ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് ബൂംറ.
2024 ലെ ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ഇന്ത്യന്‍ താരം ജസ്പ്രീത് ബൂംറ. 13 മത്സരങ്ങളില്‍ നിന്ന് 357 ഓവറുകള്‍ എറിഞ്ഞ ബൂംറ 14.92 ശരാശരിയില്‍ 71 വിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ഇതോടെ, രവിചന്ദ്രന്‍ അശ്വിന്‍, അനില്‍ കുംബ്ലെ, കപില്‍ ദേവ് എന്നിവര്‍ക്ക് ശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 70-ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറായി മാറി.
ശ്രീലങ്കന്‍ താരം കമിന്ദു മെന്‍ഡിസ്, ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് ബൂംറയുടെ നേട്ടം. ക്രിക്കറ്റില്‍ ജസ്പ്രീത് ബൂംറയെ അടയാളപ്പെടുത്തിയ വര്‍ഷമായിരുന്നു 2024. കേപ്ടൗണില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ വിജയത്തോടെയായിരുന്നു ബൂംറയുടെ തുടക്കം. എട്ട് വിക്കറ്റുകളാണ് ടെസ്റ്റ് മത്സരത്തില്‍ ബൂംറ നേടിയത്.
Also Read: ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യക്ക് വൻ തിരിച്ചടി; ബുമ്ര കളിച്ചേക്കില്ലെന്ന് സൂചന
തുടര്‍ന്ന് ഇംഗ്ലണ്ടിനെ 4-1 ന് തോല്‍പ്പിച്ച മത്സരത്തില്‍ ബൂംറ 19 വിക്കറ്റുകള്‍ നേടി. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ പരമ്പര സമനിലയിലാക്കാന്‍ സഹായിച്ചതും ബൂംറയുടെ നേട്ടമായിരുന്നു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി 32 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും ബൂംറയ്ക്കായിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ഈ മത്സരത്തിലാണ് ബൂംറ 200 ടെസ്റ്റ് വിക്കറ്റ് നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി.
ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് ബൂംറ. രാഹുല്‍ ദ്രാവിഡ് (2004), ഗൗതം ഗംഭീര്‍ (2009), വീരേന്ദര്‍ സെവാഗ് (2010), രവിചന്ദ്രന്‍ അശ്വിന്‍ (2016), വിരാട് കോഹ്ലി (2018) എന്നിവരാണ് ഇതിനു മുന്‍പ് നേട്ടം കൈവരിച്ച് ഇന്ത്യന്‍ താരങ്ങള്‍.