റമദാൻ വ്രതമെടുത്തതിന് പിന്നാലെ നിർജലീകരണം സംഭവിച്ചതാണ് റഹ്‌മാൻ്റെ ആരോഗ്യനില വഷളാവാൻ കാരണമെന്നാണ് എൻഡിടിവി റിപ്പോർട്ട്
സംഗീതജ്ഞൻ എ.ആർ റഹ്മാൻ ആശുപത്രി വിട്ടു. നെഞ്ച് വേദനയെ തുടർന്നാണ് ഇന്നു രാവിലെ ഏഴു മണിയോടെയാണ് എ.ആർ. റഹ്‌മാനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർജലീകരണമാണ് ആരോഗ്യനില വഷളാവാൻ കാരണമെന്നാണ് റിപ്പോർട്ട്. സ്നേഹാന്വേഷണങ്ങൾക്ക് ആരാധകർക്ക് നന്ദിയറിയിച്ച് മകൻ എ.ആർ. അമീന്റെ പോസ്റ്റുമെത്തി.
ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഗായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റമദാൻ വ്രതമെടുത്തതിന് പിന്നാലെ നിർജലീകരണം സംഭവിച്ചതാണ് റഹ്‌മാൻ്റെ ആരോഗ്യനില വഷളാവാൻ കാരണമെന്ന് ഗായകൻ്റെ വക്താവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. "ഇന്നലെ ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹത്തിന് അസുഖം അനുഭവപ്പെട്ടു. അതിനാൽ ഇന്നലെ രാത്രി തന്നെ പരിശോധനയ്ക്കായി ആശുപത്രിയിൽ പോയി. എന്നാൽ റംസാൻ വ്രതം അനുഷ്ഠിച്ച ഗായകന് നിർജ്ജലീകരണമുണ്ടായെന്നും ഇതാണ് ആരോഗ്യനില വഷളാവാൻ കാരണമെന്നും ഡോക്ടർമാർ അറിയിച്ചു," എ.ആർ. റഹ്‌മാൻ്റെ വക്താവ് എൻഡിടിവിയോട് പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എ.ആർ. റഹ്‌മാൻ്റെ ആരോഗ്യനിലയെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചിരുന്നു. "എ.ആർ. റഹ്‌മാനെ അനാരോഗ്യം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത കേട്ടയുടനെ ഞാൻ ഡോക്ടർമാരെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും ഡോക്ടർമാർ അറിയിച്ചു," സ്റ്റാലിൻ എക്സിൽ കുറിച്ചു.