പദ്ധതിയുടെ ട്രാക്കിങ് സ്റ്റേഷൻ ഓസ്ട്രേലിയയിലെ കോക്കോ ദ്വീപായിരിക്കും
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാൻ ഈ വർഷം അവസാനത്തോടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ എന്ന പേരിൽ ബഹിരാകാശ നിലയത്തിനും ഗഗൻയാൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. കർണാടകയിലെ ബംഗളൂരുവിൽ സ്‌പേസ് എക്‌സ്‌പോ സന്ദർശിക്കാനെത്തിയതായിരുന്നു എസ് സോമനാഥ്.
ഗഗൻയാൻ ഈ വർഷം അവസാനം വിക്ഷേപണം നടത്താനുള്ള ശ്രമത്തിലാണ്. ലോ എർത്ത് ഓർബിറ്റിലേക്ക് മനുഷ്യനെ അയച്ചാണ് ഗഗൻയാൻ പഠനം നടത്തുക. പദ്ധതിയുടെ ട്രാക്കിങ് സ്റ്റേഷൻ ഓസ്ട്രേലിയയിലെ കോക്കോ ദ്വീപായിരിക്കും. ചന്ദ്രയാൻ നാല് ദൗത്യത്തിന്റെ എഞ്ചിനിയറിംഗ് പൂർത്തിയാക്കിയതായും എസ് സോമനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഐഎസ്ആർഒയുടെ നാല് പദ്ധതികൾക്ക് ക്യാബിനറ്റ് അംഗീകാരം നൽകിയത്.
ALSO READ: ചന്ദ്രയാൻ-4 , ശുക്ര ദൗത്യം; ബഹിരാകാശ ദൗത്യങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ചന്ദ്രയാൻ-4 ,ശുക്ര ദൗത്യമടക്കമുള്ള ബഹിരാകാശ ദൗത്യങ്ങൾക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ചന്ദ്രയാൻ ദൗത്യത്തിന് 210 കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് ചന്ദ്രയാൻ ദൗത്യം.
ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും തിരികെ ഭൂമിയിലെത്തിക്കുകയാണ് ചന്ദ്രയാൻ നാലിൻ്റെ ലക്ഷ്യം. ശുക്രനിലേക്കുളള ദൗത്യം ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിൽ നിർണായകമാകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ശുക്ര ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമാണ് ഇത് എന്നതും ശ്രദ്ധേയമാണ്.
ചന്ദ്രയാൻ മൂന്നിൻ്റെ വിജയം പിന്തുടരാനാണ് ചന്ദ്രയാൻ നാലിനും അനുമതി നൽകിയത്. ചന്ദ്രനിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻ്റിങ്ങ് നടത്താൻ ചന്ദ്രയാൻ മൂന്നിന് കഴിഞ്ഞിരുന്നു. 2035 ഓടെ ഇന്ത്യയിൽ പുതിയ സ്പേസ് സ്റ്റേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് നിലവിലെ കണക്കു കൂട്ടൽ.