കേരളത്തിലെ മൂന്നാമത്തെ ലത്തീൻ അതിരൂപതയാകും ഇതോടെ കോഴിക്കോട് അതിരൂപത
കോഴിക്കോട് രൂപതയെ മാർപാപ്പ അതിരൂപതയായി പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 3.15 നാണ് ഫ്രാൻസിസ് മാർപാപ്പ കോഴിക്കോട് രൂപതയെ അതിരൂപതയായി പ്രഖ്യാപിച്ചത്. അതോടെ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ആർച്ച് ബിഷപ്പ് ആകും. കോഴിക്കോട്ടെ ചടങ്ങിൽ പ്രഖ്യാപനം നടത്തിയത് ജോസഫ് പാംപ്ലാനിയാണ്.
കേരളത്തിലെ മൂന്നാമത്തെ ലത്തീൻ അതിരൂപതയാകും ഇതോടെ കോഴിക്കോട് അതിരൂപത. ഇന്ത്യയിലെ 25ാമത് അതിരൂപതയും മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയുമാണ് കോഴിക്കോട്. കണ്ണൂർ, സുൽത്താൻ പേട്ട്, കോഴിക്കോട് രൂപതകൾ ചേർന്നതാകും കോഴിക്കോട് അതിരൂപത.
കോഴിക്കോട് രൂപത രൂപീകൃതമായി 102 വർഷം തികയുന്ന വേളയിലാണ് പ്രഖ്യാപനം. 1923 ജൂൺ 12നാണ് കോഴിക്കോട് രൂപത സ്ഥാപിതമാകുന്നത്. ബിഷപ്പ് പദവിയിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ. 2012ലാണ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ ബിഷപ്പാകുന്നത്. ബിഷപ്പ് പദവിയിൽ ബിഷപ്പ് വർഗീസ് ചക്കാലക്കൽ രജതജൂബിലി ആഘോഷിക്കുന്ന വേള കൂടിയാണിത്.
ALSO READ: തൊമ്മൻകുത്തിലെ കുരിശ് പൊളിച്ച് നീക്കി; സ്ഥാപിച്ചത് വനഭൂമിയിലെന്ന് വനംവകുപ്പ്
കോഴിക്കോട് രൂപതയിലും മറ്റ് രൂപതകളിലുമുള്ള ബിഷപ്പുമാരൊക്കെയും രൂപത ആസ്ഥാനത്തെ പരിപാടിയിൽ പങ്കെടുത്തു. താമരശേരി, തലശേരി രൂപതയിലെ ബിഷപ്പുമാരും പരിപാടിയിൽ പങ്കെടുത്തു. പ്രഖ്യാപനം കേൾക്കാൻ വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും രൂപത ആസ്ഥാനത്തെത്തി.
കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പായ ഡോ. വർഗീസ് ചക്കലാക്കൽ കോഴിക്കോട് രൂപതയുടെ ആറാമത്തെ മെത്രാനാണ്. നിലവിൽ KRLCBCയുടെ അധ്യക്ഷനും, മുൻ കെസിബിസി ജനറൽ സെക്രട്ടറിയും, മുൻ സിബിസിഐ ജനറൽ സെക്രട്ടറിയുമാണ്. തൃശൂർ ജില്ലയിലെ കോട്ടപ്പുറം മാളയിലാണ് അദ്ദേഹത്തിൻ്റെ ജനനം. മാള പള്ളിപ്പുറം സെൻ്റ് ആൻ്റണീസ് ഇടവകാംഗമാണ്.