ജീൻസ് ഉപയോഗിക്കാൻ ഉപാധികളോടെ അനുമതി നൽകിയ ഫിഡെ ഡ്രസ് കോഡ് നിർബന്ധമാണെന്നും അറിയിച്ചു
ജീൻസ് വിവാദത്തിന് പിന്നാലെ ഡ്രസ് കോഡില്‍ മാറ്റം വരുത്തി ഫിഡെ (FIDE). ജീൻസ് ഉപയോഗിക്കാൻ ഉപാധികളോടെ അനുമതി നൽകിയ ഫിഡെ ഡ്രസ് കോഡ് നിർബന്ധമാണെന്നും അറിയിച്ചു. ഫെഡറേഷൻ തീരുമാനത്തിന് പിന്നാലെ മത്സരത്തില്‍ നിന്നും പ്രതിഷേധിച്ച് പിന്മാറിയ മാഗ്നസ് കാൾസൺ ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിലേക്ക് തിരിച്ചെത്തി. നിലവില്‍ വേൾഡ് റാപ്പിഡ്, ബ്ലിറ്റ്സ് ചാംപ്യനാണ് കാള്‍സണ്‍.
ജീൻസ് ധരിച്ച് റാപ്പിഡ് , ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ, അഞ്ച് തവണ ലോക ചാംപ്യനായ മാഗ്നസ് കാൾസണിന് 200 ഡോളർ പിഴ ചുമത്തുകയും റാപിഡ് വിഭാഗത്തില്‍ അയോഗ്യനാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ലോക ചെസ് ചാംപ്യൻഷിപ്പിലെ ബ്ലിറ്റ്സ് വിഭാഗത്തില്‍ നിന്ന് കാൾസൺ പിന്മാറിയത്. 'ആവർത്തിച്ചുള്ള ഡ്രസ് കോഡ് ലംഘനം' കാരണമാണ് നടപടിയെന്നായിരുന്നു ചീഫ് ആർബിറ്റർ അലക്സ് ഹോളോവ്സാക്കിന്റെ വിശദീകരണം.
Also Read: ബോക്സിങ് ഡേ ടെസ്റ്റിൽ ആവേശമില്ല; ജെയ്സ്വാളിന് ഫിഫ്റ്റി, സമനില പ്രതീക്ഷിച്ച് ഇന്ത്യ
മത്സരത്തിൽ നിന്നും പിന്മാറിയതിനു പിന്നാലെ ഫിഡെ മടുത്തുവെന്നും അവരുമായി ചേർന്ന് പ്രവർത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും കാള്‍സന്‍ പറഞ്ഞിരുന്നു. പ്രൊഫഷണലിസവും നീതിയും ഉറപ്പാക്കുന്നതിനാണ് ഡ്രസ് കോഡുകൾ രൂപീകരിച്ചിരിക്കുന്നതെന്നായിരുന്നു നടപടിക്ക് ശേഷമുള്ള ഫിഡെയുടെ പ്രസ്താവന.
Also Read: വിശ്വവിജയിയായി കൊനേരു ഹംപി; ലോക ചെസ് ചാംപ്യൻഷിപ്പിൽ വീണ്ടും ഇന്ത്യൻ അപ്രമാദിത്തം