fbwpx
മിഥുനം : സുലോചനയും ഉട്ടോപ്യന്‍ ലോകവും

പുരുഷന്‍മാരുടെ ജീവിത പ്രശ്‌നങ്ങളൊന്നും മനസിലാക്കാന്‍ കെല്‍പ്പില്ലാത്ത സ്വാര്‍ഥരാണ് സ്ത്രീകള്‍ എന്ന സന്ദേശമാണ് മിഥുനത്തിലൂടെ പ്രിയദര്‍ശനും ശ്രീനിവാസനും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അത് ഉര്‍വശിയുടെ സുലോചനയിലൂടെ വളരെ തന്ത്രപൂര്‍വ്വം തന്നെ ഇരുവരും പറഞ്ഞുവെച്ചിട്ടുമുണ്ട്

MALAYALAM MOVIE


'അത് നിന്റെ കുഴപ്പമല്ല, പെണ്ണെന്ന് പറയുന്ന ജാതിയുടെ കുഴപ്പമാണ്', മിഥുനത്തില്‍ മോഹന്‍ലാലിന്റെ സേതുമാധവന്‍ എന്ന കഥാപാത്രം തന്റെ ഭാര്യയായ സുലോചനയോട് പറയുന്ന ഡയലോഗാണിത്. തന്റെ പിറന്നാള്‍ മറന്നതിന് സുലോചന സേതുമാധവനോട് സങ്കടം പറയുമ്പോഴാണ് സിനിമയില്‍ ഈ ഡയലോഗുള്ളത്. ഇവിടെ സംവിധായകന്‍ പ്രിയദര്‍ശനും തിരക്കഥാകൃത്ത് ശ്രീനിവാസനും സ്ത്രീ സമൂഹത്തെ തന്നെ അടച്ച് ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്തിനാണെന്നല്ലേ? തന്റെ ഭര്‍ത്താവില്‍ മാത്രം ലോകം ഒതുക്കി ജീവിക്കുന്ന ഒരു സ്ത്രീ അവളുടെ ചെറിയൊരു ആഗ്രഹം പ്രകടിപ്പിച്ചതിന്.

സിനിമയില്‍ ഉര്‍വ്വശിയുടെ സുലോചന ഒരു ഉടോപ്യയിലാണ് ജീവിക്കുന്നത്. അത് അവള്‍ സ്വന്തമായി ഉണ്ടാക്കിയതല്ല. മറിച്ച് സേതുമാധവന്‍ തന്നെ അവളെ പ്രണയിച്ച കാലത്ത് ഉണ്ടാക്കി കൊടുത്ത ലോകമാണ്. സുലുവിനെ സംബന്ധിച്ച് അവളുടെ ലോകവും ആഗ്രഹങ്ങളുമെല്ലാം വളരെ ചെറുതാണ്. സേതു ഏട്ടന് അപ്പുറത്തേക്ക് അവള്‍ക്കൊന്നുമില്ല. സേതുവിനാണെങ്കില്‍ കുടുംബ പ്രശ്‌നങ്ങളും അതോടൊപ്പം തന്റെ ബിസ്‌ക്കറ്റ് കമ്പനി നടത്തുന്നതിന്റെ പ്രശ്‌നങ്ങളുമെല്ലാം ഉണ്ട്.

സിനിമയില്‍ ഉടനീളം മോഹന്‍ലാലിന്റെ സേതു കിടന്ന് നെട്ടോട്ടമോടുകയാണ്. നമുക്ക് സഹതാപം തോന്നും വിധമാണ് അയാളുടെ ജീവിത സാഹചര്യങ്ങള്‍. അപ്പോഴാണ് അയാളുടെ ഭാര്യ അയാളെ മനസിലാക്കാതെ പെരുമാറുന്നത്. സിനിമ കാണുമ്പോള്‍ ഒറ്റ നോട്ടത്തില്‍ സുലോചനയോട് പ്രേക്ഷകന് ദേഷ്യം തോന്നാം. അതിന് കാരണം കേന്ദ്ര കഥാപാത്രമായ സേതുവിനോട് നമുക്കൊരു സിംപതി തോന്നുന്നത് കൊണ്ടാണ്. അയാളുടെ അവസ്ഥയില്‍ പ്രേക്ഷകന്‍ അറിയാതെ അയാള്‍ക്കൊപ്പമായി പോകുന്നത് കൊണ്ടാണ്.

