസമായി നാസയിലും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയം സ്‌പെയ്‌നിലും പരിശീലനം നേടുന്ന ശുക്ല, ഇന്ത്യ 60 മില്യണ്‍ ഡോളറിലധികം ചിലവഴിച്ച് നടത്തിയ സ്വകാര്യ വാണിജ്യ ദൗത്യത്തിനായാണ് ബഹിരാകാശ നിലയത്തിലേക്ക് പറക്കുന്നത്. സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് സംഘം യാത്ര തിരിക്കുക. നാല് പേരടങ്ങുന്ന സംഘം സ്‌പേസ് എക്സിൻ്റെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെൻ്ററില്‍ നിന്നും പറന്നുയരും.



ബഹിരാകാശ രംഗത്ത് വർധിച്ചുവരുന്ന ഇന്ത്യയുടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൻ്റെ ഉദാഹരണമായി ശുഭാൻഷുവിൻ്റെ ഈ യാത്രയെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ വ്യോമസേനയില്‍ ടെസ്റ്റ് പൈലറ്റായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാൻഷു, ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് പ്രോഗ്രാമിനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ക്രൂ ഓര്‍ബിറ്റല്‍ ഫ്‌ളൈറ്റായ ഗഗന്‍യാന്‍ ദൗത്യത്തിന് പരിഗണിക്കപ്പെടുന്നവരിൽ പ്രധാനിയാണ്.


ആരാണ് ശുഭാൻഷു ശുക്ല?

ഇന്ത്യൻ വ്യോമസേനയുടെ പരിചയസമ്പന്നനായ ടെസ്റ്റ് പൈലറ്റും, ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് പറക്കുന്ന നാല് ബഹിരാകാശ യാത്രികരിൽ ഒരാളുമാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. ഫ്ലൈയിംഗ് ഓഫീസർ റാങ്കോടെ ഇന്ത്യൻ എയർഫോഴ്‌സിൻ്റെ ഫൈറ്റർ സ്ട്രീമിലേക്ക് ശുഭാൻഷു കമ്മീഷൻ ചെയ്യപ്പെട്ടിരുന്നു. സുഖോയ് 30 MKI, മിഗ് 21, മിഗ് 29, ജാഗ്വാർ, ഹോക്ക്, ഡോർണിയർ 228, എഎൻ 32 എന്നിവയുൾപ്പെടെ വിവിധ വിമാനങ്ങളിൽ ഏകദേശം 2000 മണിക്കൂർ പറക്കൽ പരിചയമുള്ള പരിചയ സമ്പന്നനായ ടെസ്റ്റ് പൈലറ്റാണ് അദ്ദേഹം. 2006 ജൂണിലാണ് എയർ ഫോഴ്സ് അക്കാദമിയിൽ നിന്ന് ബിരുദം സ്വന്തമാക്കിയത്.


KERALA
വികൃതി സഹിക്കാൻ വയ്യ; കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു
Also Read
user
Share This

Popular

KERALA
WORLD
"എന്റെ സെറ്റില്‍ നിന്ന് ആരും കരഞ്ഞ് പോയിട്ടില്ല, ഐസിസിയില്‍ പരാതിയും വന്നിട്ടില്ല"; സൂത്രവാക്യത്തിന്റെ സംവിധായകന്‍ യുജീന്‍ ജോസ്