fbwpx
പാകിസ്ഥാനില്‍ ഇമ്രാൻ ഖാന്‍റെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധം രൂക്ഷമാകുന്നു; ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കി സൈന്യം
logo

ന്യൂസ് ഡെസ്ക്

Posted : 26 Nov, 2024 08:17 PM

പാർട്ടി പ്രവർത്തകർ നടത്തിയ ഇസ്ലാമാബാദ് മാർച്ചിനിടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു

WORLD


പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ ജയിൽ മോചിതനാക്കാൻ ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പ്രവർത്തകർക്ക് നേരെ ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ട് സൈന്യം.  പാർട്ടി പ്രവർത്തകർ നടത്തിയ ഇസ്ലാമാബാദ് മാർച്ചിനിടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. നാല് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റു. അതീവ സുരക്ഷാ മേഖലയിലേക്ക് പ്രവർത്തകർ കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.

ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, പ്രതിഷേധക്കാരെ നേരിടാന്‍ പാകിസ്ഥാൻ സൈന്യം എത്തിയതോടെയാണ് സെക്ഷൻ 245 പ്രകാരം 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ് പുറപ്പെടുവിച്ചത്. സായുധ സേനയ്ക്ക് "ബാഹ്യ ആക്രമണങ്ങള്‍ക്കോ യുദ്ധ ഭീഷണിക്കോ എതിരെ പാകിസ്ഥാനെ പ്രതിരോധിക്കാൻ"  ലക്ഷ്യമാക്കിയുള്ള നിയമമാണിത്. ഏതെങ്കിലും തരത്തിലുള്ള ജുഡീഷ്യൽ ഇടപെടലുകളോ ഭാവി നടപടികളോ ഉണ്ടാകാത്തതിനാല്‍ ഈ നിയമം സൈന്യത്തിന് പൂർണ സ്വാതന്ത്രം നല്‍കുന്നു.

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവുമായി ഇമ്രാൻഖാനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പാർട്ടി പ്രവർത്തകരുടെ ഇസ്ലാമാബാദ് മാർച്ച്. ഞായറാഴ്ച ആരംഭിച്ച പ്രതിഷേധ റാലി തിങ്കളാഴ്ച ഇസ്ലാമാബാദിലെത്തി. തുടർന്ന് നഗരത്തിൽ പലയിടത്തായി പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ചൊവ്വാഴ്ച നഗരത്തിലെ അതീവ സുരക്ഷാ സോണായ ഡി ചൗക്കിലേക്ക് റാലി ആരംഭിച്ചതോടെ സംഘർഷം മൂർധന്യത്തിലെത്തി. തുടർന്നുള്ള സംഘർഷത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും കൊല്ലപ്പെട്ടത്.

Also Read: ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിൽ വെടിനിർത്തൽ അംഗീകരിക്കാൻ തയ്യാർ; പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്

പൊലീസ് ഉദ്യോഗസ്ഥർ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നും 120 ഓളം പേർക്ക് പരുക്കേറ്റതായും പ്രവിശ്യാ ചുമതലയുള്ള ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 22 പൊലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ തീയിട്ടു. പരുക്കേറ്റ ഉദ്യോഗസ്ഥരുടേയും സമരക്കാരുടേയും നില ഗുരുതരമാണ്. പിടിഐയുടെ നിരവധി പ്രവർത്തകർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇമ്രാൻഖാൻ്റെ ഭാര്യ ബുഷ്റ ബീബിയാണ് പ്രതിഷേധം നയിക്കുന്നത്. പാക് പാർലമെൻ്റ്, സർക്കാർ സ്ഥാപനങ്ങൾ, എംബസികൾ ഉൾപ്പടെയുള്ള മേഖലയാണ് ഡി ചൗക്. ഇവിടെ പ്രതിഷേധിക്കാനായിരുന്നു പിടിഐയുടെ തീരുമാനം.

പ്രതിഷേധം അവസാനിപ്പിക്കുകയോ, ഡി ചൗക്കിൽ നിന്ന് പ്രതിഷേധം മാറ്റുകയോ ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം പിടിഐ നിരാകരിച്ചു. ബാരിക്കേഡും ട്രക്കുകളും കോൺക്രീറ്റ് ബ്ലോക്കുകളും വെച്ച് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ അത് മാറ്റാൻ ശ്രമിച്ച് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം കൊല്ലപ്പെട്ട സംഭവത്തിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വിയും അപലപിച്ചു. രാജ്യത്ത് കലാപമുണ്ടാക്കി അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും ഇത് അടിച്ചമർത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Also Read: അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം; ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

2018നും 2022 നും ഇടയിൽ 3 വർഷത്തിലധികം പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന്‍ ഒരു വർഷത്തിലേറെയായി തടവിലാണ്. ഇമ്രാനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട്. വഞ്ചനയും അഴിമതിയും മുതൽ നശീകരണവും തീകൊളുത്തലും വരെയുള്ള ഡസൻ കണക്കിന് കേസുകളാണ് ഭരണകൂടം ഇമ്രാനെതിരെ ചുമത്തിയിട്ടുള്ളത്. രാജ്യദ്രോഹ കുറ്റവും ആരോപിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതെല്ലാം തന്‍റെ രാഷ്ട്രീയ തിരിച്ചുവരവ് തടയാനാണെന്നാണ് ഇമ്രാന്‍ പറയുന്നത്.

EXPLAINER
വരുന്നു പാന്‍ 2.0; നിങ്ങളുടെ പഴയ പാൻ കാർഡ് ഇനി പ്രവർത്തിക്കുമോ?
Also Read
user
Share This

Popular

NATIONAL
KERALA
'ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശില'; ഭരണഘടനാ ദിനം ആഘോഷിച്ച് രാജ്യം, ആശംസകൾ നേർന്ന് നേതാക്കൾ