കൈരളി അഗ്രികൾച്ചർ കോ ഓപ്പറേറ്റിവ് സൊസൈറ്റി ചെയർമാനായ കെ.വി. അശോകൻ്റെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണമുണ്ടാകും
തൃശൂർ കേന്ദ്രീകരിച്ചുള്ള നിക്ഷേപ തട്ടിപ്പിൽ അന്വേഷണം ആരംഭിച്ച് ഇഡി. പ്രവാസി കമ്പനിയിലെ നിക്ഷേപകരുടെ പരാതിയിലാണ് അന്വേഷണം. പ്രവാസി കമ്പനിയുമായി ബന്ധമുള്ള കൈരളി സൊസൈറ്റി ചെയർമാന്‍ കെ.വി. അശോകന്‍റെ നേതൃത്വത്തില്‍ തൃശൂർ കേന്ദ്രീകരിച്ച് 800 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നതായി ന്യൂസ് മലയാളമാണ് വാർത്ത പുറത്തുവിട്ടത്.
കേരളാ ബാങ്ക് സീനിയർ എക്‌സിക്യൂട്ടീവായി വിരമിച്ച കെ.വി. അശോകൻ്റെ സാമ്പത്തിക ഇടപാടുകളിലേക്കും ഇഡി അന്വേഷണമുണ്ടാകും. പ്രവാസി കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അശോകന്‍റെ ഭാര്യയും മകനും സഹോദരനും അംഗങ്ങളാണ്. അശോകൻ പ്രവാസി കമ്പനിയിലെ സാമ്പത്തിക ഉപദേശകനായും പ്രവർത്തിച്ചിരുന്നു. പ്രവാസി കമ്പനിക്ക് കീഴിലുള്ള കേരടെക്ക് കമ്പനിയുടെ അഡിഷണൽ ഡയറക്ടറുമാണ് കെ.വി. അശോകൻ. പ്രവാസി കമ്പനി കൂടാതെ കോവിലകം നിധി ലിമിറ്റഡ്, കോവിലകം സെക്യൂർ ലിമിറ്റഡ്, കൈരളി മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് എന്നീ സ്ഥാപനങ്ങളുടെയും ഭാഗമാണ് കെ.വി. അശോകന്‍. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അശോകന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും ഇഡിയുടെ അന്വേഷണ പരിധിയില്‍ വരും.
Also Read: EXCLUSIVE | തൃശൂർ കേന്ദ്രീകരിച്ച് 800 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; പിന്നിൽ സിപിഎം നേതാവ്
അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പ്രവാസി കമ്പനി ഡയറക്ടർ കണ്ണനാണ് അറസ്റ്റിലായത്. പാവറട്ടി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രവാസി കമ്പനിയിലെ നിക്ഷേപകരുടെ പരാതിയിലാണ് നടപടി. കേസില്‍ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
കൈരളി മള്‍ട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി വഴി വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിച്ചും കെ.വി. അശോകന്‍ കള്ളപ്പണം വെളുപ്പിച്ച് നൽകിയെന്നുമായിരുന്നു ന്യൂസ് മലയാളത്തിന്‍റെ കണ്ടെത്തല്‍. പല തവണകളായി എഴോളം ധനകാര്യ സ്ഥാപനങ്ങൾ രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഓൺലൈൻ ട്രേഡിങ്ങും മറ്റും ഉപയോഗിച്ചാണ് തട്ടിപ്പെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അര ലക്ഷത്തോളം പേരാണ് നിക്ഷേപ തട്ടിപ്പിന് ഇരയായത്. കള്ളപ്പണം വെളുപ്പിക്കാനും വിദേശത്തേക്ക് കടത്താനുമുള്ള സഹായവും മന്ത്രിമാരുമായി ബന്ധങ്ങള്‍ ഉണ്ടാക്കി നല്‍കാമെന്ന വാഗ്ദാനവും അശോകന്‍ നല്‍കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.