പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ അക്ഷയ് ഷിൻഡെ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് വെടിയേറ്റ് മരിച്ചത്
മഹാരാഷ്ട്ര ബദ്‌ലാപൂർ ബലാത്സംഗക്കേസിൽ പൊലീസിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ പ്രതിയുടെ പക്ഷം പിടിക്കുന്നു. പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പ്രവൃത്തി അപലപനീയവും ദൗർഭാഗ്യകരവുമാണെന്നും ഷിൻഡെ പറഞ്ഞു.
READ MORE: ദളിതർക്കെതിരായ അതിക്രമങ്ങളിൽ മുന്നിൽ യുപി; ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നു
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ അക്ഷയ് ഷിൻഡെ, പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് വെടിയേറ്റ് മരിച്ചത്. വെടിവെപ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിരുന്നു. കേസിൽ തെളിവ് നശിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പ്രതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അതേസമയം, ഇരു കൈകളും ബന്ധിച്ചിരിക്കുന്ന പ്രതി തോക്കെടുത്ത് വെടിവെക്കാൻ ശ്രമിച്ചു എന്ന വിശദീകരണം തെളിവ് നശിപ്പിക്കുന്നതിൻ്റെ ഭാഗമായാണെന്ന് പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ പറഞ്ഞു. "കൈകൾ ബന്ധിച്ചിരിക്കുന്ന പ്രതിക്ക് എങ്ങനെയാണ് തോക്ക് ലഭിക്കുന്നത്. പൊലീസിൻ്റെ അശ്രദ്ധയാണ് ഇവിടെ വ്യക്തമാകുന്നത്. എന്നിട്ട് സ്വയം രക്ഷാർഥം പ്രതിയെ വെടിവെച്ചുകൊലപ്പെടുത്തിയെന്ന് പറയുന്നു. ബിജെപിയുമായി ബന്ധമുള്ള സ്കൂൾ മാനേജ്മെൻ്റിനെതിരെ ഒരു നടപടിയുമില്ല. സംശയാസ്പദമായ രീതിയിലാണ് പ്രതിയെ കൊലപ്പെടുത്തിയത്. ബദ്ലാപൂർ പൊലീസിൽ വിശ്വാസമില്ല. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം"- വിജയ് വഡെറ്റിവാർ ആവശ്യപ്പെട്ടു.
READ MORE: ബദ്ലാപൂരിൽ നഴ്സറി പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസിൻ്റെ വെടിയേറ്റ് മരിച്ചു
2019 ൽ തെലങ്കാനയിൽ നാല് ബലാത്സംഗകേസ് പ്രതികളെ വെടിവെച്ചുകൊന്ന കേസിലും പൊലീസ് സ്വയം രക്ഷാർഥം പ്രതികൾക്കെതിരെ വെടിയുതിർത്തതെന്നാണ് വാദം. ബദ്‌ലാപൂർ ലൈംഗികാതിക്രമ കേസിലും ഇതേ വാദം ആവർത്തിക്കുന്നു. ദുരൂഹമായ എന്തെങ്കിലും കാര്യങ്ങൾ മറച്ചുവെക്കുന്നതിൻ്റെ ഭാഗമായാണോ പ്രതിയെ കൊലപ്പെടുത്തിയതെന്ന് ശിവസേന (യുബിടി) വക്താവ് സുഷമ അന്ധാരെ ചോദിച്ചു. എന്തുകൊണ്ടാണ് സ്കൂൾ മാനേജ്മെൻ്റ് പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത്. ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ മുഖ്യമന്ത്രി തയാറാകണം. ആഭ്യന്തരവകുപ്പിൻ്റെ കഴിവുകേടാണ് ഇത് കാണിക്കുന്നതെന്നും സുഷമ അന്ധാരെ പറഞ്ഞു.