കളത്തിലെ താരങ്ങളുടെ ഇത്തരം പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിക്കാറ്
ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയതിന് പിന്നാലെ പാകിസ്ഥാൻ സ്പിന്നറായ അബ്രാർ അഹ്മദിൻ്റെ റിയാക്ഷൻ ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യ-പാക് മത്സരങ്ങളുടെ റിയൽ ആക്ഷൻ സംഘട്ടനങ്ങളുടെ തുടക്കങ്ങൾ പലപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ് തുടങ്ങാറ്. കളത്തിലെ താരങ്ങളുടെ ഇത്തരം പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിക്കാറ്.
എന്നാൽ അബ്രാർ അഹ്മദ് ആളറിഞ്ഞ് കളിക്കണമെന്നാണ് ഇന്ത്യൻ ആരാധകരുടെ ഈ റിയാക്ഷനോടുള്ള പ്രതികരണം. പാക് താരം ഇന്നസെൻ്റിനെ അനുകരിക്കുകയാണോയെന്നും ഒരു മലയാളി ട്രോളൻ സംശയം പ്രകടിപ്പിച്ചു.
ഇന്ത്യയുടെ യുവരാജാവിനെ ചൊറിയും മുമ്പ് അബ്രാർ രാജാവിനെ കുറിച്ച് മറന്നുപോയെന്നാണ് ഇന്ത്യൻ ആരാധകരുടെ വൈറൽ കമൻ്റ്.
"അബ്രാർ ഗില്ലിനെ കേറി ചൊറിഞ്ഞപ്പോൾ, കോഹ്‌ലി പാകിസ്ഥാനെ അപ്പാടെ കേറി മാന്തി" എന്നാണ് മലയാളിയായ ഒരു ട്രോളൻ്റെ പരിഹാസം.
ശുഭ്മാൻ ഗിൽ നേടിയ മൊത്തം സെഞ്ചുറികളുടെ എണ്ണം കളി പോലും പാകിസ്ഥാനായി അബ്രാർ അഹ്മദ് കളിച്ച് കാണില്ലെന്നാണ് ഒരു ഇന്ത്യൻ ആരാധകൻ്റെ പരിഹാസം. അവനാണ് ഇജ്ജാതി ആറ്റിറ്റ‌്യൂഡ് കാട്ടുന്നതെന്നും ഗില്ലിനെ പിന്തുണച്ചു കൊണ്ട് ആരാധകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ALSO READ: ചരിത്രം പിറന്നു; 287 ഇന്നിങ്‌സുകളില്‍ നിന്ന് 14000 റണ്‍സ് നേടി വിരാട് കോഹ്ലി
"ഒരു കണക്കിന് ഇവന്മാരോട് നന്ദി പറയണം. ഫോം ഔട്ട് ആയ കോഹ്ലിയെ തിരിച്ച് ഫോം ആക്കിയതിന്. നന്ദി പാകിസ്ഥാൻ, ഒരായിരം നന്ദി" എന്നാണ് മറ്റൊരു ആരാധകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേസമയം, മത്സരത്തിൽ മികച്ച സ്പെല്ലുമായി തിളങ്ങിയ അബ്രാറിനെ അഭിനന്ദിക്കാനും വിരാട് മറന്നില്ല. 37ാം ഓവറിൽ ഒരു റൺ മാത്രമാണ് പാക് സ്പിന്നർ വിട്ടുനൽകിയത്. പിന്നാലെ കോഹ്ലി താരത്തിന് കൈ കൊടുക്കാനും ഓടിയെത്തി.
കോഹ്ലിയെന്ന താരത്തിൻ്റെ യഥാർഥ സ്പോർട്സ്മാൻ സ്പിരിറ്റാണ് കളത്തിൽ കണ്ടത്. അതേസമയം, പാകിസ്ഥാനെതിരെ സെഞ്ചുറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. ദുബായിലെ സ്ലോ പിച്ചിൽ റൺസ് കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നതും ശ്രദ്ധേയമാണ്.