fbwpx
പിതാവ് കൃഷിഭൂമി വിറ്റ് ക്രിക്കറ്റ് പരിശീലിപ്പിച്ച ബാലന്‍; ഇന്ന് ഐപിഎല്ലിലെ പ്രായം കുറഞ്ഞ ക്രിക്കറ്റര്‍, കോടിപതി
logo

ന്യൂസ് ഡെസ്ക്

Posted : 26 Nov, 2024 05:03 PM

ഡല്‍ഹി ക്യാപിറ്റല്‍സുമായിട്ടുള്ള വാശിയേറിയ ലേലത്തിനൊടുവിലാണ് രാജസ്ഥാന്‍ വൈഭവിനെ സ്വന്തമാക്കിയത്

CRICKET

വൈഭവ് സൂര്യവംശി


ബിഹാറിലെ സമസ്തിപുര്‍ നഗരത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ, മോത്തിപുര്‍ ഗ്രാമത്തിലെ സഞ്ജീവ് സൂര്യവംശി എന്ന കര്‍ഷകന്‍ പറഞ്ഞറിക്കാനാവാത്ത സന്തോഷത്തിലാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പാണ്, പത്തുവയസുള്ള മകന്റെ ക്രിക്കറ്റ് മോഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ അദ്ദേഹം സ്വന്തം കൃഷിയിടം വില്‍ക്കുന്നത്. ഇന്ന് ഐപിഎല്ലിലെ പ്രായം കുറഞ്ഞ, കോടിപതിയായ ക്രിക്കറ്ററുടെ പിതാവാണ് അദ്ദേഹം. ഐപിഎല്ലിലെ അത്ഭുതബാലനായി ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന വൈഭവ് സൂര്യവംശിയുടെ ക്രിക്കറ്റ് യാത്രയെ ചുരുക്കത്തില്‍ ഇങ്ങനെ പറയാം. ജിദ്ദയില്‍ നടന്ന ഐപിഎല്‍ ലേലത്തിന്റെ രണ്ടാം ദിനത്തിലാണ് വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് ഒരു കോടി പത്ത് ലക്ഷത്തിന് സ്വന്തമാക്കിയത്. 30 ലക്ഷമായിരുന്നു വൈഭവിന്റെ അടിസ്ഥാന വില. ഡല്‍ഹി ക്യാപിറ്റല്‍സുമായിട്ടുള്ള വാശിയേറിയ ലേലത്തിനൊടുവിലാണ് രാജസ്ഥാന്‍ വൈഭവിനെ സ്വന്തമാക്കിയത്. പതിമൂന്നുകാരനെ ഐപിഎല്ലിലേക്ക് സ്വാഗതം ചെയ്ത് മിക്ക ഫ്രാഞ്ചൈസികളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിട്ടുമുണ്ട്.


ALSO READ: ഏഴ് റണ്‍സിന് ഓള്‍ ഔട്ട്! ടി20യിലെ ഏറ്റവും ചെറിയ സ്കോറിന് പുതിയ അവകാശികള്‍


എട്ടാം വയസില്‍, അണ്ടര്‍ 16 ജില്ലാ ട്രയല്‍സില്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് വൈഭവിന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ വേഗം പൂകുന്നത്. മകന്റെ വളര്‍ച്ച മുന്നില്‍ക്കണ്ട് പിതാവ് സഞ്ജീവ് അവനെ സമസ്തിപുരില്‍ ക്രിക്കറ്റ് പരിശീലനത്തിനായി ചേര്‍ത്തു. കിറ്റിനും പരിശീലനത്തിനുമുള്ള സാമ്പത്തിക ആവശ്യങ്ങള്‍ വലുതായിരുന്നു. അങ്ങനെയാണ് സഞ്ജീവ് കൃഷിഭൂമി വില്‍ക്കുന്നത്. ഇന്ന് മകന്റെ നേട്ടത്തില്‍ ഏറെ സന്തോഷത്തിലാണ് സഞ്ജീവ്. "കഷ്ടപ്പാടുകള്‍ക്കൊപ്പം, അവന്‍ ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. വൈഭവ് എന്റെ മാത്രമല്ല, ഇപ്പോള്‍ ബിഹാറിന്റെ കൂടി പുത്രനാണ്" -സഞ്ജീവ് അഭിമാനം കൊള്ളുന്നു. വൈഭവിന് പതിനഞ്ച് വയസുണ്ടെന്ന ആരോപങ്ങള്‍ക്കും സഞ്ജീവിന് കൃത്യമായ മറുപടിയുണ്ട് -"എട്ടര വയസുണ്ടായിരുന്നപ്പോള്‍ ബിസിസിഐ എല്ല് പരിശോധന നടത്തിയിട്ടുണ്ട്. അണ്ടര്‍ 19ലും കളിച്ചിട്ടുണ്ട്. ഏത് വിധത്തിലുള്ള പരിശോധന ഇനിയും ആകാം. ഒരു ഭയവുമില്ല".

