കക്കോടി സ്വദേശി രജിത് കുമാറിനെയും ഭാര്യ തുഷാരയെയും ഈ മാസം ഏഴാം തീയതി മുതൽ കാണാനില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി
അഭിഭാഷകനും ഡ്രൈവർ രജിതിൻ്റെ ഭാര്യാസഹോദരനും
മാമി തിരോധാനക്കേസിൽ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിന് പിന്നാലെ ഡ്രൈവറെ കാണാതായ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ഡ്രൈവറുടെ കുടുംബവും അഭിഭാഷകനും. മാമിയുടെ ഡ്രൈവർ രജിത് കുമാറിനെ കാണാതായതിന് പിന്നിൽ പൊലീസിന്റെ മാനസിക പീഡനമാണെന്നാണ് അഭിഭാഷകൻ റിവാരസിൻ്റെ വാദം. അന്വേഷണത്തിന്റെ പേരിൽ രജിത് കുമാറിന്റെ കുടുംബത്തെ ക്രൈംബ്രാഞ്ച് നിരന്തരം പീഡിപ്പിച്ചെന്ന് ഭാര്യാസഹോദരൻ സുമൽജിത്ത് ആരോപിച്ചു.
കക്കോടി സ്വദേശി രജിത് കുമാറിനെയും ഭാര്യ തുഷാരയെയും ഈ മാസം ഏഴാം തീയതി മുതൽ കാണാനില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് രജിത് കുമാറിനെയും ഭാര്യയേയും കാണാതായത്. ഒന്നര വർഷത്തോളമായി പൊലീസ് രജിത് കുമാറിനെയും കുടുംബത്തെയും വിടാതെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്ന് അഭിഭാഷകൻ റിവാരസ് ആരോപിച്ചു. മാമി തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ രജിത് കുമാറിനെയും കുടുംബത്തെയും പൊലീസ് നിരവധി തവണ ചോദ്യം ചെയ്തെന്നും, മാനസികമായി പീഡിപ്പിച്ചെന്നുമാണ് അഭിഭാഷകൻ്റെ ആരോപണം.
നിരന്തരമുള്ള ചോദ്യം ചെയ്യൽ മൂലം രജിത് കുമാർ മാനസികമായി തകർന്നിരുന്നെന്ന് ഭാര്യാ സഹോദരൻ സുമൽജിത്തും പറയുന്നു. രജിത് കുമാറിന്റെ മക്കളെ പോലും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുമൽജിത്ത് പറഞ്ഞു. അന്വേഷണത്തിന്റെ പേരിൽ രജിത് കുമാറിന്റെ കുടുംബത്തെ ക്രൈംബ്രാഞ്ച് നിരന്തരം പീഡിപ്പിച്ചു. അന്വേഷണവുമായി എപ്പോഴും സഹകരിക്കുന്ന ആളായിരുന്നു രജിത് കുമാർ. എന്നാൽ നിരന്തരമുള്ള ചോദ്യം ചെയ്യൽ മൂലം രജിത് കുമാർ മാനസികമായി തകർന്നിരുന്നു. ലോക്കൽ പൊലീസ് കേസ് അന്വേഷിച്ച സമയത്ത് രജിത് കുമാറിനെ ഇരുപതിലധികം തവണ ചോദ്യം ചെയ്തെന്നും സുമൽജിത്ത് പറയുന്നു.
മനുഷ്യത്വരഹിതമായ രീതിയിലായിരുന്നു ചോദ്യം ചെയ്യൽ. രജിത് കുമാറിനെ കുറ്റവാളി ആക്കാൻ ശ്രമം നടക്കുന്നുണ്ട്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടാണ് പലപ്പോഴും ക്രൈം ബ്രാഞ്ച് സംഘം വീട്ടിലെത്തുന്നത്. രജിത് കുമാറിന്റെ മക്കളെ പോലും ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയിരുന്നു. അതിനു കോടതി ക്രൈംബ്രാഞ്ചിനെ താക്കീത് ചെയ്തതാണെന്നും സുമൽജിത്ത് വ്യക്തമാക്കി.
ALSO READ: എന്‍. പ്രശാന്ത് ഐഎഎസ് മറുപടി നല്‍കാത്തത് ചട്ടലംഘനം; സസ്‌പെന്‍ഷന്‍ 120 ദിവസം കൂടി നീട്ടി
പി.വി. അൻവറിൻ്റെ ഇടപെടലോടെയാണ് മാമി തിരോധാന കേസ് വീണ്ടും സംസ്ഥാന തലത്തിൽ ചർച്ചയായത്. റിയൽ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിനെ കാണാതായി വർഷങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. 2023 ഓഗസ്റ്റ് 22 നാണ് ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ് ആട്ടൂരിനെ കാണാതാകുന്നത്. എഡിജിപി എം.ആർ. അജിത് കുമാർ വരെയും ആരോപണമുനയിൽ നിൽക്കുന്ന കേസാണ് മാമി തിരോധാന കേസ്. കോഴിക്കോട് നഗരത്തിൻ്റെ ഹൃദയ ഭാഗത്തുനിന്നാണ് ഈ വ്യവസായിയെ കാണാതായതെന്നതാണ് പ്രസക്തം. വിവിധയിടങ്ങളിലായി പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ആട്ടൂരിനെ കണ്ടെത്താനായില്ല.