ALSO READ: ആ മോഹൻലാൽ ചിത്രം കോപ്പിയായിരുന്നു! കൊമേഴ്ഷ്യൽ സിനിമ സംശയത്തോടെ വീക്ഷിച്ച കൾട്ട് ഫിലിം മേക്കർ സായ് പരാഞ്പെ


പുരുഷന്‍മാരുടെ ജീവിത പ്രശ്‌നങ്ങളൊന്നും മനസിലാക്കാന്‍ കെല്‍പ്പില്ലാത്ത സ്വാര്‍ഥരാണ് സ്ത്രീകള്‍ എന്ന സന്ദേശമാണ് മിഥുനത്തിലൂടെ പ്രിയദര്‍ശനും ശ്രീനിവാസനും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അത് ഉര്‍വശിയുടെ സുലോചനയിലൂടെ വളരെ തന്ത്രപൂര്‍വ്വം തന്നെ ഇരുവരും പറഞ്ഞുവെച്ചിട്ടുമുണ്ട്.

സുലോചനയെ ആദ്യമായി സിനിമയില്‍ കാണിക്കുന്നത് തന്നെ സേതു ഏട്ടന്റെ കത്തിനായി തന്റെ സുഹൃത്ത് ശ്യാമയെ കാത്തുനില്‍ക്കുന്നതായാണ്. എന്നാല്‍ സുലോചനയ്ക്ക് അന്നും സേതുവിന്റെ കത്തില്ലായിരുന്നു. പക്ഷെ അപ്പോഴും സേതു ഏട്ടന് തിരക്കായതുകൊണ്ടായിരിക്കും കത്ത് അയക്കാത്തതെന്ന് അവള്‍ ആശ്വസിക്കുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം സേതു സുലോചനയെ കാണാന്‍ അവളുടെ വീട്ടിലെത്തുമ്പോഴും അവള്‍ പരിഭവം പറയുന്നുണ്ടെങ്കിലും സന്തോഷത്തോടെയാണ് സേതു ഏട്ടനെ അവള്‍ സ്വീകരിക്കുന്നത്. ഒടുവില്‍ ഇരുവരും ഒളിച്ചോടി പോകുമ്പോഴാണെങ്കിലും സുലോചന ആ വീട്ടിലേക്ക് കയറി ചെല്ലുന്നത് ഒരുപാട് ആഗ്രഹങ്ങള്‍ കൊണ്ടൊന്നുമല്ല. പക്ഷെ സിനിമയില്‍ ഉടനീളം സുലോചന തന്റെ ആഗ്രഹങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന സ്ത്രീയായാണ് കാണിച്ചിരിക്കുന്നത്.

സേതു ഏട്ടന്‍ പണ്ട് എഴുതിയ കത്തുകള്‍ എല്ലാം ഇന്നും അവള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അതിലെ ഓരോ വാക്കുകളും അവള്‍ക്ക് മനപാഠമാണ്. കാരണം അതൊരു ആയിരം തവണയെങ്കിലും സുലു വായിച്ചിട്ടുണ്ടാകും. വിവാഹ ശേഷം സേതുമാധവനോടൊപ്പം ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ സുലുവിന്റെ മനസ് മുഴുവന്‍ അയാള്‍ അവളോട് ആ കത്തുകളിലൂടെ പറഞ്ഞ കാര്യങ്ങളായിരുന്നു. അവള്‍ അയാളെയും അയാളുടെ വാക്കുകളെയും അന്ധമായി വിശ്വസിച്ചിരിക്കുകയാണ്.

