അതേസമയം കേരള ക്രിക്കറ്റ് അസോസിയേഷൻ അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണ് എന്നായിരുന്നു ശശി തരൂർ എംപിയുടെ വിമർശനം
ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമിലിടം ലഭിക്കാതിരുന്ന സഞ്ജു സാംസണിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ. വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന ക്യാമ്പില്‍ നിന്ന് പ്രത്യേക കാരണങ്ങളൊന്നും പറയാതെയാണ് സഞ്ജു സാംസണ്‍ വിട്ടുനിന്നതെന്ന് കെ.സി.എ പ്രസിഡൻ്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിക്കായുള്ള ടീമില്‍ എടുക്കാതിരുന്ന കെ.സി.എ നടപടി മൂലമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലും ഇടം ലഭിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണ് എന്നായിരുന്നു ശശി തരൂർ എംപിയുടെ വിമർശനം. ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
മുഷ്താഖ് അലി-വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റുകള്‍ക്ക് ഇടയിലുള്ള പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് കെസിഎയ്ക്ക് സഞ്ജു മുന്‍കൂട്ടി കത്തെഴുതിയിരുന്നു എന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും കേരള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കി. ഇത് ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കാൻ കാരണമായെന്നും എക്സിൽ തരൂര്‍ കുറിച്ചു.
ALSO READ: "അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുന്നു"; KCAയ്‌ക്കെതിരെ ശശി തരൂരിൻ്റെ രൂക്ഷവിമർശനം
ഇതിന് പിന്നാലെയാണ് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജിന്റെ പ്രതികരണം. "സഞ്ജു ഞാനുണ്ടാകില്ലെന്നുള്ള ഒരു വരി മെയില്‍ മാത്രമാണ് കെസിഎ സെക്രട്ടറിക്ക് അയച്ചത്. കാരണം ഒന്നും പറഞ്ഞില്ല. ക്യാമ്പ് കഴിഞ്ഞ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഞാനുണ്ടാകുമെന്ന മെയിലും അയച്ചു. സഞ്ജു ആദ്യമായിട്ടല്ല കെസിഎയ്‌ക്കൊപ്പം കളിക്കുന്നത്. ഒരു ക്യാമ്പ് പ്രഖ്യാപിക്കുമ്പോള്‍ ഇത്തരത്തില്‍ സീനിയര്‍ ആയിട്ടുള്ള ഉത്തരവാദിത്തപ്പെട്ട ഒരു താരം ഒരുവരി സന്ദേശമാണോ അയക്കുക. കാരണവും പറഞ്ഞില്ല," ജയേഷ് ജോര്‍ജ് പറഞ്ഞു.
സഞ്ജു മാറിനിന്നും അതുകൊണ്ട് അദ്ദേഹത്തെ ടീമിലും എടുത്തില്ലെന്നും ജയേഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കൃത്യമായ കാരണം കാണിക്കാതെ സഞ്ജു വിജയ് ഹസാരെ പരിശീലന ക്യാമ്പില്‍ നിന്ന് വിട്ടുനിന്നതില്‍ ബിസിസിഐ സെലക്ടര്‍മാര്‍ക്കും അതൃപ്തിയുള്ളതായാണ് വിവരം. സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്ന നിലപാടാണ് ബിസിസിഐക്ക് നിലവിലുള്ളത്.