കൊല്ലപ്പെട്ട സുബൈദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും
കോഴിക്കോട് പുതുപ്പാടിയിൽ മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട സുബൈദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക. ഫോറൻസിക് സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. സുബൈദയുടെ മൃതദേഹം അടിവാരത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകും.
ജന്മം നൽകിയതിന്റെ ശിക്ഷ നടപ്പാക്കിയെന്നായിരുന്നു പ്രതി ആഷിഖിന്റെ ദൃക്സാക്ഷികളോടുള്ള പ്രതികരണം. ഇയാളെ ഉച്ചയോടെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻ്റെ വസതിയിലായിരിക്കും ഹാജരാക്കുക. ഇതിന് മുൻപായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തും.
ALSO READ: റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത്: മുഖ്യ ഏജന്‍റുമാര്‍ റിമാന്‍ഡില്‍
ശനിയാഴ്ചയാണ് കേരളത്തെ നടുക്കിയ കൊലപാതകം നടക്കുന്നത്. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. അതിനാൽ കഴിഞ്ഞ കുറച്ചു നാളുകളായി സുബൈദയും മകൻ ആഷിഖും സഹോദരി സക്കീനയുടെ ചോയിയോടുള്ള വീട്ടിലാണ് കഴിയുന്നത്. ഓട്ടോമൊബൈൽ കോഴ്സ് പഠിക്കാൻ കോളേജിൽ ചേർന്ന ശേഷമാണ് ആഷിക് മയക്കുമരുന്നിന് അടിമയായതെന്ന് സുബൈദയുടെ സഹോദരി സക്കീന പറയുന്നു.
കുറച്ചു നാളുകളായി ബാംഗ്ലൂരിലെ ഡീ അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ആഷിഖ്. ഒരാഴ്ച മുൻപാണ് ഇയാൾ തിരികെ വീട്ടിലെത്തിയത്. വെള്ളിയാഴ്ച രാത്രി സുഹൃത്തുക്കളുമായി പുറത്തു പോയ ആഷിഖ്, രാത്രിയോടെ തിരിച്ചെത്തി. ഈ സമയത്ത് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ALSO READ: ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന: ഡിഐജിക്കെതിരെ കൂടുതൽ ആരോപണവുമായി ജീവനക്കാർ
ശനിയാഴ്ച രാവിലെ സഹോദരി സക്കീന ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടക്കുന്നത്. ഉമ്മയും മകനും വാക്‌തർക്കമുണ്ടായോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ശനിയാഴ്ച ഉച്ചയോടെ വീടിന് പുറത്തിറങ്ങിയ ആഷിഖ് അയൽ വീട്ടിലെത്തി തേങ്ങ പൊളിക്കാനെന്ന് പറഞ്ഞു കൊടുവാൾ വാങ്ങുകയും തുടർന്ന് വീടിനകത്ത് കയറി സുബൈദയെ പലതവണ കഴുത്തിൽ വെട്ടുകയുമായിരുന്നു.