ദുബായിൽ പീഡിപ്പിച്ചുവെന്ന് ആരോപണം ഉയർന്ന ദിവസം നിവിൻ പോളി കേരളത്തിലുണ്ടായിരുന്നതിന് തെളിവുകൾ പുറത്തുവിട്ട് സുഹൃത്തുക്കൾ
നടൻ നിവിൻപോളിക്കെതിരായ ബലാത്സംഗക്കേസിൽ നിർണായക വഴിത്തിരിവ്. ദുബായിൽ പീഡിപ്പിച്ചുവെന്ന് ആരോപണം ഉയർന്ന ദിവസം നിവിൻ പോളി കേരളത്തിലുണ്ടായിരുന്നതിന് തെളിവുകൾ പുറത്തുവിട്ട് സുഹൃത്തുക്കൾ. ഈ ദിവസം വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൻ്റെ ഷൂട്ടിലായിരുന്നു നിവിൻ. അന്നേ ദിവസം താമസിച്ചിരുന്ന കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിലെ ബില്ലാണ് സിനിമ പ്രവർത്തകർ പുറത്ത് വിട്ടത്. ഈ ദിവസങ്ങളിൽ എടുത്ത ചിത്രവും പുറത്തുവന്നിട്ടുണ്ട്. വിനീത് ശ്രീനിവാസനൊപ്പമുള്ള നിവിൻ പോളിയുടെ ലൊക്കേഷനിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഡിസംബർ 14 ന് രാത്രി 9.06 നാണ് ഈ ഫോട്ടോകൾ എടുത്തതെന്ന് പ്രോപ്പർട്ടീസിൽ നിന്ന് വ്യക്തമാണ്.
പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളിൽ നിവിൻ പോളി കൊച്ചിയിൽ ഉണ്ടായിരുന്നെന്ന് സംവിധായകൻ പി.ആർ. അരുൺ പറഞ്ഞു. 2023 ഡിസംബർ 14ന് നിവിൻ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു. 15,16 ദിവസങ്ങളിൽ തൻ്റെ വെബ് സീരിയസായ ഫാർമയിൽ അഭിനയിക്കാൻ ആലുവയിൽ എത്തിയെന്നും അരുൺ ന്യൂസ് മലയാളത്തോട് പറഞ്ഞു.
Also Read: ലൈംഗികാതിക്രമക്കേസ്; ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി
ആരോപണമുയർന്ന അന്നു തന്നെ താൻ അതേ ദിവസങ്ങളിൽ കൊച്ചിയിൽ ഉണ്ടായിരുന്നതായും പരാതിക്കാരിയെ താൻ കണ്ടിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ നിവിൻ പോളി പറഞ്ഞിരുന്നു. നിരപരാധിയാണെന്ന് തെളിയിക്കുവാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ വ്യക്തമാക്കിയിരുന്നു. ഏത് ശാസ്ത്രീയ അന്വേഷണത്തിനും സഹകരിക്കാമെന്നും നടൻ അറിയിച്ചിരുന്നു. പരാതിക്കാരിയുടെ ആരോപണത്തിൽ ജാമ്യമില്ല കുറ്റം ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിനെതിരെ കേസെടുത്തിരുന്നത്.
തനിക്കെതിരെയുള്ള പരാതി ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാട്ടി നിവിനും പരാതിക്കാരിക്കെതിരെ പരാതി നൽകിയിരുന്നു. പരാതിക്കാരിയും ഭർത്താവും ഹണിട്രാപ്പ് സംഘത്തിലെ അംഗങ്ങളാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി.
Also Read: ലൈംഗികാതിക്രമക്കേസ് ; ഡിജിപിക്ക് പരാതി നല്‍കാന്‍ നിവിന്‍ പോളി; പിന്നില്‍ ഹണി ട്രാപ് സംഘമെന്ന് ആരോപണം