കണ്ണൂരില്‍ നിന്നുള്ള നേത്രരോഗവിദഗ്ധൻ കെ.വി. ബാബുവിന്റെ പരാതിയിലാണ് നടപടി
ബാബാ രാംദേവ്
ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ യോഗാചാര്യൻ ബാബാ രാംദേവിനെതിരെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വാറന്റ്. സംസ്ഥാന ഡ്രഗ്സ് റെഗുലേറ്ററി വിഭാഗം രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിരുന്നു. ഹാജരാവാതിരുന്നതിനെ തുടർന്നാണ് ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ കോടതി വാറന്റ് പുറപ്പെടുവിച്ചത്. ബാബ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണയ്‌ക്കെതിരെയും വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
കണ്ണൂരില്‍ നിന്നുള്ള നേത്രരോഗവിദഗ്ധൻ കെ.വി. ബാബുവിന്റെ പരാതിയിലാണ് സംസ്ഥാന ഡ്രഗ്സ് റെഗുലേറ്ററി വിഭാഗം ദിവ്യ ഫാർമസി ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റ് പ്രസിഡന്റ് ബാബാ രാംദേവ്, ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണ എന്നിവർക്കെതിരെ കേസെടുത്തത്. 2022 ഏപ്രിലിലാണ് ബാബാ രാംദേവിനെതിരെ ബാബു പരാതി നൽകിയത്. 1954 ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (തെറ്റിദ്ധാരണജനകമായ പരസ്യങ്ങൾ) നിയമം ലംഘിച്ചുവെന്നാരോപിച്ച് പതഞ്ജലിക്കെതിരെ നിയമനടപടികൾ ആരംഭിക്കാൻ 2023 നവംബറിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നിർദേശം നൽകിയിരുന്നു. രക്ത സമ്മർദ്ദം, ഡയബറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഭേദമാക്കാൻ കഴിയുമെന്നായിരുന്നു പതഞ്ജലി മരുന്നുകളുടെ അവകാശവാദം. ഡിഎംആർ ആക്ട് പ്രകാരം ഇത്തരം പരസ്യങ്ങൾ നിരോധിക്കപ്പെട്ടതാണ്.
Also Read: നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി പിടിയിൽ; അറസ്റ്റിലായത് ഹോട്ടൽ ജീവനക്കാരനായ മുഹമ്മദ് ഷെരിഫുൾ
സംസ്ഥാന ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശ പ്രകാരം, നിരവധി ഡ്രഗ് ഇൻസ്പെക്ടർമാർ പതഞ്ജലിക്കെതിരെ വിവിധ കോടതികളിൽ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. കൊച്ചിയിൽ രണ്ട് കേസുകളും, കോഴിക്കോട് നാല് കേസുകളും, പാലക്കാട് മൂന്ന് കേസുകളും, തിരുവനന്തപുരത്ത് ഒരു കേസുമാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരളത്തിന് പുറത്ത് ഉത്തരാഖണ്ഡിലും സമാനമായി ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read: എഎപിയോ ബിജെപിയോ അതോ കോൺഗ്രസോ; ഡൽഹി ജനതയുടെ വിധി കാത്ത് മുന്നണികൾ
തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം നൽകിയതിനു പിന്നാലെയാണ് പാലക്കാട് കോടതി രാംദേവിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. പല സംസ്ഥാനങ്ങളും ഇത്തരം കേസുകളിൽ നടപടി കൈക്കൊള്ളുന്നില്ലെന്നാണ് അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ ഷാദൻ ഫറാസത്ത് സുപ്രീം കോടതിയെ അറിയിച്ചത്.