fbwpx
Assembly Election 2024 | മഹാരാഷ്ട്രയില്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ; ജാർഖണ്ഡില്‍ ശക്തി തെളിയിച്ച് ഇന്ത്യാ സഖ്യം
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Nov, 2024 10:55 AM

മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രണ്ടിടത്തും കേവല ഭൂരിപക്ഷവും കടന്ന് മുന്നണികള്‍

ASSEMBLY POLLS 2024


മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രണ്ടിടത്തും കേവല ഭൂരിപക്ഷവും കടന്ന് മുന്നണികള്‍. മഹാരാഷ്ട്രയില്‍ എൻഡിഎയാണ് മുന്നേറുന്നത്. മഹാരാഷ്ട്രയിൽ മഹായുതി സഖ്യം 216 ഇടത്തും, മഹാവികാസ് അഘാഡി 60 ഇടത്തും, മറ്റുള്ളവർ 12 ഇടത്തും ലീഡ് ചെയ്യുന്നു. ജാർഖണ്ഡില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യമാണ്  മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യാ മുന്നണി 50 ഇടത്തും, എൻഡിഎ 29 ഇടത്തും, മറ്റുള്ളവർ രണ്ടിടത്തും ലീഡ് ചെയ്യുകയാണ്.


ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം തത്സമയം: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ 2,812 വോട്ടുകൾക്ക് മുന്നിട്ടുനിൽക്കുന്നു


ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ബർഹെയ്ത് നിയമസഭാ മണ്ഡലത്തിൽ ബിജെപിയുടെ ഗാംലിയേൽ ഹെംബ്രോമിനെക്കാൾ 2,812 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.


ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം തത്സമയം: ആദ്യ പ്രതികരണവുമായി ജെഎംഎം


'ഹേമന്ത് സർക്കാരിൻ്റെ' വിജയത്തിൽ പൂർണ ആത്മവിശ്വാസമുണ്ട്, ജാർഖണ്ഡിലെ ഞങ്ങളുടെ വോട്ടർമാരെ ഞങ്ങൾ വിശ്വസിക്കുന്നു: ജെഎംഎം



മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം തത്സമയം: 4000 വോട്ടുകൾക്ക് ഫഡ്‌നാവിസ് ലീഡ് ചെയ്യുന്നു

ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ 3,939 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.


മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം തത്സമയം: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കോപ്രി-പച്ച്പഖാഡിയിൽ നിന്ന് ലീഡ് ചെയ്യുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കോപ്രി-പച്ച്പഖാഡി നിയമസഭാ സീറ്റിൽ നിന്ന് 4,000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.


ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം തത്സമയം: വോട്ടെണ്ണൽ ഹേമന്ത് സോറൻ സർക്കാരിൻ്റെ അന്ത്യം കുറിക്കുന്നതായി ബിജെപിയുടെ പ്രതുൽ ഷാ ദിയോ പറഞ്ഞു


ജാർഖണ്ഡിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, സോറൻ സർക്കാരിൻ്റെ ഭരണത്തിൻ്റെ അവസാനമാണ് വോട്ടെണ്ണലെന്ന് ബിജെപി വക്താവ് പ്രതുൽ ഷാ ദിയോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹേമന്ത് സോറൻ്റെ കാലം കഴിഞ്ഞുവെന്നും ശക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


7ണ്ടു സംസ്ഥാനങ്ങളിലും അധികാരം പിടിക്കുകയെന്നത് എൻഡിഎക്കും ഇന്ത്യ സഖ്യത്തിനും ഒരുപോലെ പ്രധാനമാണ്. രണ്ടിടത്തും ബിജെപിക്ക് മുൻതൂക്കമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. എന്നാല്‍ മറ്റ് കക്ഷികള്‍ പ്രവചനങ്ങളെ തള്ളി ജനങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. നിരവധി രാഷ്ട്രീയ ട്വിസ്റ്റുകള്‍ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ബിജെപി, കോണ്‍ഗ്രസ് ക്യാമ്പുകള്‍ ആകാംക്ഷയിലാണ്. ഇരുകൂട്ടർക്കും അധികാരത്തിനും നിലനിൽപ്പിനുമായുള്ള പോരാട്ടമാണിത്.


മഹാരാഷ്ട്രയിലെ 'മഹാ' യുദ്ധം


മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. മത്സരം രണ്ട് മുന്നണികൾ തമ്മിലാണെങ്കിലും എൻസിപി, ശിവസേനാ പാർട്ടികള്‍ പിളർന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പെന്ന ആവേശവും പ്രചരണങ്ങളിലും പോളിങ്ങിലും പ്രതിഫലിച്ചിരുന്നു. പിളർപ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ ഇരു പാർട്ടികള്‍ക്കും അവർ ഭാഗമായ മുന്നണികള്‍ക്കും ഒരുപോലെ നിർണായകമാണ് ഇന്നത്തെ ജനവിധി.



