ദുരന്തബാധിതരുടെ മൊറട്ടോറിയം പുനഃക്രമീകരണം തൃപ്തികരമല്ലെന്ന് കേന്ദ്ര സർക്കാരിൻ്റെ അഭിഭാഷകനെ ഹൈക്കോടതി അറിയിച്ചു.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിലെ കേന്ദ്രഫണ്ട് വിനിയോഗത്തിൽ ഹൈക്കോടതിയിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. ഡിസംബർ 30 നിർമാണം പൂർത്തിയാക്കാനുള്ള സമയമല്ലെന്ന് കേന്ദ്രം അറിയിച്ചു. ഡിസംബർ 31നകം അതാത് വകുപ്പുകൾക്ക് പണം കൈമാറണമെന്നാണ് ഉദ്ദേശിച്ചത്. എന്നാൽ ദുരന്തബാധിതരുടെ മൊറട്ടോറിയം പുനഃക്രമീകരണം തൃപ്തികരമല്ലെന്ന് കേന്ദ്ര സർക്കാരിൻ്റെ അഭിഭാഷകനെ ഹൈക്കോടതി അറിയിച്ചു.
അതേസമയം, മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് നിർമാണം ആരംഭിക്കാനിരിക്കെ, ഒന്നാംഘട്ട ലിസ്റ്റിലെ ഭൂരിഭാഗം ഗുണഭോക്താക്കളും സമ്മതപത്രം കൈമാറിയിട്ടുണ്ട്. ഇന്നലെ മാത്രം 113 പേർ സമ്മതപത്രം നൽകി. ഇതോടെ ഒന്നാംഘട്ട ലിസ്റ്റിലെ 242ൽ 235 പേരും സമ്മതപത്രം കൈമാറി. ഇതിൽ ടൗൺഷിപ്പിൽ വീടിനായി 170 പേരും സാമ്പത്തിക സഹായത്തിനായി 65 പേരുമാണ് സമ്മതപത്രം നൽകിയത്. ഭൂമിയുടെ ഉടമസ്ഥതയിൽ വ്യക്തത വരുത്തിയതോടെയാണ് കൂടുതൽ ഗുണഭോക്താക്കൾ സമ്മതപത്രം നൽകിയത്. രണ്ടാം ഘട്ട ലിസ്റ്റിലുള്ള 2 എ, 2 ബി ലിസ്റ്റിലെ സമ്മതപത്രം ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങും.
ടൗൺഷിപ്പ് നിർമാണത്തിൽ ഒന്നാം ഘട്ട ലിസ്റ്റിലെ ഭൂരിഭാഗം ഗുണഭോക്താക്കളും സമ്മതപത്രം നൽകിയതിന്റെ ആശ്വാസത്തിലാണ് സർക്കാരും ജില്ലാ ഭരണകൂടവും. മറ്റന്നാൾ ടൗൺഷിപ്പിന് തറക്കല്ലിടൽ നടക്കാനിരിക്കെ ദുരന്തബാധിതർ സമ്മതപത്രം നൽകാത്തത് പുനരധിവാസത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ദുരന്തബാധിത പ്രദേശത്തെ ഭൂമി ദുരന്തബാധിതർക്ക് തന്നെയെന്ന് വ്യക്തമാക്കിയതോടെയാണ് കൂടുതൽ പേർ സമ്മതപത്രം കൈമാറിയത്.
ALSO READ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിലെ ഭൂരിഭാഗം പേരും സമ്മതപത്രം കൈമാറി