മൈസൂരുവിൽനിന്ന് ദർഭംഗയിലേക്കു പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് (12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
ചെന്നൈയ്ക്കടുത്ത് കവരൈപ്പേട്ടയിൽ പാസഞ്ചർ തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് റെയിൽവേ അറിയിച്ചു. അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു. മൈസൂരിൽ നിന്ന് ദർഭംഗയിലേക്കു പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് (12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽപ്പെട്ട യാത്രക്കാരുമായി ചെന്നൈ സെൻട്രലിൽ നിന്നും പ്രത്യേക ട്രെയിൻ പുറപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 4.50നാണ് ട്രെയിൻ പുറപ്പെട്ടത്. ട്രെയിനിലുളള മുഴുവൻ യാത്രക്കാർക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കിയെന്ന് റെയിൽവെ അറിയിച്ചു.
ചെന്നൈ കവരൈപേട്ടയിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിലേക്ക് മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 12 കോച്ചുകള്‍ പാളം തെറ്റി. എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് പാഴ്സൽ കോച്ചുകൾക്ക് തീപിടിച്ചു. അപകടത്തിൽ 19 യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. ഇവർ ചെന്നൈ ഗവൺമെന്റ് സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
ഗുഡൂരിലേക്കും തുടർന്ന് ആന്ധ്രാപ്രദേശിലേക്കും പോകുകയായിരുന്ന മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസിൽ 1400ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗുഡ്‌സ് ട്രെയിൻ ലൂപ്പ് ലൈനിലാണ് നിർത്തിയിട്ടിരുന്നത്. മെയിൻ ലൈനിലേക്ക് കടക്കാൻ സിഗ്നൽ ലഭിച്ചിട്ടും മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസ് ലൂപ് ലൈനിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്നാണ് ഗുഡ്സ് ട്രെയിനിലിടിച്ച് അപകടമുണ്ടായത്.
രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ബാലാസൂർ ട്രെയിൻ അപകടവുമുണ്ടായതും സമാനമായ രീതിയിലായിരുന്നു. കോറമാണ്ടൽ എക്സ്പ്രസ് ലൂപ്പ് ലൈനിൽ പ്രവേശിച്ചതാണ് ഗുഡ്സ് ട്രെയിനിൽ ഇടിക്കാൻ കാരണം. തുടർന്നാണ് പാളം തെറ്റി ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റിൽ ഇടിച്ചത്. അപകടത്തിൽ 296 പേരാണ് മരിച്ചത്.
മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസ് മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. അപകടത്തില്‍ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.