പെർത്തിലെ വിജയം ഇന്ത്യൻ ടീമിന് ഓസ്‌ട്രേലിയയെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ തോൽപ്പിക്കാൻ കഴിയുമെന്നതിന് തെളിവാണെന്നും ഗവാസ്കർ പറഞ്ഞു
ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീം നേടിയ 295 റൺസിൻ്റെ അവിസ്മരണീയ വിജയത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ മാധ്യമങ്ങളുടെ നിലപാടുകളെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും ഇതിഹാസവുമായ സുനിൽ ഗവാസ്കർ. പെർത്തിലെ വിജയം ഇന്ത്യൻ ടീമിന് ഓസ്‌ട്രേലിയയെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ തോൽപ്പിക്കാൻ കഴിയുമെന്നതിന് തെളിവാണെന്നും ഗവാസ്കർ പറഞ്ഞു.
2008ൽ അനിൽ കുംബ്ലെയുടെ നായകത്വത്തിന് കീഴിൽ ഓസ്‌ട്രേലിയക്കെതിരെ പെർത്തിൽ ഇന്ത്യ നേടിയ ഒരേയൊരു വിജയം ഗവാസ്‌കർ അനുസ്മരിച്ചു. സിഡ്‌നിയിലെ ഹർഭജൻ സിങ്-ആൻഡ്രൂ സൈമണ്ട്‌സ് വാക്ക്പോരിനെ തുടർന്നുണ്ടായ വംശീയ വെറി ആരോപണങ്ങളിൽ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ഇന്ത്യയെ പരുഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ജയമെന്നും ഗവാസ്കർ ഓർത്തെടുത്തു. ഈ വർഷം ജൂണിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ സൂര്യകുമാർ യാദവിൻ്റെ ബൗണ്ടറി ലൈൻ ക്യാച്ചിൻ്റെ നിയമസാധുതയെ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ചോദ്യം ചെയ്ത രീതിയും അദ്ദേഹം ഓർത്തെടുത്തു.
“ലോക ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിൻ്റെ സമ്പൂർണാധിപത്യ കാലഘട്ടത്തിന് ശേഷം, അടുത്ത 10-15 വർഷത്തോളം ഓസ്‌ട്രേലിയയായിരുന്നു ക്രിക്കറ്റ് ലോകത്തെ കിരീടം വെക്കാത്ത രാജാക്കന്മാർ. അക്കാലത്തൊന്നും അവർക്ക് പെർത്തിലേത് പോലെ ഇത്രയും വലിയൊരു തോൽവി നേരിടേണ്ടി വന്നിട്ടില്ല. അടുത്ത 15 വർഷക്കാലം ഇന്ത്യൻ ക്രിക്കറ്റിൻ്റേതായിരുന്നു. 2008ലെ പെർത്തിലെ ഇന്ത്യയുടെ വിജയം ഓർമയില്ലേ... ഹർഭജൻ സിങ്ങും ആൻഡ്രൂ സൈമണ്ട്‌സും തമ്മിലുള്ള ആ പഴയ വാക്കുതർക്കത്തിന് തൊട്ടുപിന്നാലെ ഇന്ത്യൻ ടീമിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ കടുത്ത വിമർശനമാണ് ഉന്നയിച്ചിരുന്നത്. എന്നാൽ ആ മത്സരം ഇന്ത്യ ജയിച്ചു," ഗവാസ്കർ പറഞ്ഞു.
ALSO READ: ആരാണ് വിഘ്നേഷ് പുത്തൂർ? മുംബൈ ഇന്ത്യൻസ് റാഞ്ചിയ 'ചൈനാമാൻ സ്പിന്നറായ' മലയാളിപ്പയ്യൻ്റെ വിശേഷങ്ങൾ
"പെർത്തിലെ ആ പഴയ വിജയവും, ഇത്തവണത്തെ വിജയവും... ഓരോ തവണയും ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ഇന്ത്യക്കെതിരെ എങ്ങനെയാണ് നിലപാട് സ്വീകരിക്കുന്നതെന്നാണ് കാണിക്കുന്നത്. ടി20 ലോകകപ്പ് ഫൈനലിൽ സൂര്യകുമാർ യാദവിൻ്റെ ബൗണ്ടറി ലൈനിലെ ആ ക്യാച്ച് ഓർമയില്ലേ? ആ ക്യാച്ചിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്യുന്ന നിരവധി റിപ്പോർട്ടുകൾ ഓസ്‌ട്രേലിയൻ മാധ്യമങ്ങളിൽ എഴുതിയതായി കണ്ടിരുന്നു. ഓസ്‌ട്രേലിയയിൽ ഇരിക്കുന്ന നിങ്ങൾക്ക് സൂര്യകുമാറിൻ്റെ കാലുകൾ ബൗണ്ടറി ലൈനിൽ തൊട്ടോ ഇല്ലയോ എന്ന് എങ്ങനെ ചോദിക്കാനാകും? ഈ സാഹചര്യത്തിലാണ് ഈ പരമ്പരയിൽ ഓസീസിനെ പരാജയപ്പെടുത്താൻ കരുത്തുള്ളവരാണ് ഇന്ത്യൻ ടീമെന്ന് തെളിയിക്കപ്പെട്ടത്,” ഗവാസ്കർ ഓസീസ് മാധ്യമങ്ങളെ പരിഹസിച്ചു.