വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ബൃഹത്തായ കയറ്റുമതി-ഇറക്കുമതി കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ കൂടുതല്‍ പരിഗണന ലഭിച്ച മേഖലയില്‍ ഒന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമാണ്. ബജറ്റ് പ്രസംഗത്തിന്റെ കവര്‍ ചിത്രത്തില്‍ തുടങ്ങി തുറമുഖത്തിനും അനുബന്ധ വികസനത്തിനുമായി വമ്പന്‍ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ബൃഹത്തായ കയറ്റുമതി-ഇറക്കുമതി കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. തിരുവനന്തപുരത്ത് പത്ത് ഏക്കര്‍ സ്ഥലത്ത് ഔദ്യോഗിക വ്യാപാര വികസന കേന്ദ്രം സ്ഥാപിക്കും. വിഴിഞ്ഞം കേന്ദ്രീകരിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്ക് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് സ്ഥാപനം. 2028-ല്‍ തുറമുഖത്തിന്റെ മൂന്നാം ഘട്ടം പൂര്‍ത്തിയാകും.
വിഴിഞ്ഞം, കൊല്ലം, പുനലൂര്‍ വികസന വളര്‍ച്ചാ ത്രികോണ പദ്ധതി നടപ്പാക്കും. തെക്കന്‍ കേരളത്തില്‍ കപ്പല്‍ നിര്‍മാണ ശാല സ്ഥാപിക്കാന്‍ തയ്യാറാണെന്നും ഇതിന് കേന്ദ്ര സഹകരണം തേടുമെന്നും പ്രഖ്യാപനം. വിഴിഞ്ഞം, കൊല്ലം, പുനലൂര്‍ വികസന വളര്‍ച്ചാ ത്രികോണ പദ്ധതി നടപ്പാക്കും. ഇതിനായി ഭൂമി വാങ്ങാന്‍ കിഫ്ബി വഴി 1000 കോടി നല്‍കും.
വിഴിഞ്ഞം വികസന പദ്ധതിയുടെ ഭാഗമായി എന്‍എച്ച് 66, പുതിയ ഗ്രീന്‍ ഫീല്‍ഡ് ദേശീയപാത നിര്‍മിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പുതിയ റോഡുകളില്‍ ടോള്‍ പിരിവ് ഉണ്ടായേക്കുമെന്ന സൂചനയും ധനമന്ത്രി നല്‍കി.
Also Read: കേരള ബജറ്റ് ഒറ്റനോട്ടത്തില്‍
കേട്ടിരിക്കുന്നവര്‍ക്ക് സന്തോഷമുണ്ടാക്കുന്ന വാക്കുകളുമായി ധനമന്ത്രി കെ.എന്‍. ബാലഗോപിന്റെ ആദ്യ ബജറ്റ് അവതരണമായിരുന്നു ഇത്. ഇതുവരെ കേന്ദ്രം ഞെരുക്കുന്നതിന്റെ കാരണങ്ങളിലാണ് ആരംഭിച്ചതെങ്കില്‍ ഇനി സ്വന്തം വഴി തീരുമാനിച്ചു എന്നാണ് ആ പ്രഖ്യാപനം. കേന്ദ്രം ഒരു രൂപ പോലും കൂടുതല്‍ തരില്ലെന്നും ജിഎസ്ടി വിഹിതം ഉയര്‍ത്തില്ലെന്നും തിരിച്ചറിഞ്ഞ് സ്വന്തം നിലയ്ക്ക് കേരളം ഇറങ്ങുന്നു എന്നാണ് ആ വാക്കുകള്‍. സംസ്ഥാനം ഞെരുക്കത്തില്‍ നിന്നു കരകയറുന്നു എന്നു പ്രഖ്യാപിക്കുന്നത് മൂന്നു വഴികളിലൂടെയാണ്. ഒന്ന് ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശിക തീര്‍ക്കുന്നു. രണ്ട് ക്ഷേമ പെന്‍ഷന്‍ കൂടുമെന്നു പറഞ്ഞില്ലെങ്കിലും മൂന്നുമാസത്തെ കുടിശിക തീര്‍ക്കാന്‍ 2700 കോടി രൂപ അനുവദിക്കുന്നു. 60 ലക്ഷം ക്ഷേമ പെന്‍ഷന്‍ കാരുടെ കയ്യില്‍ 4800 രൂപവീതം എത്താന്‍ വഴിതുറന്നു. മൂന്ന് കേന്ദ്രം കനിഞ്ഞില്ലെങ്കിലും വയനാടിന് സംസ്ഥാനം 750 കോടി നീക്കിവയ്ക്കുന്നു.
Also Read: ബജറ്റ് അവതരണത്തില്‍ ട്രംപിന് വിമര്‍ശനം; ശ്രദ്ധേയമായി ധനമന്ത്രിയുടെ പരാമര്‍ശങ്ങള്‍
തീരദേശം പാത മുതല്‍ മലയോര പാതയും കൊച്ചി കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയും വരെ വിപണിയിലേക്ക് പണം ഇറങ്ങാനുള്ള നിരവധി വഴികളാണ് ധനമന്ത്രി തുറന്നത്. അതിവേഗ പാത ആവശ്യമാണെന്ന ഒറ്റവരിയില്‍ സില്‍വര്‍ ലൈന്‍ എന്‍ജിന്‍ ഓഫ് ചെയ്തിട്ടില്ലെന്നും ബജറ്റ് പ്രഖ്യാപിച്ചു.
അതേസമയം, കിഫ്ബിയെ വരുമാനമുള്ളതാക്കി മാറ്റുമെന്ന പ്രഖ്യാപനം ടോള്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിമര്‍ശിച്ചു. ടോള്‍ പിരിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.