ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവനായ സമിതി മെഡലുകള്‍ പൂര്‍ണമായും പരിശോധിച്ചില്ലെന്നും കണ്ടെത്തല്‍
കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി അക്ഷരത്തെറ്റുള്ള മെഡലുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ ഗുരുതര പിഴവെന്ന് കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലില്‍ അക്ഷരത്തെറ്റ് വന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും തെറ്റു പറ്റിയെന്നാണ് കണ്ടെത്തല്‍. ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവനായ സമിതി മെഡലുകള്‍ പൂര്‍ണമായും പരിശോധിച്ചില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
270 മെഡലുകളില്‍ 246 എണ്ണത്തിലും അക്ഷരത്തെറ്റ് കണ്ടെത്തിയിട്ടുണ്ട്. മുന്‍പ് മെഡല്‍ നിര്‍മിച്ചപ്പോഴും സമാന തെറ്റുകള്‍ കണ്ടെത്തിയിരുന്നു. മെഡല്‍ നിര്‍മിച്ച ഭഗവതി സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
ALSO READ: കണ്ണൂർ പാനൂർ ചെണ്ടയാടിൽ സ്ഫോടനം; പൊട്ടിയത് നാടൻ ബോംബെന്ന് നിഗമനം
തയ്യാറാക്കിയ എല്ലാ മെഡലുകളും പരിശോധിക്കണമെന്ന് വ്യവസ്ഥയുണ്ടായിട്ടും അത് ചെയ്തില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട്. പരിശോധിക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ലെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് അവസാന സമയമാണെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പൊലീസ് ആസ്ഥാനത്തെ ഡിഐജി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു.
കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി വിതരണം ചെയ്ത മെഡലുകളില്‍ 'മുഖ്യമന്ത്ര യുടെ' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പൊലീസ് മെഡല്‍ എന്നത് തെറ്റിച്ച് 'പോ ലസ് മെഡന്‍' എന്നുമായിരുന്നു രേഖപ്പെടുത്തിയത്.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരുന്നു. ഡിജിപി എസ് ദര്‍വേഷ് സാഹിബ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. മെഡലുകള്‍ സ്വീകരിച്ചവരില്‍ നിന്ന് അത് തിരികെ വാങ്ങാനും ഡിജിപി ആവശ്യപ്പെട്ടിരുന്നു.