​കഴി​ഞ്ഞ മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​നി​ടെ​യു​ള്ള മി​ക​ച്ച പോ​ളി​ങ്ങായിരുന്നു ഇത്തവണ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. 288 അംഗ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 65.02 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1995 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണിത്. 71.7 ശതമാനം പോളിങ്ങായിരുന്നു 1955ല്‍ രേഖപ്പെടുത്തിയത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതൽ ജനങ്ങള്‍ ഇത്തവണ പോളിങ് ബൂത്തിലെത്തി. 61.39 ശതമാനമായിരുന്നു ലോക്സഭയിലെ പോളിങ്. സംസ്ഥാനത്തെ മൊത്തം വോട്ടർമാർ 9.6 കോടിയാണ്. ഇതിൽ 12 ശതമാനം യുവാക്കളും. 47.7 ശതമാനം സ്ത്രീ വോട്ടർമാരാണ്.


മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിലേക്കായി 4,136 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 2,086 മത്സരാർഥികൾ സ്വതന്ത്രരായാണ് മത്സരിക്കുന്നത്.  മഹായുതി സഖ്യത്തില്‍ നിന്നും ബിജെപി 149 സീറ്റുകളിലും ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം) 81 മണ്ഡലങ്ങളിലും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി 59 സീറ്റുകളിലും മത്സരിക്കുന്നു. മറുപക്ഷത്ത് മഹാ വികാസ് അഘാഡി സഖ്യത്തില്‍ 101 കോൺഗ്രസ് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ശിവസേന (ഉദ്ധവ് വിഭാഗം) 95 സീറ്റുകളിലും ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി 86 സീറ്റുകളിലും മത്സര രംഗത്തുണ്ട്.



സംസ്ഥാനത്ത് ശിവസേനകൾ തമ്മിൽ 49 സീറ്റുകളിലും എൻസിപികൾ 36 സീറ്റുകളിലുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. തലസ്ഥാനമായ മുംബൈ, ശിവസേനയെ സംബന്ധിച്ച് അഭിമാന പോരാട്ട ഇടമാണ്.  ലോക്സഭാ തെരഞ്ഞെടുപ്പിൽ മുംബൈ നഗരം കേന്ദ്രീകരിച്ച മൂന്ന് മണ്ഡങ്ങളിൽ രണ്ടിലും ഉദ്ധവിന്റെ ശിവസേനയാണ് ജയിച്ചത്. ഇതുണ്ടാക്കിയ അത്മവിശ്വാസം ചെറുതല്ല. സേനാ ആസ്ഥാനം നിലനിൽക്കുന്ന ഇവിടെ 22 സീറ്റിൽ ശിവസേനയും 11 സീറ്റിൽ കോൺഗ്രസും 3 സീറ്റിൽ എൻസിപിയുമാണ് മഹാ വികാസ് അഘാഡിക്കായി വോട്ട് തേടിയത്. ഇരു സേനകളും നേർക്കുനേർ മത്സരിക്കുന്ന മണ്ഡലങ്ങളിലെ പ്രധാനപ്പെട്ട മണ്ഡലം ഉദ്ധവിന്റെ മകൻ ആദിത്യ താക്കറെയുടെ സിറ്റിംഗ് സീറ്റായ വർളിയാണ്. മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റയാണ് ആദിത്യക്കെതിരെ ഷിൻഡെയുടെ തുറുപ്പ് ചീട്ട്.



എൻസിപിയ്ക്കും ഇത് അഭിമാന പോരാട്ടമാണ്. പവാർ കുടുംബത്തിൻ്റെ പരമ്പരാഗത ശക്തികേന്ദ്രമായ ബാരാമതിയിൽ കുടുംബാംഗങ്ങൾ ഏറ്റുമുട്ടുന്നു. ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരെ ശരദ് പവാർ എൻസിപിക്കായി സഹോദര പുത്രൻ യുഗേന്ദ്ര പവാർ രംഗത്തിറങ്ങിയത് അഭിമാന പ്രശ്നമായിട്ടുണ്ട്. അജിത്തിന്റെ ഭരണപരിചയവും വികസന വാഗ്ദാനങ്ങളും ജനം കേട്ടുവെന്നാണ് അവരുടെ പ്രതീക്ഷ. കൊല്ലപ്പെട്ട മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബ സിദ്ദിഖിയുടെ മകൻ സീഷന്റെ സിറ്റിംഗ് സീറ്റാണ് ബാന്ദ്ര ഈസ്റ്റ്. 2019ൽ കോൺഗ്രസ് എംഎൽഎയായി ജയിച്ച സീഷൻ ഇത്തവണ എതിർ ചേരിയിലാണ് മത്സരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ പൗത്രൻ വരുൺ സർദേശായിയാണ് എതിർ സ്ഥാനാർഥി. പിതാവിന്റെ മരണം വോട്ടുകൾ സീഷന് അനുകൂലമാക്കുമെന്ന് എൻസിപി കരുതുന്നു.


ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് നാഗ്പൂർ സൗത്ത് വെസ്റ്റിൽ കോൺഗ്രസിന്റെ പ്രഫുൽ ഗുഡാദെയാണ് എതിര്.  ഏകനാഥ് ഷിൻഡെയ്ക്ക് എതിരായി മത്സരിക്കുന്നത് ഉദ്ധവ് ശിവസേനയിലെ കേദാർ ദിഗെയാണ്. ഷിൻഡെയുടെ ഉപദേഷ്ടാവ് ആനന്ദ് ദിഗെയുടെ അനന്തരവനാണ് കേദാർ ദിഗെ. സകോലിയിലാണ് കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയാണ് മത്സരിച്ചത്.


ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ ആധിപത്യം മഹാവികാസ് അഘാഡി സഖ്യത്തിനുണ്ട്. എന്നാൽ ലോക്സഭയിലെ തിരിച്ചടി താത്കാലികം മാത്രമെന്ന് തെളിയിക്കുകയാണ് ബിജെപിയുടെ മഹായുതി സഖ്യത്തിൻ്റെ ലക്ഷ്യം. പിന്നാക്ക വിഭാഗ സംവരണ ഏകീകരണം അടക്കം ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ചർച്ചയായി. മറാഠികളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയാൽ തങ്ങളുടെ സംവരണം നഷ്ടമാകുമോയെന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ആശങ്കയെ ബിജെപി പ്രചരണങ്ങളില്‍ സമർഥമായി ഉപയോഗിച്ചു. മഹാരാഷ്ട്രാ രാഷ്ട്രീയ അധികാരത്തിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കുന്ന വിദർഭയിലെ കർഷക പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെട്ടു. 62 നിയമസഭ സീറ്റുകളാണ് ഈ മേഖലയിലുള്ളത്. ബിജെപിക്കും എൻസിപിക്കും സ്വാധീനമുണ്ടിവിടെ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിദർഭയിലെ പത്തിൽ ഏഴ് സീറ്റും മഹാ വികാസ് അഘാഡിയാണ് നേടിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്ന 149 സീറ്റുകളിൽ 50 എണ്ണവും വിദർഭയിലാണ്. എൻസിപിക്കും ഇവിടെ ശക്തിയുണ്ട്. 40 കോൺഗ്രസ് സ്ഥാനാർഥികളും ഇവിടെ ജനവിധി തേടുമ്പോൾ വിദർഭ നിർണായകമാകും എന്നുറപ്പാണ്.


ഗോത്ര ഭൂമിയിലെ സോറന്‍ (ജെഎംഎം)-സോറന്‍ (ബിജെപി) പോര് 

സർക്കാർ രൂപീകരിക്കാൻ 41 സീറ്റാണ് ജാർഖണ്ഡിൽ വേണ്ടത്. സംസ്ഥാനത്ത് ഇതുവരെ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. പക്ഷേ എക്സിറ്റ് പോള്‍ പ്രവചനത്തിൻ്റെ ആത്മ വിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. ഹരിയാനയിലെ പ്രഹരം മറികടക്കാൻ ജാർഖണ്ഡ് ജയിച്ചേ പറ്റൂ ഇന്ത്യാ പക്ഷത്തിന്. ഇനിയുള്ള മണിക്കൂറുകളിൽ ആ ചിത്രം തെളിയും.



ജാർഖണ്ഡിൽ ദേശീയ പാർട്ടികളിൽ ബിജെപിയൊഴികെ ആർക്കും തെരഞ്ഞെടുപ്പുകളിൽ വലിയ ആധ്യപത്യമുണ്ടാക്കാൻ ഇതുവരെയുള്ള കഴിഞ്ഞിട്ടില്ല. ജാർഖണ്ഡ് മുക്തി മോർച്ചയ്ക്കാണ് ഈ രാഷ്ട്രിയ ഭൂമികയിൽ കൂടുതൽ വേരോട്ടം. രണ്ട് ഘട്ടങ്ങളിലായി നടന്ന ജാർഖണ്ഡ് തെരഞ്ഞെടുപ്പില്‍ മൊത്തം വോട്ടിങ് ശതമാനം 67.74 ആയിരുന്നു. ഒന്നാം ഘട്ടത്തില്‍ 53.01 ശതമാനവും രണ്ടാം ഘട്ടത്തില്‍ 68.95 ശതമാനവും.



