ബിജെപി ആകാതെയും സംഘി ആകാമെന്ന് മുഖ്യമന്ത്രി തെളിയിച്ചിരിക്കുകയാണെന്നും കെ.എം. ഷാജി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വീണ്ടും സംഘി പരാമര്‍ശവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. മുഖ്യമന്ത്രി പിണറായി വിജയന് സംഘി എന്നതിനേക്കാള്‍ യോജിക്കുന്ന പദം വേറെ ഇല്ലെന്നായിരുന്നു കെ.എം. ഷാജിയുടെ വിമര്‍ശനം. മുഖ്യമന്ത്രി നിരന്തരമായ ഇസ്ലാമോഫോബിക് പരാമര്‍ശം നടത്തുകയാണ്. ബിജെപി ആകാതെയും സംഘി ആകാമെന്ന് മുഖ്യമന്ത്രി തെളിയിച്ചിരിക്കുകയാണെന്നും കെ.എം. ഷാജി പറഞ്ഞു.
മുഖ്യമന്ത്രി അനാവശ്യ വിവാദം സൃഷ്ടിക്കുകയാണ്. ഉത്തരേന്ത്യന്‍ മാതൃകയില്‍ വിവാദങ്ങളെ ജാതീയമായി വേര്‍തിരിക്കുന്നു. പിണറായി വിജയന്‍ എന്ന ആന കുത്തിയിട്ട് താന്‍ വീണിട്ടില്ല. പിന്നെയാണോ ആന പിണ്ടം തട്ടിയിട്ട് വീഴുന്നത്? മുഖ്യമന്ത്രിയെ കാണുമ്പോള്‍ സ്‌നഗ്ഗി ഇട്ടുനടക്കുന്ന എ.എ. റഹീം തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്നും കെ.എം. ഷാജി പറഞ്ഞു.
രാഷ്ട്രീയം പറയുമ്പോള്‍ സാദിഖലി തങ്ങളുടെ മെക്കിട്ട് കയറുകയല്ല വേണ്ടത്. രാഷ്ട്രീയമായ മറുപടി പറഞ്ഞില്ലെങ്കില്‍ അതേ ഭാഷയില്‍ തിരിച്ചുകിട്ടുമെന്ന് മുഖ്യമന്ത്രിയും മനസ്സിലാക്കണം. സമസ്തയുമായി തനിക്ക് ഒരു തര്‍ക്കവുമില്ല. സംഘടനയെയല്ല താന്‍ എതിര്‍ക്കുന്നത്. നാവുകൂടിയ ഇനത്തെയാണ് താന്‍ എതിര്‍ക്കുന്നതെന്നും കെഎം ഷാജി പറഞ്ഞു.
ALSO READ: ആളിക്കത്തി മുഖ്യമന്ത്രിയുടെ പാണക്കാട് വിമര്‍ശനം; കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് കെ.എം. ഷാജി
അവരുടെ ആശങ്കയ്ക്ക് ഒരു പിണറായി പക്ഷമുണ്ട്. മുനമ്പം വിഷയത്തില്‍ സുപ്രഭാതത്തില്‍ ലേഖനം എഴുതിയവരുമൊക്കെയാണ് അത്. അവര്‍ നിരന്തരം എളമരവുമായും പി.മോഹനനുമായും ബന്ധം പുലര്‍ത്തുന്നു.
കഴിഞ്ഞ ദിവസം സുപ്രഭാതത്തില്‍ വന്ന മുനമ്പം ലേഖനം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സഹായിക്കുക. ഭക്തന്മാരെ കൊണ്ട് ലേഖനം എഴുതിച്ച് വഷളാക്കിയ ശേഷം ഇടപെടാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും കെ.എം. ഷാജി പറഞ്ഞു. തന്നെ വിമര്‍ശിച്ച എ.കെ.ബാലന്‍ ആള് പാവമാണ്. അല്‍പ്പം കിളി പോയി എന്ന പ്രശ്‌നം മാത്രമേയുള്ളൂ എന്നും കെ.എം. ഷാജി പരിഹസിച്ചു.
സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ കഴിഞ്ഞ ദിവസവും പ്രതികരിച്ച് കെഎം ഷാജി രംഗത്തെത്തിയിരുന്നു. പാണക്കാട് തങ്ങളെ വിമര്‍ശിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നായിരുന്നു ലീഗ് നേതാവ് കെ.എം.ഷാജി പറഞ്ഞത്.
പിണറായി സാദിഖലി തങ്ങളെ അധിക്ഷേപിച്ചിട്ടില്ല എന്നായിരുന്നു എ.കെ. ബാലന്‍ പറഞ്ഞത്. രണ്ട് വോട്ടിന് വേണ്ടി മതത്തെ രാഷ്ട്രീയത്തില്‍ ഇടകലര്‍ത്തുന്ന കെ.എം.ഷാജിയുടെ വെല്ലുവിളി തള്ളിക്കളയുന്നു എന്നും ബാലന്‍ പറഞ്ഞിരുന്നു.