ആശങ്ക പരിഹരിക്കുമെന്നും നടക്കുന്നത് രാഷ്ട്രീയ വിവാദമാണെന്നും മന്ത്രി എം. ബി. രാജേഷ് പ്രതികരിച്ചു
പാലക്കാട് എലപ്പുള്ളിയിലെ നിർദിഷ്ട മദ്യ നിർമാണ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം. പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് - ബിജെപി പ്രവർത്തകർ സ്ഥലത്ത് കൊടികുത്തി പ്രതിഷേധിച്ചു. എന്നാൽ ആശങ്ക പരിഹരിക്കുമെന്നും നടക്കുന്നത് രാഷ്ട്രീയ വിവാദമാണെന്നും മന്ത്രി എം. ബി. രാജേഷ് പ്രതികരിച്ചു.
എലപ്പുളളിയിൽ സംയോജിത മദ്യ നിർമാണ കമ്പനിക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസും ബിജെപിയും കടുത്ത പ്രതിഷേധമാണുയർത്തിയത്. പദ്ധതി നടപ്പിലാക്കുന്ന ഒയാസിസ് കമ്പനിയുടെ സ്ഥലത്ത് ബിജെപിയും,കോൺഗ്രസും കൊടി കുത്തി സമര പ്രഖ്യാപനം നടത്തി.
ALSO READ: ബ്രൂവറിക്ക് അനുമതി നൽകിയത് പിണറായി സർക്കാരിൻ്റെ വലിയ കുംഭകോണം: രാഹുൽ മാങ്കൂട്ടത്തിൽ
ജലക്ഷാമം നേരിടുന്ന പ്രദേശത്ത് കമ്പനിയെ കാല് കുത്താൻ അനുവദിക്കില്ലെന്ന് വി. കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. പദ്ധതി അനുവദിക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കി. നാളെ ബിജെപിയും, യൂത്ത് കോൺഗ്രസും മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എലപ്പുള്ളി പഞ്ചായത്ത് ഭരണ സമിതിയുടെ അടിയന്തര യോഗവും നാളെ ചേരും.
ALSO READ: പാലക്കാട് കഞ്ചിക്കോട് ബ്രൂവറി; ഉത്തരവ് പുറത്തിറങ്ങി
ഡൽഹി മദ്യനയക്കേസിൽ ഉൾപ്പെട്ട ഈ കമ്പനി കേരളത്തിൽ വരാൻ കാരണം പിണറായി-കെജ്‌രിവാൾ ബന്ധമാണോ എന്ന് വ്യക്തമാക്കണമെന്നും മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു."ഏത് അടിസ്ഥാനത്തിലാണ് ജല ദൗർലഭ്യമുള്ള മേഖലയിൽ ബ്രൂവറിക്ക് അനുമതി നൽകിയതെന്ന് വ്യക്തമാക്കണം. ഒയാസിസ് കമ്പനിയുടെ കടന്നുവരവിന് അഴിമതിയുടെ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കണം", മുരളീധരൻ പറഞ്ഞു.
മദ്യ കച്ചവടത്തിനായി ജലം ഊറ്റുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കർഷകരെ സഹായിക്കാൻ ആണെങ്കിൽ നെൽ കർഷകർക്ക് സംഭരണ വില നൽകുകയാണ് വേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതികരിച്ചു. ഈ പദ്ധതി അനുവദിക്കാൻ കഴിയില്ലെന്നും, വാങ്ങിയ പണം തിരികെ കൊടുക്കുകയാണ് നല്ലതെന്നും എംഎൽഎ വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ സ്പോൺസറാണ് ഒയാസിസ് കമ്പനി. ഇവർക്ക് എങ്ങനെയാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. പ്രചരണ ധാരാളിത്തത്തിന് ഒയാസിസ് കമ്പനിയുടെ പണം ഉപയോഗിച്ചുവെന്നും എംഎൽഎ പറഞ്ഞു.