എന്നാല്‍ പ്രാരാബ്ദങ്ങളാല്‍ കിടന്ന് നെട്ടോട്ടമോടുന്ന സേതുവിന് എവിടെ ഇതിനെല്ലാം നേരം. അത് മനസിലാക്കി പെരുമാറേണ്ടവള്‍ ആണല്ലോ ഭാര്യ... എന്നാല്‍ സുലോചന ഇവിടെ അവളുടെ ആഗ്രഹങ്ങള്‍ ഏത് വിധേനയും നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാരണം അവള്‍ക്ക് പ്രധാനം അവളുടെ ഉടോപ്യന്‍ ലോകമാണ്. ആ ബബിളില്‍ നിന്ന് പുറത്തുകിടക്കാന്‍ അവള്‍ തയ്യാറല്ല. ഇങ്ങനെയാണ് സംവിധായകന്‍ സിനിമയില്‍ സുലോചനയെ പോട്രെ ചെയ്തിരിക്കുന്നത്.

എന്നാല്‍ സുലോചന അത്രയ്ക്ക് മോശം സ്ത്രീയാണോ? അവളുടെ ലോകം സേതു മാത്രമാണ്. അപ്പോള്‍ അയാള്‍ക്കൊരു പ്രശ്‌നം വരുമ്പോള്‍ അവള്‍ കൂടെ നില്‍ക്കാതിരിക്കുമോ? സിനിമയില്‍ ഒരു തവണ മാത്രമാണ് സേതു തന്റെ പ്രശ്‌നം സുലോചനയോട് തുറന്ന് പറയുന്നത്. പെങ്ങളുടെ വിവാഹത്തിന് പണം ആവശ്യമായി വന്നപ്പോള്‍. സുലോചന സന്തോഷത്തോടെ തന്നെ അവളുടെ ആഭരണങ്ങളെല്ലാം സേതുവിന് കൊടുക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും തനിക്ക് ഫാക്ടറിയില്‍ പ്രശ്‌നമുണ്ടെന്നും താന്‍ കടത്തിലാണെന്നും അയാള്‍ സുലുവിനോട് കംമ്യൂണികേറ്റ് ചെയ്യുന്നില്ല.

ഒരു പക്ഷെ സേതു സുലോചനയോട് ഒരിക്കലെങ്കിലും തുറന്ന് സംസാരിച്ചിരുന്നെങ്കില്‍ അവള്‍ അയാളെ മനസിലാക്കി ഒപ്പം നിന്നേനേ. എന്നാല്‍ സ്ത്രീകള്‍ക്ക് അതൊന്നും മനസിലാകില്ലെന്ന ആറ്റിറ്റിയൂഡാണ് സിനിമയില്‍ ഉടനീളം സേതുമാധവന് ഉള്ളത്. കല്യാണം കഴിഞ്ഞ് കൊണ്ടു വന്നാല്‍ റെസ്‌പോണ്‍സിബിലിറ്റി തീര്‍ന്നുവെന്ന ചിന്തയാണ് അയാള്‍ക്കുള്ളത്. പിന്നെ എന്ത് വന്നാലും എല്ലാം സഹിച്ച് നില്‍ക്കണം. ആഗ്രഹങ്ങള്‍ അടക്കി പിടിച്ച്. ഭര്‍ത്താവിന്റെ പ്രശ്‌നങ്ങള്‍ അയാള്‍ പറയാതെ തന്നെ മനസിലാക്കി പെരുമാറുന്ന ഭാര്യയായിരിക്കണം ഓരോ സ്ത്രീകളും എന്ന തരത്തിലാണ് മിഥുനത്തില്‍ ഉടനീളം ഇവരുടെ ബന്ധത്തെ പ്രിയദര്‍ശനും ശ്രീനിവാസനും കാണിച്ചിരിക്കുന്നത്.

