ഗുരുവായൂർ കണ്ടാണശ്ശേരി സ്വദേശി പൂത്തറ അരുൺ ആണ് പിടിയിലായത്
ബൈക്ക് മോഷണം പോയെന്ന് പൊലീസിൽ പരാതി നൽകാനെത്തിയ മോഷ്ടാവ് പിടിയിൽ. മോഷണശ്രമത്തിനിടെ വെച്ചുമറന്ന ബൈക്ക് മോഷണം പോയെന്ന് കാണിച്ച് പരാതി നൽകാനെത്തിയപ്പോഴായിരുന്നു യുവാവ് പിടിയിലായത്. ഗുരുവായൂർ കണ്ടാണശ്ശേരി സ്വദേശി പൂത്തറ അരുണിനെയാണ് എടപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം എടപ്പാളിലാണ് കേസിനാസ്പദമായ സംഭവം. സ്വന്തം ബൈക്കുമായായിരുന്നു അരുൺ എടപ്പാളിലെ ഒരു ക്ഷേത്രത്തിൽ മോഷണനെത്തിയത്. മോഷണശേഷം, ബൈക്ക് പാർക്ക് ചെയ്ത സ്ഥലം അരുൺ മറന്നു. പിന്നാലെയാണ് അരുൺ ബൈക്ക് കളവ് പോയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകാനെത്തിയത്.
ALSO READ: ബോബിയെ ജയിലിലേക്ക് മാറ്റുന്നതിനിടെ അതിക്രമം: പ്രതിഷേധക്കാർക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്
ജനുവരി അഞ്ചിനാണ് എടപ്പാൾ കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിൻ്റെ ഓട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ്, 8,000 രൂപ മോഷ്ടിച്ചു. ക്ഷേത്രത്തിന് സമീപം അരുണിൻ്റെ ബൈക്ക് നാട്ടുകാർ കണ്ടെത്തുകയും പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ ബൈക്കുടമയെ കണ്ടെത്താൻ പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ്, പ്രതി തന്നെ പൊലീസ് സ്റ്റേഷനിലെത്തിയത്.
ബൈക്ക് മോഷണം പോയെന്ന് അരുൺ പരാതി നൽകാനെത്തിയപ്പോൾ തന്നെ പൊലീസിന് സംശയം തോന്നിയിരുന്നു. ഉടൻ തന്നെ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. മോഷണം നടത്തിയത് താനല്ലെന്ന് പല ആവർത്തി പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.