കേന്ദ്ര സര്‍ക്കാരിന്റെ പരിവാഹന്‍ പോര്‍ട്ടല്‍ ഹാക്ക് ചെയ്യപ്പെട്ടതായ വിവരം ഡിസംബര്‍ രണ്ടിനാണ് ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തത്
കേന്ദ്ര സര്‍ക്കാരിന്റെ പരിവാഹന്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന ടെലഗ്രാം ബോട്ടിന്റെ പ്രവര്‍ത്തനം നിലച്ചു. ഡാറ്റ ചോര്‍ച്ചയെന്ന വാര്‍ത്ത ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ടെലഗ്രാം ബോട്ടിന്റെ പ്രവര്‍ത്തനം നിലച്ചത്. വാഹന ഉടമയുടെ സ്വകാര്യ വിവരങ്ങള്‍ അടക്കമുള്ള ഡാറ്റകളാണ് ടെലഗ്രാമില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നത്.
മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുന്ന കേന്ദ്ര സര്‍ക്കാരിന്റെ പരിവാഹന്‍ പോര്‍ട്ടല്‍ ഹാക്ക് ചെയ്യപ്പെട്ടതായ വിവരം ഡിസംബര്‍ രണ്ടിനാണ് ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തത്. ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങളും വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളുമടക്കമാണ് പോര്‍ട്ടലില്‍ നിന്ന് ചോര്‍ന്നത്. പരിവാഹന്‍ പോര്‍ട്ടലിലെ ഡാറ്റകള്‍ ടെലഗ്രാമില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുമുണ്ടായിരുന്നു. വില്‍പ്പനക്കായി നല്‍കിയ വീഡിയോ പരസ്യവും ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.
തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ പുതുതായി മുപ്പതിനായിരത്തിലധികം വരിക്കാര്‍ ആണ് പൗരന്മാരുടെ സ്വകാര്യ വിവരങ്ങളും വാഹനത്തിന്റെ വിവരങ്ങളും തേടി ടെലഗ്രാം ബോട്ടില്‍ എത്തിയത്. സ്വകാര്യ വിവരങ്ങള്‍ ചോരുന്ന ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായിട്ടും കേന്ദ്ര ഗതാഗത വകുപ്പ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലതെന്നും ശ്രദ്ധേയമാണ്.
ഹാക്കര്‍മാര്‍ പരിവാഹന്‍ പോര്‍ട്ടലിലെ ഡാറ്റ ചോര്‍ത്തിയ വാര്‍ത്ത ആദ്യം പ്രേക്ഷകരെ അറിയിച്ചത് ന്യൂസ് മലയാളമായിരുന്നു. ഇന്നലെ ന്യൂസ് മലയാളം വാര്‍ത്ത പുറത്തുവിടുന്ന സമയത്ത് 32,000 ല്‍ അധികം പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. വാര്‍ത്ത പുറത്തുവിട്ട് 24 മണിക്കൂറിനുള്ളില്‍ വീണ്ടും മുപ്പതിനായിരത്തിലധികം പേരുടെ വർധന ഈ നിയമവിരുദ്ധ ടെലഗ്രാം ബോട്ടിൽ എത്തിയത്.