റിലയൻസ് പോലുള്ള കോർപ്പറേറ്റ് കമ്പനികൾ ബ്രോഡ്കാസ്റ്റിംഗ് മേഖലയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ചെറുകിട മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് സെമിനാറിൽ വിലയിരുത്തി
കൊച്ചിയിൽ നടക്കുന്ന 22-ാമത് മെഗാ കേബിൾ ഫെസ്റ്റിൽ ബ്രോഡ്കാസ്റ്റിങ് കമ്പനികളുടെ ലയനവും അനന്തരഫലങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. റിലയൻസ് പോലുള്ള കോർപ്പറേറ്റ് കമ്പനികൾ ബ്രോഡ്കാസ്റ്റിംഗ് മേഖലയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ചെറുകിട മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് സെമിനാറിൽ വിലയിരുത്തി. ഇത്തരം ലയനങ്ങളിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാണണമെന്ന് ന്യൂസ് മലയാളം ചെയർമാനും തമിഴ്നാട് കേബിൾ ടിവി നെറ്റ്‌വർക്ക് ഉടമയുമായ സഖിലൻ പത്മനാഭൻ പറഞ്ഞു.
ഡിസ്നിയുടെയും ജിയോയുടെയും ലയനം ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കമ്പനികൾ തമ്മിലുള്ള മത്സരമാണ് ഇത്തരം ലയനങ്ങൾക്ക് കാരണമാകുന്നതെന്നും സെമിനാറിന് നേതൃത്വം നൽകിയ കെസിസിഎൽ സിഇഒ പത്മകുമാർ അഭിപ്രായപ്പെട്ടു.
വമ്പൻ കോർപ്പറേറ്റുകൾക്കെതിരെ കേരളത്തിലെയും തമിഴ്നാട്ടിലെയും കേബിൾ ടിവി നെറ്റ്‌വർക്ക് ഒരുമിച്ച് പുതിയ മാതൃക സൃഷ്ടിക്കണമെന്നും സെമിനാറിൽ അഭിപ്രായം ഉയർന്നു. ബ്രോഡ്കാസ്റ്റിങ് രംഗത്തെ അന്താരാഷ്ട്ര ശക്തികളുടെ കടന്നുവരവിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന് സഖിലൻ പദ്മനാഭൻ പറഞ്ഞു. വമ്പൻ കുത്തകകളെ ചെറുകിട സ്ഥാപനങ്ങൾ ഒരുമിച്ച് നിന്ന് ചെറുക്കണമെന്നും സഖിലന്‍ പദ്മനാഭന്‍ കൂട്ടിച്ചേർത്തു.
സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റിങ് എക്സ്പോ ആണ് കൊച്ചിയിൽ നടക്കുന്നത്. കേബിൾ ചാനൽ ക്ലസ്റ്റർ ആൻഡ് ഡിജിറ്റൽ മീഡിയ എന്ന വിഷയത്തിൽ നാളെ സെമിനാർ നടക്കും.