ഭാവിയെ കുറിച്ച് അധികം ചിന്തിച്ച് കൂട്ടാനില്ല. ഈ നിമിഷം നന്നായി കളിക്കുകയാണ് പ്രധാനമെന്നും രോഹിത് ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2027 ഏകദിന ലോകകപ്പ് കളിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഭാവിയെ കുറിച്ച് അധികം ചിന്തിച്ച് കൂട്ടാനില്ല. ഈ നിമിഷം നന്നായി കളിക്കുകയാണ് പ്രധാനമെന്നും രോഹിത് ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"ഇപ്പോൾ കാര്യങ്ങൾ വരുന്നതു പോലെയാണ് ഞാൻ എടുക്കുന്നത്. അധികം മുന്നോട്ട് കടന്നുചിന്തിക്കുന്നത് ന്യായമായിരിക്കില്ല. ഈ നിമിഷം നന്നായി കളിക്കുന്നതിലും ശരിയായ മാനസികാവസ്ഥ നിലനിർത്തുന്നതിലുമാണ് എൻ്റെ ശ്രദ്ധ. 2027 ലോകകപ്പിൽ ഞാൻ കളിക്കുമോ ഇല്ലയോ എന്ന് പറയാനാകില്ല. പ്രത്യേകിച്ച് ഒരു സമയം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല," ഹിറ്റ്മാൻ ജിയോ ഹോട്ട്സ്റ്റാറിൽ പറഞ്ഞു.
"ഇപ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ അർഥമില്ല. യാഥാർത്ഥ്യബോധത്തോടെ പറഞ്ഞാൽ, ഞാൻ എപ്പോഴും എന്റെ കരിയറിൽ ഓരോ ചുവടുവെപ്പ് മാത്രമേ എടുത്തിട്ടുള്ളൂ. ഭാവിയെക്കുറിച്ച് അധികം ചിന്തിക്കുന്നത് എനിക്ക് ഇഷ്ടമല്ല. മുൻകാലങ്ങളിലും ഞാൻ അങ്ങനെ ചെയ്തിട്ടില്ല. ഇപ്പോൾ, ഞാൻ എന്റെ ക്രിക്കറ്റും ഈ ടീമിനൊപ്പം ചെലവഴിക്കുന്ന സമയവും ആസ്വദിക്കുന്നു. എന്റെ സഹതാരങ്ങളും എന്റെ സാന്നിധ്യം ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ഘട്ടത്തിൽ അത്രമാത്രം പ്രധാനമാണ്," അദ്ദേഹം പറഞ്ഞു.
"ചാംപ്യൻസ് ട്രോഫിയിൽ അഞ്ച് ടോസുകളും തോറ്റിട്ടും ഞങ്ങൾ തോൽവിയറിയാതെ മുന്നോട്ടുപോയി, ഒടുവിൽ ട്രോഫി നേടി. ഒരു തോൽവി പോലും കൂടാതെ ടൂർണമെന്റ് ജയിക്കുക എന്നത് തന്നെ ഒരു വലിയ നേട്ടമാണ്. അത് എനിക്ക് വളരെയധികം സംതൃപ്തി നൽകുന്നു. ഞങ്ങൾ ട്രോഫി ഉയർത്തുന്നതു വരെ ആരും അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ടൂർണമെൻ്റിൽ തോൽവിയറിയാതെ കടന്നുപോയത് വളരെ സ്പെഷ്യലാണ്," രോഹിത് ജിയോ ഹോട്ട്സ്റ്റാറിൽ പറഞ്ഞു.