ബന്ധുക്കൾ ആരെങ്കിലും വന്നാൽ മൃതദേഹം വിട്ടു നൽകരുതെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്
തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ ദത്തായ് കൊണ്ടിബ ബമൻ(45), മുക്ത ബമൻ (48) എന്നിവരാണ് മരിച്ചത്. പുരുഷനെ തൂങ്ങി മരിച്ച നിലയിലും, സ്ത്രീയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തൊഴിലില്ലെന്നും അനാഥരാണെന്നും അത്മഹത്യ ചെയ്യുന്നുവെന്നും, ബന്ധുക്കൾ ആരെങ്കിലും വന്നാൽ മൃതദേഹം വിട്ടു നൽകരുതെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങൾ തിരുവനന്തപുരത്തെത്തിയത്. തമ്പാനൂർ പൊലീസ് സ്റ്റേഷന് എതിർ വശത്തുള്ള ഹോട്ടലിൽ മുറിയെടുത്തു. ഇന്ന് രാവിലെ ഹോട്ടൽ ജീവനക്കാർ മുറിയുടെ വാതിലിൽ ഏറെ നേരം തട്ടിയെങ്കിലും തുറന്നില്ല. ഉടനെ പൊലീസിൽ വിവരമറിയിക്കുകയും, പൊലീസ് എത്തി വാതിൽ പൊളിച്ചകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ: തിരുവനന്തപുരത്ത് ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കം; പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് മര്‍ദനം
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും, ദുരൂഹത ഉണ്ടോയെന്ന് പരിശോധിക്കുമെന്നും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. മഹാരാഷ്ട്ര പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇരുവരുടെയും കുടുംബ പശ്ചാത്തലം അന്വേഷിക്കുന്നുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.