സൗന്ദര്യം തികഞ്ഞ മുഖവും സൗന്ദര്യം തികഞ്ഞ ഗാനങ്ങളും. അത് മലയാളിക്ക് എന്നെന്നും ഓര്‍ക്കാനുള്ളതാണ്.
ഗായകന്‍ പി. ജയചന്ദ്രന്റെ വിയോഗത്തില്‍ അനുസ്മരിച്ച് ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മരിച്ച ജയചന്ദ്രനെ ഓര്‍ക്കുന്നതിനേക്കാള്‍ അനശ്വരനായ ജയചന്ദ്രനെ ഓര്‍ക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് കൈതപ്രം പ്രതികരിച്ചു. സൗന്ദര്യം തികഞ്ഞ മുഖവും സൗന്ദര്യം തികഞ്ഞ ഗാനങ്ങളും മലയാളിക്ക് എന്നെന്നും ഓര്‍ക്കാനുള്ളതാണെന്നും കൈതപ്രം പറഞ്ഞു.
'അദ്ദേഹത്തിന്റെ നനുത്ത മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയ ശബ്ദം. അനശ്വരനായ ജയേട്ടനെ ഓര്‍ക്കുന്നതാണ് എനിക്ക് ഇഷ്ടം. അല്ലാതെ മരിച്ച ജയേട്ടനെയല്ല. സൗന്ദര്യം തികഞ്ഞ മുഖവും സൗന്ദര്യം തികഞ്ഞ ഗാനങ്ങളും. അത് മലയാളിക്ക് എന്നെന്നും ഓര്‍ക്കാനുള്ളതാണ്. മനസില്‍ നിലനില്‍ക്കുന്നതാണ്. അനശ്വരനായ ജയചന്ദ്രനെ നമസ്‌കരിക്കുന്നു. എന്റെ ധാരാളം പാട്ടുകള്‍ അദ്ദേഹം പാടണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. സ്‌നേഹ നിര്‍ഭരമായ ഓര്‍മയില്‍, മൊഴികള്‍ കൊണ്ട് ജയേട്ടന് ആദരാഞ്ജലികള്‍. ആ മഹാ പ്രതിഭാധനന്റെ ഓര്‍മയ്ക്ക് മുന്നില്‍ നമസ്‌കരിക്കുന്നു,' കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു.
ALSO READ: മാമി തിരോധാനത്തിൽ വീണ്ടും ദുരൂഹത; മുഹമ്മദ് ആട്ടൂരിൻ്റെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് പരാതി
കഴിഞ്ഞ ദിവസം തൃശൂരിലെ അമല ആശുപത്രിയിലായിരുന്നു പി ജയചന്ദ്രന്‍ അന്തരിച്ചത്. 80 വയസായിരുന്നു. ഏറെ നാളായി അര്‍ബുദം അടക്കമുള്ള വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം ഇന്ന് അമല ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. നാളെ വൈകീട്ട് 3.30ന് പറവൂര്‍ ചേന്ദമംഗലത്തെ കുടുംബ വീട്ടിലാണ് സംസ്‌കാരം.