നിരവധി വികസന പ്രശ്നങ്ങളും വിവാദ വിഷയങ്ങളും വിദ്വേഷ പരാമർശങ്ങളും ജാർഖണ്ഡിൽ ചർച്ച ചെയ്യപ്പെട്ടു. വിദ്വേഷപരാമർശങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയായിരുന്നു മുന്നില്‍. അതേസമയം കോൺ​ഗ്രസ്, ജെഎംഎം കക്ഷികൾ ചേർന്ന ഇന്ത്യാസഖ്യം ഹേമന്ത് സോറൻ്റെ ഇഡി അറസ്റ്റും ജയിൽവാസവും കേന്ദ്രഫണ്ട് തടഞ്ഞുവെക്കലും ഖനിമേഖലയിലെ തൊഴിൽ പ്രശ്നങ്ങളുമാണ് പ്രധാനമായി അവതരിപ്പിച്ചത്.



തെരഞ്ഞെടുപ്പിന് കുറച്ചുനാൾ മുൻപ് ജെഎംഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ പാർട്ടി വിട്ടത്  ജെഎംഎമ്മിന് ക്ഷീണമായി. നിരവധി മേഖലകളിൽ വിമത ശല്യവുമുണ്ടായി. ഇത് ആദിവാസി വോട്ടുകളെ ബിജെപിക്ക് അനുകൂലമാക്കുമോ എന്നതാണ് ജെഎംഎമ്മിന്‍റെ ആശങ്ക. 26 ശതമാനം ആദിവാസികളുള്ള സംസ്ഥാനത്ത് ആദിവാസികളുടെ ഭാഗധേയം നിർണായകമാണ്. ജാർഖണ്ഡ് രാഷ്ട്രീയത്തിൽ ഒബിസി വോട്ടുകൾ കേന്ദ്രീകരിക്കുന്നത് ആരാകും എന്നതും ഇത്തവണ ഏറെ പ്രസക്തമാകും. ഇത്തവണയുണ്ടായത് മികച്ച പോളിങ് ആയതിനാൽ സ്ത്രീ വോട്ടുകൾ കൂടുതൽ വീണുവെന്ന് വേണം കരുതാൻ. ഈ വോട്ടുകളാകും ജാർഖണ്ഡ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുക.



കുടുംബങ്ങളിലെ രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഇത്തവണ ഝാർഖണ്ഡ് വേദിയായിരുന്നു. ജെഎംഎം സ്ഥാപകൻ ഷിബു സോറൻ്റെ രണ്ട് മരുമക്കള്‍ മുതല്‍ മുൻ മുഖ്യമന്ത്രി രഘുബർദാസിൻ്റെ മരുമകൾ പൂർണിമ ദാസ് സാഹുവരെ ഈ പട്ടികയിലുണ്ട്. സ്ത്രീ വോട്ടുകളും പല മണ്ഡലങ്ങളിലും നിർണായകമാണ്. 81 സീറ്റുകളിൽ 32 ഇടത്ത് പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരുണ്ട്. ഒപ്പം വനിതാ വോട്ടർമാരുടെ ന്യൂട്രൽ വോട്ട് എങ്ങോട്ട് ചായുമെന്നതും വിധിയെ അട്ടിമറിച്ചേക്കാം. സ്ത്രീകൾക്കായുള്ള 2500 രൂപയുടെ മയ്യാ സമ്മാൻ യോജന പദ്ധതിയിലാണ് ജെഎംഎം പ്രതീക്ഷ. കഴിഞ്ഞ വോട്ടെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച പത്തോളം മണ്ഡലങ്ങളുണ്ട് രണ്ട് പാർട്ടികൾക്കും. ഇവിടത്തെ ജനവിധിയും ഗതി നിർണയിച്ചേക്കും.

Also Read
user
Share This

Popular

ASSEMBLY POLLS 2024
KERALA BYPOLL
Assembly Election 2024 | മഹാരാഷ്ട്രയില്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ; ജാർഖണ്ഡില്‍ ശക്തി തെളിയിച്ച് ഇന്ത്യാ സഖ്യം