കൂടുതൽ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു
താമരശേരി ഷഹബാസ് വധക്കേസിൽ ഒരു വിദ്യാർഥി കൂടി പിടിയിൽ. പത്താം ക്ലാസുകാരനാണ് പിടിയിലായത്. കൊലയ്ക്ക് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കണ്ടെത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. കൂടുതൽ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു.
പെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പത്താം ക്ലാസുകാരനായ ഷഹബാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് പുലർച്ചയോടെയാണ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്. സംഘർഷത്തിൽ ഷഹബാസിൻ്റെ തലയോട്ടി തകർന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. അടിയുടെ ആഘാതത്തിൽ തലച്ചോർ ഇളകിപോയ നിലയിലായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു.
നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഷഹബാസിന് മർദനമേറ്റതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. സംഘർഷത്തിന് ശേഷം ഷഹബാസിന് പുറമെ പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. വീട്ടിലെത്തിയ ഷഹബാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും, കടുത്ത തലവേദനയാണെന്ന് പറഞ്ഞ് വിശ്രമിക്കുകയായിരുന്നു. പിന്നീട് ഛർദിയെത്തുടർന്ന് അവശനായ ഷഹബാസിനെ ആശുപത്രിയിലെത്തിക്കുന്നത്. കോമ സ്റ്റേജിലായിരുന്ന ഷഹബാസ് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരണത്തിന് പിന്നാലെ അക്രമത്തിന് കാരണക്കാരായ വിദ്യാര്‍ഥികള്‍ നടത്തിയ ഇന്‍സ്റ്റഗ്രാം സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു. കൊല്ലാന്‍ വേണ്ടി ആസൂത്രണം ചെയ്തുവെന്നാണ് ഇവരുട സംഭാഷണത്തില്‍ നിന്നും ലഭിച്ചത്. 'ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കും, ഓന്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണൊന്നും ഇല്ല'യെന്നാണ് കൂട്ടത്തിലെ ഒരു വിദ്യാര്‍ഥി പറഞ്ഞത്. കൂട്ടത്തല്ലില്‍ മരിച്ചു കഴിഞ്ഞാല്‍ പ്രശ്‌നമില്ലെന്നും പൊലീസ് കേസ് എടുക്കില്ലെന്നും പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ഓഡിയോ സന്ദേശത്തിലുണ്ട്.
ALSO READ: അക്രമത്തിൽ ഷഹബാസിന്റെ തലയോട്ടി തകർന്നു; പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക വിവരം പുറത്ത്
അക്രമി സംഘത്തിലെ 3 പേർ കഴിഞ്ഞ വർഷവും കുട്ടികളെ മർദിച്ച കേസിൽ പ്രതികളായിരുന്നുവെന്ന് ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ പറഞ്ഞു. രക്ഷിതാക്കളുടെ പിന്തുണയും സ്വാധീനവും കൊണ്ട് കേസ് പിന്നീട് ഒതുക്കുകയായിരുന്നുവെന്നും പിതാവ് കൂട്ടിച്ചേർത്തു.
പത്തം ക്ലാസ് പരീക്ഷ നടക്കുമ്പോൾ മറ്റ് കുട്ടികളുടെ കൂടെ ഷഹബാസും പരീക്ഷയ്ക്ക് പോകേണ്ടവനായിരുന്നു. പ്രതികളായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നു എന്നറിഞ്ഞപ്പോൾ തളർന്നുപോയി",പിതാവ് ഇക്ബാൽ പറഞ്ഞു. പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചിരുന്നു.