2023ല്‍ കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ബിഹാറിനുവേണ്ടി സെഞ്ചുറി നേടിയതോടെയാണ് വൈഭവ് ശ്രദ്ധിക്കപ്പെടുന്നത്. ആദ്യ ഇന്നിങ്സില്‍ 128 പന്തില്‍ 11 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെയായിരുന്നു വൈഭവിന്റെ കുതിപ്പ്. രണ്ടാം ഇന്നിങ്സില്‍ 76 റണ്‍സും നേടി. ഈ വര്‍ഷം ജനുവരി അഞ്ചിനായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം. പട്നയില്‍ മുംബൈക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ പ്രായം, 12 വര്‍ഷം 284 ദിവസം. രജ്ഞിയില്‍ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ നാലാമത്തെ താരമായി വൈഭവ്. ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റില്‍ ഇന്ത്യ എ ടീമിനുവേണ്ടിയും വൈഭവ് കളിക്കാനിറങ്ങി. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 62 പന്തില്‍ 104 റണ്‍സെടുത്ത് ശ്രദ്ധേയനായി. അപ്പോള്‍ പ്രായം 13 വര്‍ഷം, 188 ദിവസം. ഒട്ടനവധി റെക്കോഡുകളും അന്ന് പിറന്നു. 58 പന്തിൽ സെഞ്ചുറി തികച്ച വൈഭവ് അണ്ടർ 19 ടെസ്റ്റി‍ൽ വേഗത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി. ഇംഗ്ലണ്ട് താരം മൊയീൻ അലിയാണ് (56 പന്തിൽ സെഞ്ചറി) ഒന്നാമത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയന്‍ എന്ന നേട്ടവും വൈഭവിന് സ്വന്തമായി. ഇപ്പോള്‍ ബംഗ്ലാദേശ് സീനിയർ ടീം ക്യാപ്റ്റനായ നജ്മൽ ഷാന്റോ കുറിച്ച റെക്കോർഡാണ് വൈഭവ് മറികടന്നത്. 2013ൽ‌ ശ്രീലങ്കൻ‌ അണ്ടർ 19 ടീമിനെതിരെ സെഞ്ചുറി നേടുമ്പോൾ ഷാന്റോയുടെ പ്രായം 14 വര്‍ഷവും 241 ദിവസവുമായിരുന്നു. യൂത്ത് ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി കൂടിയായിരുന്നു അന്ന് വൈഭവ് നേടിയത്. ഇന്ത്യ അണ്ടർ 19 എ, ഇന്ത്യ അണ്ടർ 19 ബി, ഇംഗ്ലണ്ട് അണ്ടർ 19, ബംഗ്ലാദേശ് അണ്ടർ 19 എന്നീ ടീമുകളുടെ പരമ്പരയിലും സൂര്യവംശി കളിച്ചു. അഞ്ച് കളികളില്‍ 53, 74, 0, 41, 0 എന്നിങ്ങനെയായിരുന്നു സ്കോര്‍.


ALSO READ: ഡബിൾ സെഞ്ചുറിയുമായി വരവറിയിച്ച് 'ജൂനിയർ സെവാഗ്'


13 വയസുള്ളപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു? എന്ന തലവാചകത്തോടെയാണ് വൈഭവിന്റെ ടീമിലേക്കുള്ള വരവ് രാജസ്ഥാന്‍ റോയല്‍സ് സമൂഹമാധ്യമങ്ങളില്‍ അറിയിച്ചത്. അണ്ടര്‍ 19 ഏഷ്യാ കപ്പിനായി ദുബൈയിലാണ് വൈഭവ് ഇപ്പോള്‍.


KERALA
തൃശൂർ നാട്ടികയിലെ അപകടം: മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ
Also Read
user
Share This

Popular

NATIONAL
KERALA
രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹർജി; കേന്ദ്ര സർക്കാരിനോട് വിശദാംശങ്ങള്‍ തേടി അലഹബാദ് ഹൈക്കോടതി