ചോദ്യം ചെയ്യലിനായി ഡ്രൈവർ രജിത് കുമാറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്
കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിന് പിന്നാലെ രണ്ടുപേരെ കാണാനില്ലെന്ന് പരാതി. ചോദ്യം ചെയ്യലിനായി നോട്ടീസ് ലഭിച്ച മാമിയുടെ ഡ്രൈവറെയും ഭാര്യയേയുമാണ് കാണാതായത്. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കക്കോടി സ്വദേശി രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാതായത്.
രജിത് കുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ കുടുംബമാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഈ മാസം ഏഴാം തീയതി മുതൽ ഇരുവരെയും കാണാനില്ലെന്നാണ് പരാതി. ഇവര്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.
പി.വി. അൻവറിൻ്റെ ഇടപെടലോടെയാണ് മാമി തിരോധാന കേസ് വീണ്ടും സംസ്ഥാന തലത്തിൽ ചർച്ചയായത്. റിയൽ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിനെ കാണാതായി വർഷങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. 2023 ഓഗസ്റ്റ് 22 നാണ് ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ് ആട്ടൂരിനെ കാണാതാകുന്നത്. എഡിജിപി എം.ആർ. അജിത് കുമാർ വരെയും ആരോപണമുനയിൽ നിൽക്കുന്ന കേസാണ് മാമി തിരോധാന കേസ്. കോഴിക്കോട് നഗരത്തിൻ്റെ ഹൃദയ ഭാഗത്തുനിന്നാണ് ഈ വ്യവസായിയെ കാണാതായതെന്നതാണ് പ്രസക്തം. വിവിധയിടങ്ങളിലായി പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ആട്ടൂരിനെ കണ്ടെത്താനായില്ല.
ALSO READ: എന്‍.എം വിജയന്റെ മരണം: മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാക്കള്‍
ഒൻപത് മാസത്തോളം അന്വേഷിച്ചിട്ടും കേസിൽ പുരോഗതിയില്ലെന്ന് കണ്ടതോടെയാണ് മാമിയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് 500 പേരെ ചോദ്യം ചെയ്യുകയും 180 പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് ആട്ടൂരിൻ്റെ ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല.