ബജറ്റ് കേരളത്തിന് പ്രതീക്ഷയെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചു
സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മുതൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള വിമർശനങ്ങൾ അടക്കം നിറഞ്ഞു നിന്നതായിരുന്നു രണ്ടാം എൽഡിഎഫ് സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. നവകേരള നിര്‍മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ അതിരൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്.
ജനവിരുദ്ധ ബജറ്റാണ് അവതരിപ്പിച്ചതെന്നായിരുന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. സാധാരണക്കാരൻ്റെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രഖ്യാപനങ്ങൾ ഒന്നുമില്ലെന്നും ചെന്നിത്തല വിമർശിച്ചു. പച്ചക്കള്ളമാണ് ബജറ്റിൻ്റെ ആമുഖത്തിൽ ഉള്ളതെന്നും സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പെൻഷൻ പോലും നൽകിയിട്ടില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.കെ. മുനീർ ആരോപിച്ചു. കാർഷിക മേഖലയെ ബജറ്റിൽ പരിപൂർണമായി വെട്ടിച്ചുരുക്കിയെന്നാണ് കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് എംഎൽഎയുടെ വിമർശനം.
ഭൂനികുതി ഉയർത്തിയും കോടതി ഫീസ് വർധിപ്പിച്ചും നിക്ഷേപ സൗഹൃദത്തിലൂടെയും അധിക വിഭവ സമാഹരണം. പിന്നെ വരുമാനം നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്ന കിഫ്ബി പദ്ധതികളും. ഇതാണ് കേന്ദ്രം മുഖം തിരിക്കുമ്പോൾ കേരളത്തിൻ്റെ പ്ലാൻ ബി. പക്ഷേ, പ്ലാൻ ബി എന്നാൽ വെട്ടിക്കുറയ്ക്കൽ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പരിഹാസം. ബജറ്റിന് കൃത്യമായ രൂപമില്ല, വിശ്വാസ്യതയില്ല, യാഥാർഥ്യബോധമില്ല എന്നതടക്കം വലിയ വിമർശനമാണ് പ്രതിപക്ഷം ധനമന്ത്രി കെ.എൻ. ബാലഗോപാലിന് എതിരെ ഉയർത്തിയത്. നികുതി പിരിവിൽ പരാജയപ്പെട്ട സർക്കാരാണിത്. നികുതി വർധന ആളുകളെ പിഴിയാനാണ്. ഈ ഭരണം കേരളത്തെ 20 വർഷം പിന്നിലാക്കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
ബജറ്റ് നിരാശാജനകമാണെന്നും മൈതാന പ്രസംഗമാണെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രതികരണം. കാർഷിക മേഖലയെ പിന്തുണയ്ക്കാത്ത പ്രവാസികളെ തഴഞ്ഞ ബജറ്റെന്നും സുരേന്ദ്രൻ വിമർശിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണനയാണ് സംസ്ഥാനം നേരിടുന്നതെന്നാണ് ബജറ്റിൽ സംസ്ഥാനം പറഞ്ഞു വച്ചത്. തനത് വരുമാനം കൂടിയിട്ടും കേന്ദ്രവിഹിതത്തിലെ കുറവ് നിത്യച്ചെലവുകൾക്ക് പോലും തടസമായി. കൂടുതൽ തനത് പദ്ധതികൾ നടപ്പാക്കിയും വിഭവസമാഹരണത്തിലൂടെയുമാണെന്നും ബജറ്റിൽ കേന്ദ്ര അവഗണനയെ ചൂണ്ടിക്കാട്ടി പ്രതിപാദിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ബജറ്റിനെതിരെയുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിമർശനം.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോകുന്ന സമീപനമാണ് ബജറ്റില്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ കുറിപ്പിലൂടെ പ്രതികരിച്ചത്. ബജറ്റ് കേരളത്തിന് പ്രതീക്ഷയെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും പ്രതികരിച്ചു. അർഹമായത് തരാത്ത കേന്ദ്ര നിലപാടിലും സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞത്. വരുന്ന സാമ്പത്തിക വര്‍ഷം കേരളം 20000 കോടി രൂപയുടെ വളർച്ച കൈവരിക്കും എന്നാണ് പ്രതീക്ഷയെന്ന് ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെ.എൻ. ബാലഗോപാലും പറഞ്ഞു.