ഏതൊരു ബന്ധത്തിലും ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് കമ്യൂണിക്കേഷനാണ്. അത് സേതുവിനും സുലുവിനും ഇടയില്‍ വിവാഹം കഴിക്കുന്നത് മുമ്പ് വരെ ഉണ്ടായിരുന്നു. പിന്നെ വേണ്ടത് ഇന്റിമസിയാണ്. അതും കത്തുകളിലൂടെയും നേരിട്ട് കാണുമ്പോഴുമെല്ലാം അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന കാര്യമാണ്. എന്നാല്‍ വിവാഹം കഴിഞ്ഞതും സേതുവിന് അതെല്ലാം മാറി. പക്ഷെ സുലു അപ്പോഴും ആ പഴയ സുലുവായി തന്നെ നില്‍ക്കുകയാണ്. വ്യക്തമായ കംമ്യൂണിക്കേഷന്‍ നടന്നാല്‍ മാത്രമെ പരസ്പരം മനസിലാക്കാന്‍ സാധിക്കുകയുള്ളു. സേതുവിനും സുലുവിനും ഇടയില്‍ ഇല്ലാതെ പോയതും അത് തന്നെയാണ്. എന്നാല്‍ സിനിമ കാണുമ്പോള്‍ അത് സുലുവിന്റെ സ്വാര്‍ഥതയായി മാത്രമാണ് പ്രേക്ഷകന് തോന്നുന്നത്.

സത്യത്തില്‍ ഉര്‍വശിയുടെ സുലോചന എന്താണ് ജീവിതത്തില്‍ നിന്നും ആഗ്രഹിച്ചത്? തന്റെ ഭര്‍ത്താവില്‍ നിന്നും കുറച്ച് സ്‌നേഹം. വിവാഹ ശേഷം ഒരു ഹണിമൂണ്‍ ട്രിപ്പ്, ഭര്‍ത്താവിനൊപ്പം അല്‍പ്പം പ്രൈവസി, പിന്നെ പിറന്നാളിനും മറ്റും ഭര്‍ത്താവിനൊപ്പം പുറത്തുപോവുകയോ ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ വേണം. ഇതൊക്കെ സാധാരണ ഒരു മനുഷ്യന് തോന്നുന്ന ആഗ്രഹങ്ങളല്ലേ?

എന്നാല്‍ അതെല്ലാം പ്രേക്ഷകന് കൊടും കുറ്റമായാണ് തോന്നുക. ഉര്‍വ്വശിയുടെ സുലോചന ശരിക്കും റൊമാന്റിക്കാണ്. അവള്‍ എപ്പോഴും അയാളെ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു നിമിഷം പോലും അവള്‍ അയാളെ വെറുക്കുന്നില്ല. തീര്‍ച്ചായായും അവള്‍ അയാള്‍ കാരണം വേദനിക്കുന്നുണ്ട്. പല തവണ. പക്ഷെ എന്നാലും അവള്‍ അയാളെ പ്രണയിക്കുന്നത് തുടരുന്നു.

അതുകൊണ്ട് തന്നെയാണല്ലോ തന്നെ എത്രത്തോളം ഹ്യുമിലിയേറ്റ് ചെയ്തിട്ടും അവള്‍ അയാളെ വിട്ട് പോകാതിരുന്നത്. ആ വീട് വിട്ട് അവള്‍ പുറത്തിറങ്ങുന്നത്, ഒരിക്കല്‍ മാത്രമാണ്. അത് അയാള്‍ അവളെ തല്ലിയപ്പോള്‍ മാത്രം. പക്ഷെ അവള്‍ കുറച്ച് സമാധാനം കിട്ടാനാണ് പുറത്തുപോയത്. എന്നാല്‍ അതും അവളുടെ കുറ്റമായാണ് സേതു പറയുന്നത്.

