വിഷയത്തിൽ ഒരു മാധ്യമ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകർ ഗൂഢാലോചന നടത്തിയെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു
കൊടകര കുഴൽപ്പണ കേസിൽ വിടുതല്‍ ഹര്‍ജിക്ക് പോയത് തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിഷയത്തിൽ ഒരു മാധ്യമ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകർ ഗൂഢാലോചന നടത്തിയെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഒഫീസിൽ നടത്തിയ പത്രസമ്മേളനത്തിലായിരായിരുന്നു കെ. സുരേന്ദ്രൻ്റെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് കെ. സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയത്.
പുറംലോകം അറിയാത്ത പല കാര്യങ്ങളും ഈ കേസിലുണ്ടെന്നായിരുന്നു സുരേന്ദ്രൻ്റെ പ്രസ്താവന. കോഴ കേസിൽ മൊഴി നൽകിയില്ലെങ്കിൽ പ്രതിയാക്കുമെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകർ ബിഎസ്‌പി സ്ഥാനാർഥിയായ സുന്ദരയ്യയെ ഭീഷണിപ്പെടുത്തി. പിന്നാലെ സുന്ദരയ്യയെ സിപിഎം വിലയ്ക്കെടുത്തെന്നും ഇപ്പോൾ അയാൾ ജോലി ചെയ്യുന്നത് നായനാരുടെ പേരിലുള്ള ആശുപത്രിയിലാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കേസിൽ തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നെന്നും വിചാരണയുടെ ആവശ്യമില്ലാത്ത കള്ളക്കേസാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്നും ബിജെപി നേതാവ് ചൂണ്ടികാട്ടി.
ALSO READ: പാലക്കാട് ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിൽ, കെ.ബിനു മോൾ സിപിഎം സ്ഥാനാർഥി ആയേക്കും
വിഷയത്തിൽ ഇന്നലെ ഏകപക്ഷീയമായി ചർച്ച നടത്തി ഒരു ചാനൽ നിന്ദ്യമായ അനീതി കാണിച്ചു. ചർച്ചയ്ക്ക് വിളിച്ച ആളുകളും അവതാരകനും കോൺഗ്രസുകാരായിരുന്നു. വിധി പോലും വായിക്കാതെയാണ് ചർച്ചയിൽ പങ്കെടുത്തവർ തനിക്കെതിരെ വിമർശനം നടത്തിയതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. ഒപ്പം രാജീവ് ചന്ദ്രശേഖറിനേയും സുരേഷ് ഗോപിയേയും തോൽപ്പിക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ചത് ഏഷ്യാനെറ്റ് ന്യൂസാണെന്നും സുരേന്ദ്രൻ പറയുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറായി വെച്ചത് കേസിൽ വാദിയായ വി.വി രമേശൻ്റെ അഭിഭാഷകനായെണെന്നും ബിജെപി നേതാവ് പറഞ്ഞു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്യയോട് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി ആവശ്യപ്പെട്ടെന്നും ഇതിനായി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ച് ബിജെപി നൽകിയ വിടുതല്‍ ഹർജിയാണ് ജില്ലാ സെഷന്‍സ് കോടതി അംഗീകരിച്ചത്. പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്.