തെക്കൻ ലെബനനിൽ ചിലയിടങ്ങളിൽ പ്രദേശിക റെയ്ഡുകൾ നടത്തുന്നത് തുടരുകയാണെന്നും, തീവ്രവാദ കേന്ദ്രങ്ങൾ തകർത്ത് തീവ്രവാദികളെ വധിച്ച് ആയുധങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഇസ്രയേൽ സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു
ലെബനനിനുള്ളിൽ വെച്ച് ഒരു ഹിസ്ബുല്ല കമാൻഡറെ വധിച്ചതായി ഇസ്രയേൽ സൈന്യത്തിൻ്റെ അവകാശ വാദം. തെക്കൻ ലെബനനിലെ ബരാച്ചിത് പ്രദേശത്തിൻ്റെ കമാൻഡറായ അബു അലി റിദയെ ആണ് കൊലപ്പെടുത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേൽ സൈന്യത്തിൻ്റെ ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെയാണ് ഈ അവകാശവാദം ഉന്നയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
"ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) സൈനികർക്ക് നേരെ റോക്കറ്റ്, ടാങ്ക് വിരുദ്ധ മിസൈൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ചുമതലയുള്ള ഹിസ്ബുള്ള കമാൻഡറാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യത്തിൻ്റെ വാദം. തെക്കൻ ലെബനനിൽ ചിലയിടങ്ങളിൽ പ്രദേശിക റെയ്ഡുകൾ നടത്തുന്നത് തുടരുകയാണെന്നും, തീവ്രവാദ കേന്ദ്രങ്ങൾ തകർത്ത് തീവ്രവാദികളെ വധിച്ച് ആയുധങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഇസ്രയേൽ സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ലെബനീസ് അധികൃതരുടെ കണക്കുകൾ പ്രകാരം ഇസ്രയേൽ ആക്രമണത്തിൽ രാജ്യത്ത് ഇതുവരെ 2800ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ലെബനനിലെ വടക്കൻ പ്രവിശ്യകളിലുള്ള പതിനായിരക്കണക്കിന് ഇസ്രയേലികൾ ഹിസ്ബുള്ളയുടെയും ഇസ്രയേൽ വിരുദ്ധ സേനയുടെയും റോക്കറ്റ് ആക്രമണങ്ങൾ ഭയന്ന് പലായനം ചെയ്തിരുന്നു.
അതേസമയം, വടക്കൻ ഗാസയിലെ മൂന്ന് ആശുപത്രികൾക്കും നേരെ ഇസ്രയേൽ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. കമാൽ അദ്‌വാൻ ആശുപത്രി, അൽ അവ്ദ ആശുപത്രി, ഇന്തോനേഷ്യൻ ആശുപത്രികൾക്ക് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഗാസയിലെ ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം ഇന്ന് നടത്തിയ പ്രസ്താവനയിൽ ഈ മൂന്ന് ആശുപത്രികളുടെയും പ്രവർത്തനം നിർത്തിവെച്ചതായി അറിയിച്ചു.
ALSO READ: മിന്നൽ പ്രളയം: ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച സ്പാനിഷ് രാജാവിനും രാജ്ഞിക്കും നേരെ കല്ലെറിഞ്ഞ് ജനം
ഇസ്രയേൽ സൈന്യം പ്രതിദിനം നൂറുകണക്കിന് പലസ്തീനികളെ കൊല്ലുകയും പരുക്കേൽപ്പിക്കുകയും ചെയ്യുന്നത് തുടരുകയാണ്. വടക്കൻ ഗാസയിൽ ആശുപത്രികളിൽ ജീവൻരക്ഷാ പരിചരണം ആവശ്യമുള്ള രോഗികൾ പോലും ഇപ്പോൾ ഇസ്രയേലിൻ്റെ സൈനിക ഉപരോധത്തെ തുടർന്ന് ചികിത്സ ലഭിക്കാതെ ജീവനായി മല്ലിടുകയാണ്.
ഇസ്രയേൽ സേനയുടെ ഈ ഏറ്റവും പുതിയ ആക്രമണങ്ങൾ ഗാസയുടെ ആരോഗ്യ സംവിധാനത്തിന് നേരെയുള്ള തുടർച്ചയായ ആക്രമണത്തിൻ്റെ ഭാഗമാണെന്ന് ആരോഗ്യ മന്ത്രാലയം വിമർശിച്ചു. ഇത് പലസ്തീൻ ജനതയ്ക്കെതിരായ യുദ്ധക്കുറ്റവും ഉന്മൂലന കുറ്റകൃത്യവുമാണ്. നിരന്തരമായ സമ്മർദ്ദത്തിലൂടെയും ബലപ്രയോഗത്തിലൂടെയും പുറത്താക്കൽ നയത്തിൻ്റെ ഭാഗമായി വടക്കൻ ഗാസയിൽ പലസ്തീനികളുടെ അതിജീവനം ഇസ്രയേൽ അസാധ്യമാക്കുകയാണ്. അന്താരാഷ്ട്ര സമൂഹം ഈ ക്രൂരത കാണാതെ പോകരുതെന്നും ഗാസ ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.