സിനിമയുടെ അവസാനം വരെ സേതു അവളെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നുണ്ട്. സുലോചനയുമായി വേര്‍പിരിയാന്‍ പോവുകയാണെന്ന പ്രതീതി ഉണ്ടാക്കിയാണ് സേതു അവളെ കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. എന്നാല്‍ സിനിമയുടെ അവസാനം അവര്‍ ഊട്ടിയിലേക്ക് പോവുകയാണ് ചെയ്യുന്നത്. അപ്പോഴും അവിടെ പ്രിയദര്‍ശനും ശ്രീനിവാസനും പറയാന്‍ ശ്രമിക്കുന്നത് അത്രയെല്ലാം സുലോചന ചെയ്തിട്ടും അവളെ സേതു ഉപേക്ഷിക്കുന്നില്ല എന്നാണ്. എത്ര മാന്യനായ സേതു അല്ലേ...? ഇങ്ങനെയൊരു ഭര്‍ത്താവിനെ കിട്ടാന്‍ പുണ്യം ചെയ്യണം.

എന്നാല്‍ അയാള്‍ അവള്‍ക്ക് പെട്ടന്ന് അറ്റന്‍ഷന്‍ കൊടുക്കാനുള്ള കാരണം എന്തായിരിക്കാം? മറ്റൊന്നുമല്ല, അയാളുടെ ബിസ്‌ക്കറ്റ് കമ്പനി അവസാനം ആരംഭിക്കുന്നുണ്ട്. സിനിമയില്‍ തന്റെ ബിസിനസ് ആരംഭിക്കുമ്പോള്‍ പോലും അയാള്‍ സുലുവിനേ അതിന് വിളിക്കുന്നില്ല. അത്രയ്ക്ക് അന്യയായാണ് അയാള്‍ സുലുവിനെ കണ്ടിട്ടുള്ളത് എന്ന് വേണം അതില്‍ നിന്ന് മനസിലാക്കാന്‍. എന്നിട്ട് അവസാനം പ്രശ്‌നങ്ങള്‍ പരിഹരിച്ചപ്പോള്‍ എന്നാല്‍ പിന്നെ ഭാര്യയുടെ പിണക്കം കൂടി മാറ്റിയേക്കാം എന്ന ആറ്റിറ്റിയൂഡിലാണ് അയാള്‍ അവളെ കൊണ്ട് യാത്ര പോകുന്നത്.

അല്ലാതെ സുലുവിന്റെ വേദനയും ആഗ്രഹങ്ങളും അയാള്‍ ശരിക്കും മനസിലാക്കിയിട്ടുണ്ടാകുമോ? ഇനിയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സേതു അത് സുലുവിനോട് ഷെയര്‍ ചെയ്യുമോ? എന്തായാലും സുലു അവള്‍ക്ക് സേതുവേട്ടനോടുള്ള അഗാധമായ പ്രണയത്തില്‍ വിശ്വസിച്ച് ജീവിതം തുടരുകയാണ്. ഒരു പക്ഷെ ഈ ജീവിതകാലം മുഴുവന്‍.

WORLD
ജയിലിൽ സെക്സ് റൂം സൗകര്യം ഒരുക്കി അധികൃതർ; തടവുകാർക്ക് ഇനി പങ്കാളികളോടൊപ്പം രണ്ടു മണിക്കൂർ വരെ ഇടപഴകാം
Also Read
user
Share This

Popular

KERALA
WORLD
"എന്റെ സെറ്റില്‍ നിന്ന് ആരും കരഞ്ഞ് പോയിട്ടില്ല, ഐസിസിയില്‍ പരാതിയും വന്നിട്ടില്ല"; സൂത്രവാക്യത്തിന്റെ സംവിധായകന്‍ യുജീന്‍ ജോസ്