ദേവദത്ത് പടിക്കലിനോട് ഓസ്ട്രേലിയയിൽ തുടരാൻ ബിസിസിഐ അഭ്യർത്ഥിച്ചിട്ടുണ്ട്
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ പേസർ ജസ്പ്രീത് ബുമ്ര നയിക്കും. ഭാര്യ റിതികയുടെ പ്രസവത്തെ തുടര്‍ന്ന് നാട്ടില്‍ തുടരുന്ന രോഹിത് ശര്‍മ ആദ്യ ടെസ്റ്റ് കളിക്കില്ലെന്ന് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ രോഹിത്ത് തിരിച്ചെത്തും.
ഈ മാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഓസ്ട്രേലിയയിലേക്ക് പോകാതിരുന്ന രോഹിത് മുംബൈയിലെ റിലയന്‍സ് കോര്‍പറേറ്റ് പാര്‍ക്കില്‍ ബാറ്റിങ് പരിശീലനം നടത്തിയിരുന്നു. രോഹിത് ശർമ വരില്ലെന്ന് പ്രഖ്യാപിക്കുകയും തള്ളവിരലിന് പരുക്കേറ്റ് ശുഭ്മാൻ ഗിൽ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്താകുകയും ചെയ്തതോടെ, ഇന്ത്യൻ എ ടീമിനൊപ്പം പര്യടനം നടത്തുന്ന ദേവദത്ത് പടിക്കലിനോട് ഓസ്ട്രേലിയയിൽ തുടരാൻ ബിസിസിഐ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഡിസംബർ 6 മുതൽ അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ രോഹിത് ഇറങ്ങും. "രോഹിത് യാത്ര ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കുറച്ച് സമയം കൂടി ആവശ്യമുള്ളതിനാൽ ഇപ്പോൾ പോകാൻ കഴിയില്ലെന്ന് അദ്ദേഹം ബിസിസിഐയെ അറിയിച്ചു. രണ്ടാമത്തെ പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിനായി ഓസ്‌ട്രേലിയയിലേക്ക് അദ്ദേഹം പറക്കും. ഒന്നും രണ്ടും ടെസ്റ്റുകൾ തമ്മിൽ ഒമ്പത് ദിവസത്തെ ഇടവേളയുണ്ട്.അതിനാൽ രോഹിത്തിന് കൃത്യസമയത്ത് അവിടെയെത്താനാകും,” ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്‌പ്രസിനോട് സ്ഥിരീകരിച്ചു.
ALSO READ: രാഹുല്‍ ബാറ്റിങ് പരിശീലനം പുനഃരാരംഭിച്ചു; മിന്നും ഫോമിലുള്ള ഷമിയെ തിരികെ വിളിച്ചേക്കും