ഹാക്കിങ്ങ് സാധ്യത പരിശോധിക്കാനായി മെറ്റയ്ക്കും ഗൂഗിളിനും പൊലീസ് മെയിൽ അയച്ചിരുന്നു
മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഹാക്കിങ് കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറും. റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാകും വകുപ്പുതല അന്വേഷണമോ നടപടിയോ വേണമെന്നതിൽ തീരുമാനമുണ്ടാവുക. കെ. ഗോപാലകൃഷ്ണന്റെ ഫോണുകളിൽ നടത്തിയ ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ വാദം തള്ളിയാണ് പൊലീസ് റിപ്പോർട്ട്.
ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ നൽകിയ റിപ്പോർട്ട് സർക്കാരിന് കൈമാറും. ഹാക്കിങ് സാധ്യത പരിശോധിക്കാനായി മെറ്റയ്ക്കും ഗൂഗിളിനും പൊലീസ് മെയിൽ അയച്ചിരുന്നു. ഗോപാലകൃഷ്ണൻ പ്ലേ സ്റ്റോറിൽ നിന്നല്ലാത്ത ആപ്പുകൾ ഫോണിൽ ഉപയോഗിച്ചിട്ടില്ലെന്നാണ് ഗൂഗിളിന്റെ കണ്ടെത്തൽ. ഹാക്കിങ് വാദം തള്ളി മെറ്റയും രംഗത്തെത്തി. മറ്റൊരു ഐപി അഡ്രസിൽ നിന്ന് ഗോപാലകൃഷ്ണന്റെ ഫോൺ ഉപയോഗിക്കപ്പെട്ടിട്ടില്ലെന്ന് ഇൻ്റർനെറ്റ് സേവനദാതാക്കളും വ്യക്തമാക്കുന്നു.
ഇതോടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഗോപാലകൃഷ്ണൻ തന്നെയാണ് ഉണ്ടാക്കിയതെന്ന സംശയം ബലപ്പെട്ടു. ഹാക്കിങ് നടന്നെന്ന ഗോപാലകൃഷ്ണന്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഹിന്ദു ഗ്രൂപ്പിന് പിന്നാലെ ഗോപാലകൃഷ്ണൻ അഡ്മിനായി നിലവിൽ വന്ന മുസ്ലീം ഗ്രൂപ്പിലും ദുരൂഹതയുണ്ട്. ഫോണുകൾ ഫോർമാറ്റ് ചെയ്തതിനാൽ ഫൊറൻസിക് പരിശോധനയിലും കൂടുതൽ വിവരങ്ങൾ കണ്ടെത്താനായില്ല. ഹാക്കിങ് അല്ലെന്ന് തെളിഞ്ഞാൽ ഗോപാലകൃഷ്ണനോട് സർക്കാർ വിശദീകരണം തേടും. സ്വന്തം നിലയ്ക്ക് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് കണ്ടെത്തിയാൽ അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങളുടെ ലംഘനമെന്ന പേരിൽ കടുത്ത നടപടിയുമുണ്ടാകും.