കോൺഗ്രസ് നേതാക്കൾ സന്ദീപിനെ വാനോളം പുകഴ്ത്തുകയായിരുന്നു. മതേതര രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് വിഡി സതീശൻ പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ ഒരു ട്വിസ്റ്റ് തന്നെയായിരുന്നു ബിജെപി വിട്ടിറങ്ങിയ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശം. പാർട്ടിയിലെത്തിയ സന്ദീപ് വാര്യർക്ക് ഊഷ്മളമായ സ്വീകരണമാണ് കോൺഗ്രസ് നേതാക്കൾ നൽകിയത്. വിദ്വേഷ രാഷ്ട്രീയം വിട്ട് വന്നതിൽ സന്ദീപിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എത്തി. കോൺഗ്രസിൻ്റെ വാർത്താസമ്മേളനത്തിന് ഇടയിലേക്ക് കയറിവന്ന സന്ദീപിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.
കോൺഗ്രസ് നേതാക്കൾ സന്ദീപിനെ വാനോളം പുകഴ്ത്തുകയായിരുന്നു. മതേതര രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് വി.ഡി. സതീശൻ പറഞ്ഞു. സന്ദീപ് പാലക്കാട് വേരോട്ടമുള്ള നേതാവാണെന്ന് കെ. സുധാകരനും പ്രതികരിച്ചു.
അതേസമയം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീവ് വാര്യരെ ശിഖണ്ഡിയോടുപമിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചത്. ശിഖണ്ഡിയെ മുൻനിർത്തി യുദ്ധം ജയിക്കാമെന്ന ധാരണ വേണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തോടെ കോൺഗ്രസ്-ബിജെപി ഡീൽ കൂടുതൽ വ്യക്തമായെന്ന് മുൻ LDF കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു.
സന്ദീപ് വാര്യർ പോയത് തീവ്ര ഹിന്ദുത്വയിൽ നിന്ന് മൃദു ഹിന്ദുത്വയിലേക്ക് എന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. സന്ദീപ് ഇടത് നിലപാട് സ്വീകരിക്കാനായില്ല. പോയത് ബൂർഷ്വാ പാർട്ടിയിലേക്കാണ്. പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലെന്നും ഗോവിന്ദൻ ന്യൂസ് മലയാളം ക്രോസ് ഫയറിൽ പ്രതികരിച്ചു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറി വിട്ട് സ്നേഹത്തിന്റെ കടയിലേക്കാണ് താൻ മെമ്പർഷിപ്പ് എടുക്കുന്നതെന്നാണ് സന്ദീപ് വാര്യരുടെ ആദ്യ പ്രതികരണം. ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് എങ്ങനെ ജാമ്യം ലഭിച്ചെന്ന് ബിജെപി വിശദീകരിക്കണം. സ്ഥാനാർത്ഥി ഉൾപ്പെടെ മറുപടി പറയണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.