മെക്ക് സെവൻ വ്യായാമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീ പുരുഷ ഇടപെടൽ മതവിരുദ്ധമാണെന്ന് കാന്തപുരം എപി വിഭാഗം പറഞ്ഞിരുന്നു
കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്കെതിരെയുള്ള റിട്ടയേഡ് ജഡ്ജി കമാൽ പാഷയുടെ 'കടൽ കിഴവൻ' പ്രയോഗത്തിൽ പ്രതിഷേധമറിയിച്ച് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുസ്തഫ മുണ്ടുപാറ പ്രതിഷേധം രേഖപ്പെടുത്തിയത്. പണ്ഡിതരെ കടൽ കിഴവൻമാരെന്നു വിളിച്ചത് അശ്ലീലമെന്നും ആ പദം അദ്ദേഹത്തിൻ്റെ പദവിക്ക് ചേർന്നതല്ലന്നും മുസ്തഫ മുണ്ടുപാറ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
മാന്യമായ ഭാഷ ഉപയോഗിക്കണമെന്നായിരുന്നു മുസ്തഫ മുണ്ടുപാറ ഫേസ്ബുക്കിൽ കുറിച്ചത്. പണ്ഡിതനേതൃത്വം അനുയായികളെ ഉപദേശിക്കും. സൗകര്യമുള്ളവർക്ക് സ്വീകരിക്കാം, അല്ലാത്തവർക്ക് തിരസ്കരിക്കാം. എന്നാൽ ഉപദേശിക്കുന്നവരെ മോശമായി ചിത്രീകരിക്കരുതെന്നും മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി. മെക്ക് സെവൻ വ്യായാമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീ പുരുഷ ഇടപെടൽ മതവിരുദ്ധമാണെന്ന് കാന്തപുരം എപി വിഭാഗം പറഞ്ഞിരുന്നു. മതത്തിൻ്റെ മാനദണ്ഡങ്ങൾ മറികടന്നുള്ള വ്യായാമങ്ങളെ പണ്ഡിതർ വിമർശിച്ചിരുന്നു.
മത മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യായാമ മുറകൾക്കെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു കാന്തപുരം എപി വിഭാഗം മുശാവറ യോഗം പറഞ്ഞത്. സ്ത്രീ പുരുഷ ഇടകലരലും മത വിരുദ്ധ പ്രവർത്തനം ഉൾക്കൊള്ളുന്ന വ്യായാമമുറകളെ അംഗീകരിക്കാനാകില്ലെന്നും യോഗം വ്യക്തമാക്കി.
അതേസമയം മത നിയമങ്ങള്‍ക്ക് വിധേയമായ വ്യായാമം വിരോധിക്കപ്പെട്ടതല്ലെന്നും മുശാവറ യോഗം പറഞ്ഞു.സുന്നീ വിശ്വാസികള്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രതപുലര്‍ത്തി പൂര്‍വ്വീക വിശ്വാസ ആചാരങ്ങളും നയങ്ങളും മുറുകെ പിടിക്കണം പ്രസിഡൻ്റ് ഇ. സുലൈമാന്‍ മുസ്ലിയാർ, ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.