ഡ്രോൺ നിരീക്ഷണത്തിലൂടെ കടുവയെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്
ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ദൗത്യം രാവിലെ തന്നെ പുനരാരംഭിക്കുമെന്നാണ് കോട്ടയം ഡിഎഫ് ഒ എൻ. രാജേഷ് അറിയിച്ചിരുന്നത്. എന്നാൽ, ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് കണ്ട് സ്ഥാനത്ത് നിന്ന് കടുവ മാറി. ഡ്രോൺ നിരീക്ഷണത്തിലൂടെ കടുവയെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.
കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ആരംഭിക്കും. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇന്ന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ.
വനം വകുപ്പ് വെറ്ററിനറി ഡോക്ടർമാരായ അനുരാജിന്‍റെയും അനുമോദിന്‍റെയും നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെക്കാനായി എത്തിയിട്ടുണ്ടെന്ന് കോട്ടയം ഡിഎഫ്ഒ അറിയിച്ചു. എരുമേലി റേഞ്ച് ഓഫീസർ കെ. ഹരിലാലിന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ദൗത്യത്തിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ഹരിലാൽ പറഞ്ഞു. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി കടുവയുടെ സ്ഥാനം കണ്ടെത്തും. അതിന് ശേഷമാവും മയക്കുവെടി വയ്ക്കാനുള്ള നടപടികൾ ആരംഭിക്കുക. കടുവയ്ക്ക് ചെറിയ നീക്കം ഉണ്ടായിട്ടുണ്ടെന്നും വെടി വയ്ക്കുന്നതിന്റെ കാര്യങ്ങൾ വെറ്ററിനറി ഡോക്ടർമാരാണ് തീരുമാനിക്കുന്നതെന്നും എരുമേലി റേഞ്ച് ഓഫീസർ വ്യക്തമാക്കി.
അതേസമയം, കടുവയെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കുട്ടികളെ സ്കൂളിൽ വിടാൻ കഴിയുന്നില്ലെന്നും ദിവസങ്ങളായി ആശങ്ക തുടരുന്നതായും പ്രദേശവാസികള്‍ പറയുന്നു. ഭയത്തോടെയാണ് ജീവിക്കുന്നത്. പുറത്തിറങ്ങാൻ പോലും പറ്റുന്നില്ലെന്നും നാട്ടുകാർ ആശങ്ക അറിയിച്ചു.